തിരുവനന്തപുരം: എം.വി. ശ്രേയാംസ് കുമാറിന്റെ നിലവിലെ രാജ്യസഭാ സീറ്റ് ഏകപക്ഷീയമായി പിടിച്ചെടുത്തത് ഏകാധിപത്യപരവും മുന്നണി മര്യാദകളുടെ ലംഘനവുമാണെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
2009-ൽ എം പി വീരേന്ദ്രകുമാറിന് അവകാശപ്പെട്ട കോഴിക്കോട് ലോക്സഭാ സീറ്റ് പിടിച്ചടക്കിയതിന്റെ തനിയാവർത്തനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രമുഖ നേതാക്കളെ ഒഴിവാക്കിയാണ് കോൺഗ്രസ് വീരേന്ദ്രകുമാറിനും ജോസ് കെ.മാണിയ്ക്കും രാജ്യസഭാ സീറ്റ് നൽകിയത്. അത് തുടർന്നുവെന്നല്ലാതെ പുതിയതായി ഒന്നും അവർക്ക് സി പി.എം നൽകിയിരുന്നില്ല.
എൻസിപി യുടെ സിറ്റിംഗ് സീറ്റായ പാലാ നിയമസഭാ സീറ്റ് ഒരു ചർച്ചയും കൂടാതെ പിടിച്ചടക്കിയതിന്റെ പ്രതിഷേധമാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ മാണി സി കാപ്പന്റെ വിജയത്തിൽ കലാശിച്ചത്. ജോസ് കെ മാണി വിജയിക്കണമെന്ന് സി പി എം ന് ഒരു ആഗ്രഹവും ഉണ്ടായിരുന്നില്ല. സി പി എം പ്രാദേശിക നേതാക്കൾ ജോസ് കെ.മാണിക്കെതിരെ പ്രവർത്തിച്ചിരുന്നു.
കല്പറ്റയിൽ എം.വി. ശ്രേയാംസ് കുമാറിനെതിരെ സി പി എം ജില്ലാ നേതാക്കൾ വരെ പരസ്യമായി രംഗത്തുണ്ടായിരുന്നു. എം.വി. ശ്രേയാംസ് കുമാറിനും ജോസ് കെ.മാണിക്കുമെതിരെ പ്രവർർത്തിച്ചവർക്കെതിരെ സി പി എം ഒരു അന്വേഷണമോ നടപടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതേസമയം, തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചില്ലെന്നതിന്റെ പേരിലാണ് ജി. സുധാകരൻ, വി.കെ. മധു എന്നിവർക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്.
എൽ ഡി എഫിൽ ഘടക കക്ഷികൾക്കെല്ലാം മന്ത്രി സ്ഥാനം നൽകിയപ്പോൾ എം.വി. ശ്രേയാംസ് കുമാറിന്റെ ലോക് താന്ത്രിക് ജനതാദളിന് മാത്രം മന്ത്രി സ്ഥാനം നൽകിയില്ല. എം.വി. ശ്രേയാംസ് കുമാറിന്റെ രാജ്യസഭാ സീറ്റ് ചൂണ്ടിക്കാട്ടിയാണ് കെ.പി.മോഹനനെ മന്ത്രി സ്ഥാനത്തു നിന്നും ഒഴിവാക്കിയത്.
നിയമസഭാ തെരഞടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട ലോക് താന്ത്രിക് ജനതാദളിലെ ഷെയ്ക്ക് പി.ഹാരീസിനെ ഇപ്പോൾ വീരോചിതമായി സി പി എം -ൽ ചേർത്തത് ശ്രേയാംസ് കുമാറിനെ അപമാനിക്കുന്നതിനു കൂടിയാണെന്നും ചെറിയാൻ ഫിലിപ്പ് കുറ്റപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.