Subscribe Us



പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ അവകാശസമര പോരാട്ടത്തിന് പിന്തുണയുമായി നല്ല ഇടയൻ

പാലാ: പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ അവകാശസമര പോരാട്ടത്തിന് പിന്തുണയുമായി നല്ല ഇടയൻ. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനാണ് പൊരിവെയിലിൽ സമരക്കാർക്കു പിന്തുണയുമായി എത്തിയത്. പട്ടികജാതികളിലെ ക്രൈസ്തവരെ പട്ടികജാതി സംവരഞത്തിന് അർഹരാക്കുക, മതവിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യവ്യാപകമായി സംഘടിപ്പിച്ച ദേശീയപ്രതിഷേധ ധർണ്ണയുടെ ഭാഗമായി ഡി സി എം എസ്, സി ഡി സി, കെ സി സി എന്നിവയുടെ നേതൃത്വത്തിൽ പാലാ ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത ശേഷം സമരക്കാർ പിരിഞ്ഞുപോകും വരെയും അദ്ദേഹം സമരക്കാർക്കൊപ്പം സമരത്തിൽ പങ്കാളിയായി.

അർഹതയുള്ളവരോട് കരുണ കാണിക്കാൻ സർക്കാർ തയ്യാറാകണമെന്ന്  കെ സി ബി സി എസ് സി എസ് ടി ബി സി കമ്മീഷൻ ചെയർമാൻ കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു. പ്രതീകാത്മക സമരത്തിൽ ഫാ ജോസ് വടക്കേക്കുറ്റ്, പി ഒ പീറ്റർ, അലോഷ്യസ് കെ, സെലിൻ ജോസ് എന്നിവർ പ്രസംഗിച്ചു.

തുല്യനീതി നടപ്പാക്കുക, 1950 ലെ പ്രസിഡൻഷ്യൽ ഓർഡർ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു. ക്രിസ്തുമതം സ്വീകരിച്ചുവെന്നതിൻ്റെ പേരിൽ തങ്ങൾ മത വിവേചനം നേരിടുകയാണെന്ന് സമരക്കാർ കുറ്റപ്പെടുത്തി. തങ്ങളുടെ ദുരവസ്ഥ മനസിലായിട്ടും സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ഇവർ ഉന്നയിച്ചു. നാളുകളായി വിവിധ വിഷയങ്ങൾ ഉന്നയിച്ചു പരാതികൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തിട്ടും തങ്ങളോടുള്ള കടുത്ത വിവേചനം തുടരുകയാണെന്നും സമരക്കാർ കുറ്റപ്പെടുത്തി.

Post a Comment

0 Comments