പാലാ: നഗരത്തിലും സമീപ പ്രദേശങ്ങളിലും പൊലീസ് റോഡുകളിലുടനീളം പൊലീസ് ഉണ്ടെങ്കിലും അവശ്യസമയത്ത് പാലാ പൊലീസ് എത്താറില്ലെന്ന് ആക്ഷേപം. ഇന്ന് ഉച്ചയോടെ പാലാ പൊലീസ് സ്റ്റേഷനു സമീപം മദ്യപൻ കാർ ഓടിച്ചുണ്ടാക്കിയ അപകടസ്ഥലത്തും അവശ്യ സമയത്ത് പൊലീസ് എത്തിയില്ലെന്ന പരാതി ഉയർന്നു. കെ എസ് ആർ ടി സി ബസ് സ്റ്റാൻ്റിനു മുമ്പിലെ ഓട്ടോ സ്റ്റാൻ്റിൽ മദ്യപൻ്റെ വാഹനം ഇടിച്ച് ഓട്ടോറിക്ഷാകൾ തകരുകയും വഴിയാത്രക്കാരായ യുവതികൾക്കു പരിക്കേൽക്കുകയും ചെയ്തു. ഏതാനും വാര അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ വിളിച്ചറിയിച്ചിട്ടും പൊലീസ് എത്തിയില്ലെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ മദ്യക്കുപ്പികൾ കണ്ടെന്നും പൊലീസ് വരാൻ താമസിച്ചതിനാൽ അവ എടുത്തു മാറ്റിയെന്നും നാട്ടുകാർ പരാതിപ്പെട്ടു.
കഴിഞ്ഞ മാസം ഈരാറ്റുപേട്ട റൂട്ടിൽ കാനറാ ബാങ്കിനു മുമ്പിലെ ഓട്ടോസ്റ്റാൻറിൽ ഉണ്ടായ അപകടത്തിൽ ഒരു ഓട്ടോ തകർന്നിരുന്നു. ഒരു യുവതി അമിത വേഗതയിൽ വാഹനം ഓടിച്ചു കൊണ്ടുവരുന്നതിനിടെ ഒപ്പം ഉണ്ടായിരുന്ന നായക്കുട്ടിയെ തലോടിയപ്പോൾ നിയന്ത്രണം വിട്ട് കാർ ഓട്ടോ സ്റ്റാൻ്റിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു. അന്നും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവെങ്കിലും പൊലീസ് എത്തിയതേ ഇല്ലെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇവിടെ നിന്നും അരക്കിലോ മീറ്റർ ദൂരം പോലും സ്‌റ്റേഷനിലേക്ക് ഉണ്ടായിരുന്നില്ല.
കഴിഞ്ഞ ആഴ്ച കാനാട്ടുപാറയിൽ ഗർഭിണിയെ ആക്രമിച്ച സംഭവസ്ഥലത്തെത്തിയ പൊലീസ് വിവരം ആരായുകയായിരുന്ന പ്രാദേശിക വാർത്താ ചാനൽ പ്രതിനിധിയായ പ്രിൻസ് ജോർജിനെതിരെ തിരിയുകയായിരുന്നുവെന്ന് പ്രിൻസ് തന്നെ പരാതി ഉന്നയിച്ചിട്ടുണ്ട്. സി പി ഐ എം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പ്രിൻസ് തിരിച്ചറിയൽ കാർഡു കാണിച്ചതിനു ശേഷമാണ് പൊലീസ് അടങ്ങിയത്. ഈ സമയത്തും യഥാർത്ഥ അക്രമികൾ ആക്രോശം നടത്തി സമീപത്തുണ്ടായിരുന്നു. പൊലീസ് ഇടപെടൽ വൈകിയതോടെ പ്രതികൾ രക്ഷപെടുന്ന സാഹചര്യവും ഉണ്ടായി. പ്രിൻസ് പകർത്തിയ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും പത്രമാധ്യമങ്ങൾ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രക്ഷപെട്ട പ്രതികളെ പൊലീസ് പിടികൂടിയത്.
എന്നാൽ അവശ്യ ഘട്ടങ്ങളിൽ എത്തിച്ചേരാനുള്ള വാഹനങ്ങളില്ലാത്തതാണ് കാരണമെന്നാണ് പൊലീസ് ഭാഷ്യം. വിപുലമായ പാലാ സ്റ്റേഷനിൽ സർക്കിൾ ഇൻസ്പെക്ടർക്കുള്ള ജീപ്പൊഴിച്ചാൽ ഒറ്റ ജീപ്പുമാത്രമേയുള്ളൂ. ഇത് എവിടെയെങ്കിലും പോയാൽ പിന്നെ തിരിച്ചു വരാതെ എത്താൻ നിർവ്വാഹമില്ലാത്ത അവസ്ഥയാണത്രെ. ഹൈവേ പോലീസ്, ട്രാഫിക് യൂണിറ്റ് എന്നിവയ്ക്കു വാഹനം ഉണ്ടെങ്കിലും സ്റ്റേഷൻ ആവശ്യത്തിന് വാഹനമില്ലാത്തത് ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് പൊലീസ് കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. കുറച്ചു കാലം മുമ്പ് മാണി സി കാപ്പൻ എം എൽ എ യുടെ ഇടപെടൽമൂലം പഴക്കം ചെന്ന വണ്ടി മാറ്റി പകരം വണ്ടി ട്രാഫിക് യൂണിറ്റിന് ലഭിച്ചിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.