ഗാന്ധിജിയുടെ ഓര്മകളെ കൂടി വെടിവെച്ച് വീഴ്ത്തുകയും ആ അര്ധനഗ്നനായ, നിരായുധനായ ഫക്കീറിനെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ചരിത്ര സന്ധിയിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഗാന്ധി ഘാതകനുപോലും വീരപരിവേഷം നൽകുമ്പോൾ രാജ്യം കൂടുതല് ഇരുട്ടിലേക്ക് നീങ്ങുകയാണ്.
ഗാന്ധിജിയെ കുറിച്ചുള്ള ഓര്മകള് പോലും വലിയ പ്രതിരോധമായി മാറിക്കൊണ്ടിരിക്കുകയാണ്. അഹിംസ ആചരിക്കുകയെന്നത് ദൗര്ബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. നോണ്- വയലന്സ് എന്നത് കേവലമായ അക്രമത്തില് നിന്ന് വിട്ടു നില്ക്കല് മാത്രമല്ല. അതൊരു മാനസികാവസ്ഥയാണ്. സമാധാനത്തില് നിന്ന് അതിവേഗം അകന്നു കൊണ്ടിരിക്കുകയും ദുരയിലും അതിവേഗത്തിലും അകപ്പെട്ടു പോകുകയും ചെയ്ത ലോകത്തിനുള്ള രക്ഷാ മാര്ഗമാണ് അത്. സൗഹൃദത്തിന്റെ കരുതലാണത്. രാഷ്ട്ര വിഭജനത്തിന്റെ നാളുകളില് ഗാന്ധി ഏകാന്തപഥികനായി നടത്തിയ പ്രതിരോധങ്ങള് എത്രമാത്രം അര്ഥവത്തായിരുന്നുവെന്ന് യുദ്ധോത്സുകതയുടെ ഈ കാലഘട്ടത്തിൽ നാം തിരിച്ചറിയേണ്ടതുണ്ട്.
ലോകത്തെ എല്ലാ വിപ്ലവങ്ങള്ക്കും പ്രതീകങ്ങളുണ്ട്. അവയില് പലതും വിശദീകരിക്കുക ദുഷ്‌കരമാണ്. ലോകത്തെ ഏറ്റവും ലളിതവും ശക്തവുമായ സമര പ്രതീകമാണ് ഗാന്ധിജി സമ്മാനിച്ചത്. ഒരു കടല്ത്തീരത്തെ/ ഒരു കുമ്പിള് വെള്ളത്തില്/ ഒരു മഹാ ഗര്ജനം കേട്ടു/ ഒരു പിടിയുപ്പിന്റെ ഉപ്പ് വിയര്പ്പിലും രുധിരത്തിലും തുടിച്ചൂ എന്നാണ് കവി പാടിയത്. ഉപ്പ് എല്ലാവരുടെയും പ്രശ്‌നമാണ്. ഉപ്പ് സത്യഗ്രഹത്തോളം വിശാലമായ ഒരു സമരമുഖം ഇന്നോളം ഭൂമുഖത്തുണ്ടായിട്ടില്ല.
ഗാന്ധി സ്മാരകമെന്നത് കേവലം സ്മാരകശിലകൾ മാത്രമല്ല, അതിലുമുപരിയായി ലോകത്തിനു തന്നെ മാതൃകയായ അപൂർവ്വങ്ങളിൽ അപൂർവ്വമായ മഹത് വ്യക്തിത്വത്തെക്കുറിച്ചുള്ള എക്കാലത്തേയ്ക്കുമുള്ള ഓർമ്മകളാണ്. ഒപ്പം സ്വാതന്ത്ര്യ സമര ഭടന്മാരുടെ ജ്വലിക്കുന്ന ഓർമ്മകളും. ഗാന്ധിജിയെപ്പോലൊരാൾ ലോക ചരിത്രത്തിൽ ഗാന്ധിജിക്കു മുമ്പോ ശേഷമോ ഉണ്ടായിട്ടില്ലെന്നതിലാണ് ഗാന്ധിജിയുടെ പ്രസക്തി.
ഓരോ സ്മാരകങ്ങളും അവരവരുടെ പ്രവർത്തനങ്ങളെയാണ് പൊതുസമൂഹത്തെ നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഹിറ്റ്ലറിൻ്റെ സ്മാരകം ഹിറ്റ്ലറുടെ ചെയ്തികളെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കുമ്പോൾ മദർ തെരേസയുടെ സ്മാരകം മദറിൻ്റെ പ്രവർത്തനങ്ങളെയും ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കും എപ്പോഴും.
നമ്മുടെ പാലായിൽ ഗാന്ധി ചിത്രത്തിനു കീഴിലിരുന്നാണ് ചിലർ ജനാധിപത്യത്തിൻ്റെ മറവിൽ ഗാന്ധിജി ആരാണെന്ന ചോദ്യമുതിർത്തുകൊണ്ടിരിക്കുന്നത്. എന്താണ് ഗാന്ധിജിക്കു ഈ ലോകത്തുള്ള പ്രസക്തി എന്നറിയാത്തവരാകാം ഒരു പക്ഷേ ഇവർ. എന്നാൽ ഗാന്ധിജിയുൾപ്പെടെയുള്ളവരുടെ ത്യാഗത്തിൻ്റെ ഫലമാണ് തങ്ങളുടെ കസേരകൾ എന്നു ഇവർ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടാവുമോ ആവോ?
ഗാന്ധിജി എന്നത് നോട്ടിൽ കാണുന്നതും സ്വാതന്ത്ര്യസമരമെന്നത് സ്കൂളിൽ ചെറുപ്പകാലത്ത് മാർക്കു കിട്ടാൻ മന:പാഠമാക്കിയതുമല്ലാതെ ഒന്നും ഇവർക്കറിയില്ലായിരിക്കാം. ഒരു പക്ഷേ, അതുമാവാം കാരണം.
എന്തായാലും ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞ തലമുറയിൽപ്പെട്ടവർ വളരെക്കൂടുതൽ ഉള്ളവരുടെ കാലഘട്ടത്തിലൂടെയാണ് ഒട്ടേറെ മഹാരഥന്മാരുണ്ടായിരുന്ന പാലാ ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് കാലം തെളിയിച്ചുകഴിഞ്ഞു.
എബി ജെ ജോസ്
ചെയർമാൻ
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ
പാലാ - 686575
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.