പാലാ: മന്ത്രിയും പരിവാരങ്ങളും ദേശീയപതാകയുടെ മഹത്വം മറക്കുമ്പോൾ ചേർപ്പ് സി എൻ എൻ ഹൈസ്ക്കൂളിലെ വിവേക് അടക്കമുള്ള പുതുതലമുറ ദേശാഭിമാനത്താൽ കോരിത്തരിപ്പിക്കുന്ന കാഴ്ചയാണ് ഇത്തവണ റിപ്പബ്ളിക് ദിനം സമ്മാനിച്ചത്.
മന്ത്രി അഹമ്മദ് ദേവർ കോവിൽ കാസർകോഡ് തലകീഴായി ദേശീയപതാക ഉയർത്തിയപ്പോൾ തല താഴ്ത്തപ്പെട്ട കേരള സമൂഹത്തിന് രാജ്യാഭിമാനത്തിൻ്റെ വെള്ളിവെളിച്ചം തെളിച്ചത് തൃശൂർ ജില്ലയിലെ ചേർപ്പ് സി എൻ എൻ ബോയിസ് ഹൈസ്ക്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ വിവേകും സഹപാഠികളുമാണ്.
തൻ്റെ കുടിലിനു മുന്നിൽ മരക്കൊമ്പു കൊണ്ടു തയ്യാറാക്കിയ കൊടിമരത്തിൽ ദേശീയപതാക ഉയർത്തിയത് വിവേകിൻ്റെ വല്യമ്മയാണ്. ഒപ്പം വിവേകും ഏതാനും കുട്ടികളും. വല്യമ്മ മനസിൽ നിന്നുള്ള തിരിച്ചറിവിൻ്റെ ആവേശത്തിൽ ദേശീയപതാക വാനിലേയ്ക്ക് ഉയർത്തിയപ്പോൾ കൂടി നിന്ന കുട്ടികൾക്കാവേശമായി. അതിൽ ഏറ്റവും കുരുന്ന് തുള്ളിച്ചാടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറൽ ആയപ്പോൾ ഓരോ ദേശസ്നേഹിയും കോരിത്തരിച്ചു. ദേശീയപതാക വാനിലുയർത്തിക്കഴിഞ്ഞപ്പോൾ ഭാരത് മാതാ കീ ജയ് വിളിച്ചു കൊണ്ടാണ് കുരുന്നുകൾ തങ്ങളുടെ ദേശസ്നേഹം പ്രകടിപ്പിച്ചു കൊണ്ട് റിപ്പബ്ളിക് ദിനം ആഘോഷിച്ചത്. ആരവങ്ങളില്ലാതെ, അകമ്പടികളില്ലാതെ, പൊതുപണം ചെലവൊഴിക്കാതെ ഓരോ രാജ്യസ്നേഹിക്കും ആവേശം പകരാൻ ഈ റിപ്പബ്ളിക് ദിനത്തിൽ വിവേകിനും കൂട്ടുകാർക്കും സാധിച്ചു.
വിവേക് മാത്രമല്ല ചേർപ്പ് സ്കൂളിലെ നിരവധി കുട്ടികൾ തങ്ങളുടെ വീടുകളിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചതായി സ്കൂളിൻ്റെ ഫേസ്ബുക്ക് പേജ് സാക്ഷ്യപ്പെടുത്തുന്നു. ഓരോരുത്തരും അവരവരുടെ രീതിയിലാണ് ആഘോഷം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ പ്രവീൺകുമാർ അടക്കമുള്ള അധ്യാപകരുടെ പ്രേരണയാണ് വിദ്യാർത്ഥികൾക്കു ആവേശം പകരാൻ ഇടയാക്കിയത്. ദേശാഭിമാനവും ദേശസ്നേഹവും കുറഞ്ഞു വരുന്ന കാലഘട്ടത്തിൽ പുതിയ പ്രതീക്ഷയാണ് ചേർപ്പ് സ്കൂൾ രാജ്യത്തിന് പകർന്നു നൽകുന്നത്.
1916 ജൂൺ 16ന് ചിറ്റൂർ മനയിലെ ആരാ തമ്പുരാൻ ആണ് ചേർപ്പ് സി എൻ എൻ സ്കൂളിന് തുടക്കമിട്ടത്. പുരാതന ഗ്രാമമായ പെരുവനത്തെ ആദ്യ വിദ്യാലയമാണിത്. ചിറ്റൂർ മനയിലെ ആറാം തമ്പുരാൻ ബ്രഹ്മശ്രീ ചിറ്റൂർ നാരായണൻ നമ്പൂതിരിപ്പാടായിരുന്നു. സ്ഥാപകൻ്റെ പേര് സ്കൂളിന് നൽകുകയായിരുന്നു. 1920 ൽ ആണ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്. മിക്സഡ് സ്കൂൾ ആയിരുന്നുവെങ്കിലും 1961 ൽ ബോയ്സ് സ്കൂൾ, ഗേൾസ് സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിച്ചു. 1986 ൽ ചിറ്റൂർ മനയിൽ നിന്നും സഞ്ജീവനി സമിതി എന്ന ചാരിറ്റബിൾ ട്രസ്റ്റ് സ്കൂളിൻ്റെ ഭരണം ഏറ്റെടുത്തു. വിവിധ മേഖലകളിലെ നിരവധി വ്യക്തികൾ ഈ സ്കൂളിൽ പഠിച്ചിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.