പാലാ: ഏറെ കൊട്ടിഘോഷിച്ച ഏരിയൽ ബഞ്ചസ് കേബിൾ അഥവാ ഏ ബി സി കേബിൾ പാലായിലെ വൈദ്യുതി ഉപഭോക്താക്കൾക്കു ദുരിതം വിതയ്ക്കുന്നു. ഒറ്റ വേനൽ മഴയെത്തുടർന്നു പാലായിലെ ഏ ബി സി കേബിൾ സംവീധാനം അപ്പാടെ തകരാറിലായി. ഇതോടെ പാലാ പൂർണ്ണമായും ഇരുട്ടിലായി. പിന്നീട് പാലാ നഗരത്തിൽ മാത്രം വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു ഉദ്യോഗസ്ഥർ പിൻവാങ്ങി.
പാലാ ചെത്തിമറ്റത്ത് ഇസാഫ് ബാങ്കിനു സമീപം കേബിൾ കത്തിയതിനെത്തുടർന്നു ഈരാറ്റുപേട്ട ഫീഡറിലപ്പാടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. രാത്രി ആയതിനാൽ വൈദ്യുതി വകുപ്പ് അധികൃതർ വൈദ്യുതി പുന: സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിച്ചതോടെ പാലായിലെ വലിയൊരു ഭാഗം പ്രദേശവും ഇരുട്ടിലായി.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ അറ്റകുറ്റപ്പണികളുടെ പേരിൽ നിരന്തരം വൈദ്യുതി തടസ്സപ്പെടുത്തിയിരുന്നു.
മുൻ കാലങ്ങളിൽ തകരാറുണ്ടാകുന്ന ട്രാൻസ്ഫോമറുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലായിരുന്നു വൈദ്യുതി തടസ്സമെങ്കിൽ കേബിൾ സ്ഥാപിച്ചതോടെ ഒട്ടേറെ പ്രദേശത്തു ദുരിതമായി മാറി.
വൈദ്യുതി തടസ്സം വൈകുന്നേരങ്ങളിൽ ഉണ്ടായാൽ നഗരത്തിൽ മാത്രം പുന:സ്ഥാപിക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നത്. അത്യാവശ്യ സർവ്വീസാണെങ്കിലും അതിരാവിലെ തന്നെ വൈദ്യുതി തകരാർ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ഷിഫ്റ്റ് നോക്കി മാത്രമേ തകരാർ പരിഹരിക്കാനിറങ്ങൂ. ഫലത്തിൽ ഉച്ചകഴിഞ്ഞു മാത്രമേ വൈദ്യുതി ലഭിക്കൂ എന്ന അവസ്ഥയാണുള്ളത്. വരുമാനമേറെയുള്ള വൈദ്യുതി ഓഫീസാണെങ്കിലും തകരാർ ഉണ്ടായാൽ അടിയന്തിര പ്രാധാനം നൽകി വൈദ്യുതി പുന:സ്ഥാപിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാറില്ലെന്ന പരാതിക്കും വൈദ്യുതി വിതരണം ആരംഭിച്ച കാലത്തോളം പഴക്കമുണ്ട്.
കേബിൾ സ്ഥാപിച്ച കാലത്ത് ഗുണമേന്മയില്ലാത്ത കേബിളുകൾ സ്ഥാപിച്ചതാണ് തകരാറുകൾ ഉണ്ടാവാൻ കാരണമെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. കേബിൾ സ്ഥാപിക്കാനായി എത്തിച്ച കേബിളുകളിൽ തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊണ്ടുവന്ന കേബിളുകൾ അപ്പാടെ മടക്കി അയച്ച സംഭവവും ഉണ്ടായി.
വൈദ്യുതി തകരാറുകൾ വിദ്യാർത്ഥികൾ, വ്യാപാരികൾ തുടങ്ങവർക്കൊപ്പം സാധാരണക്കാരെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വൈദ്യുതി തകരാറുകൾക്കു ശ്വാശ്വത പരിഹാരം കാണണമെന്ന് കോൺഗ്രസ് (ഐ) പാലാ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് ആവശ്യപ്പെട്ടു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.