പാലാ: പാലായിലെ വൈദ്യുതി തടസ്സങ്ങൾക്കു ശ്വാശ്വത പരിഹാരമാകുമെന്നു കൊട്ടിഘോഷിച്ചുകൊണ്ട് സ്ഥാപിച്ച ഏരിയൽ ബഞ്ചഡ് കേബിൾ അഥവാ ഏ ബി സി കേബിൾ സിസ്റ്റം പാലാക്കാർക്കു ദുരിതമായി. ഏതാനും ദിവസങ്ങളായി പാലായിൽ നിരന്തരം വൈദ്യുതി തടസ്സങ്ങൾ രൂക്ഷമായി. വേനൽ രൂക്ഷമായതോടെ പാലായിലെ ജനങ്ങളും വ്യാപാരികളും പൊറുതിമുട്ടുകയാണ്. പരീക്ഷകളും മോഡൽ പരീക്ഷകളും ഓൺലൈൻ ക്ലാസുകളുമുള്ള വിദ്യാർത്ഥികളും ദുരിതത്തിലായി.
പാലായിലും പരിസര പ്രദേശങ്ങളിലും നിരന്തരമുണ്ടായിക്കൊണ്ടിരിരുന്ന വൈദ്യുതി തടസ്സങ്ങൾ ഇല്ലാതാകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. മരക്കമ്പുകളും മറ്റും വീണ് ലൈൻ പൊട്ടിവീഴുന്നതും തകരാറാകുന്നതും ഇല്ലാതാകുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇവയൊക്കെ വീണാലും കേബിൾ സ്ഥാപിച്ചിട്ടുള്ളതിനാൽ ലൈൻ തകരാർ ആകുകയില്ലെന്നതും ആശ്വാസമായിരുന്നു. കേബിൾ സ്ഥാപിക്കുന്നതിനായി നിരന്തരം വൈദ്യുതി തടസ്സപ്പെടുത്തിയിരുന്നുവെങ്കിലും പ്രശ്ന പരിഹാരമുണ്ടാകുമല്ലോ എന്ന ചിന്തയിൽ ആളുകൾ സഹിച്ചു.
കേബിൾ സ്ഥാപിച്ചതോടെ വൈദ്യുതി വകുപ്പിനും നേട്ടമായി. പരിപാലന ചിലവും തകരാർ പരിഹരിക്കലും കുറവായതോടെ അതിനുള്ള ചിലവുകളും വൈദ്യുതി വകുപ്പിനു ഒഴിവായിക്കിട്ടി. കേബിൾ ആയതിനാൽ പ്രസരണ നഷ്ടത്തിലും കുറവുണ്ടായി. ഇതും കെ എസ് ഇ ബിയ്ക്കു ഏറെ ലാഭമായി. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വൈദ്യുതി ഓഫീസുകളിലൊന്നാണ് പാലാ. കുടിശ്ശികകാരുടെ എണ്ണം ഏറെ കുറവുള്ളതും ഇവിടെ തന്നെയാണ്.
എന്നാൽ എല്ലാ പ്രതീക്ഷകളും തകർത്തു കൊണ്ട് ഏതാനും നാളുകളായി വൈദ്യുതി തകരാറുകൾ വ്യാപകമായി. കേബിളിലോ ബ്രിഡ്ജിംഗിലോ തകരാറുണ്ടായാൽ കണ്ടെത്താൻ സാധിക്കാതെ വരുന്നതോടെ വൈദ്യുതി തടസ്സങ്ങളുടെ ദൈർഘ്യവും വർദ്ധിച്ചു. എവിടെയെങ്കിലും തകരാർ സംഭവിച്ചാൽ ഫീഡറുകൾ അപ്പാടെ ഓഫ് ചെയ്തു പരിശോധന നടത്തേണ്ട അവസ്ഥയാണുള്ളത്. ഓരോ ഫീഡറും ഓഫാക്കി പരിശോധിക്കേണ്ടി വരുമ്പോൾ ഒട്ടേറെ പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടുന്നു. തകരാർ കണ്ടെത്താൻ വൈകുന്തോറും വൈദ്യുതി തടസ്സങ്ങളും നീളും. തകരാർ കണ്ടെത്തിയാലും പരിഹരിക്കുന്നതുവരെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുകയാണ്.
ഏ ബി സി കേബിൾ സ്ഥാപിക്കുന്ന കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലം മാറി പോയപ്പോൾ പകരം വന്ന ഉദ്യോഗസ്ഥർക്കുള്ള പരിചയക്കുറവും തകരാർ കണ്ടെത്താൻ വൈകാൻ ഇടയാക്കിയിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കളുടേതടക്കം ഒട്ടേറെ കണക്ഷനുകൾ ഉള്ള പാലായിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും പ്രശ്നം പരിഹരിക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുണ്ട്.
തകരാറുകൾ ഉടൻ കണ്ടെത്താനും പരിഹരിക്കാനുമുള്ള നടപടികൾ ഉണ്ടാവാത്തപക്ഷം പാലായിൽ വൈദ്യുതി തടസ്സങ്ങൾ വ്യാപകമാകാനുള്ള സാധ്യതയിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. ആവശ്യത്തിനു ജീവനക്കാരെ നിയോഗിച്ചു പ്രശ്ന പരിഹാരം കണ്ടെത്താൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.