Subscribe Us



കോടിയേരിയുടേത് ഇടതു രാഷ്ട്രീയത്തിനു നിരക്കാത്ത പ്രസംഗം: ജി.ദേവരാജന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ്സിന്‍റെ നേതൃത്വത്തില്‍ മത ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ ആരുമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗം ഇടതു രാഷ്ട്രീയത്തിനു നിരക്കാത്തതും വര്‍ഗ്ഗീയ ചേരിതിരിവ്‌ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍. 

ഓരോ പാര്‍ട്ടിയും മറ്റു പാര്‍ട്ടികളെ വിമര്‍ശിക്കേണ്ടത്‌ അവരുടെ നയപരവും രാഷ്ട്രീയവുമായിട്ടുള്ള നിലപാടുകളുടെ അടിസ്ഥാനത്തിലായിരിക്കണം. നേതൃ സ്ഥാനത്തുള്ളവരുടെ ജാതിയും മതവും നോക്കി വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയുടെ ഭാഗവും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുള്ളതുമാണ്. ഒരു ഇടതു പാര്‍ട്ടിയ്ക്കും ഇപ്രകാരം ചിന്തിക്കാന്‍ കഴിയില്ല. കോര്‍പ്പറേറ്റ്-സമ്പന്നവര്‍ഗ്ഗ താത്പര്യങ്ങളുടെ സംരക്ഷകരായി കേരളത്തിലെ സിപിഎം മാറിക്കൊണ്ടിരിക്കുന്നൂവെന്ന പൊതുവിമര്‍ശനം നിലനില്‍ക്കെ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ ഇടതുസ്വഭാവം നഷ്ടപ്പെടുത്തും. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രക്കമ്മിറ്റി നിലപാട് വ്യക്തമാക്കണം 

കഴിഞ്ഞ കുറേക്കാലമായി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തേയും യു.ഡി.എഫിനെയും വിമര്‍ശിക്കുന്നതിനായി പച്ചയായ വര്‍ഗ്ഗീയതയാണ് പ്രസംഗിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഹസ്സന്‍-അമീര്‍-കുഞ്ഞാലിക്കുട്ടി കൂട്ടുകെട്ടാണ് യുഡിഎഫിനെ നിയന്ത്രിക്കുന്നതെന്നും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്‌ വിഷയത്തിലും വഖഫ് വിഷയത്തിലും മുസ്ലിം ലീഗിന്‍റെ നിലപാടിനെ യുഡിഎഫ് പിന്തുണച്ചപ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്നും, കെ.റെയിലിനെതിരായ സമരം യുഡിഎഫ് ഏറ്റെടുത്തപ്പോള്‍ സമരത്തില്‍ ആര്‍.എസ്സ്.എസ്സും ജമാഅത്തെ ഇസ്ലാമിയും നേതൃസ്ഥാനത്ത് വന്നിരിക്കുന്നൂവെന്ന പച്ചക്കള്ളവും പറഞ്ഞത് വര്‍ഗ്ഗീയ ചേരിതിരിവ്‌ ലക്ഷ്യമിട്ടുകൊണ്ടുതന്നെ ആയിരുന്നു. നാലു വോട്ടിനു വേണ്ടി വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നത് ജനസംഖ്യാപരമായി ന്യൂനപക്ഷങ്ങള്‍ക്കും തുല്യപ്രാധാന്യമുള്ള കേരളം പോലെയുള്ള സംസ്ഥാനത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അത്തരം ഹീന രാഷ്ട്രീയത്തില്‍ നിന്നും കേരളത്തിലെ സിപിഎം പിന്‍മാറണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments