Subscribe Us



പാലാ ടൗണിൽ അശ്രദ്ധമായി ഓടിച്ച രണ്ട് വാഹനങ്ങൾ ഇടിച്ചു ഓട്ടോയും കാറും തകർന്നു

പാലാ: അശ്രദ്ധമായി വാഹനം ഓടിച്ചതിനെത്തുടർന്നു ഇന്നലെ പാലാ ടൗണിൽ രണ്ടു വാഹനാപകടങ്ങൾ. ഈരാറ്റുപേട്ട റൂട്ടിൽ കാനറ ബാങ്കിനു മുന്നിൽ അമിതവേഗതയിൽ യുവതി ഓടിച്ച വാഹനം നിയന്ത്രണം വിട്ട് സ്റ്റാൻ്റിൽ പാർക്കു ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തകർത്തു.
വൈകിട്ടു ആറു മണിയോടെയായിരുന്നു സംഭവം. 

പുലർച്ചയോടെ തടി കയറ്റിവന്ന ലോറിയിലെ ഡ്രൈവർ ഉറങ്ങിപ്പോയതിനെത്തുടർന്നു കിഴതടിയൂർ ബാങ്കിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാർ ഇടിച്ചു തകർത്ത ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു തകർത്തു. 
ഇരു അപകടങ്ങളിലും ഇടി കൊണ്ട വാഹനങ്ങളിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. ഡ്രൈവറും സുഹൃത്തും സംസാരിച്ച ശേഷം ഓട്ടോയിൽ നിന്നും പുറത്തിറങ്ങിയ ഉടനെയാണ് അമിതവേഗതയിൽ യുവതി ഓടിച്ച വാഹനം സ്റ്റാൻ്റിലേയ്ക്കുപാഞ്ഞു കയറിയത്. രാമപുരം സ്വദേശികളായ വനിതകൾ കാർ നിർത്തി തൊട്ടടുത്ത കടയിൽ മരുന്നു വാങ്ങാൻ പോയ സമയത്താണ് ലോറി പാഞ്ഞുകയറി കാർ ഇടിച്ചു തകർത്തത്.
ഈരാറ്റുപേട്ട റൂട്ടിൽ അപകടത്തിനിടയാക്കിയ ക്രെറ്റ കാർ ഓടിച്ച യുവതിയും പിന്നീട് എത്തിയവരും ഓടിക്കൂടിയ നാട്ടുകാരോട് അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. അപകടത്തിൽപ്പെട്ട വാഹനത്തെ ശ്രദ്ധിക്കാതെ അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന നായയെ പരിപാലിക്കാൻ മാത്രം ശ്രമിച്ചതിൽ നാട്ടുകാർ അമർഷം രേഖപ്പെടുത്തി. 

ഓട്ടോ പൂർണ്ണമായും പണിതു നൽകാമെന്ന വ്യവസ്ഥയിൽ കേസില്ലായെന്ന് പാലാ പോലീസ് സ്റ്റേഷനിൽ വച്ച് എഴുതി വാങ്ങിക്കുകയും ചെയ്തത്രെ. എന്നാൽ നിത്യവൃത്തിക്കുള്ള തൊഴിൽ എന്ന നിലയിൽ ഓട്ടോ ഓടിക്കുന്ന ഡ്രൈവർക്കു വാഹനം പണിയാനുള്ള ദിവസങ്ങളിലെ വരുമാന നഷ്ടം നികത്താൻ ഇവർ തയ്യാറായിട്ടില്ലെന്നറിയുന്നു. സാരമായി കേടുപാടുകൾ സംഭവിച്ച ഓട്ടോറിക്ഷാ പണിതിറക്കിയാലും കാര്യമായ പ്രയോജനമുണ്ടാവാനിടയില്ലെന്നു വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. അപകടമുണ്ടായ ഉടൻ പാലാ സ്റ്റേഷനിൽ വിളിച്ചറിയിച്ചിട്ടും മൂക്കിനു താഴെയുള്ള സ്ഥലമായിട്ടും പോലീസ് എത്തിയില്ലെന്നു നാട്ടുകാർ പറഞ്ഞു.


Post a Comment

0 Comments