പാലാ: പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അധികൃതരുടെ അനാസ്ഥ മൂലം കൊട്ടാരമറ്റത്ത് വാഹനങ്ങൾ കൂട്ടിയിടിച്ചു. കൊട്ടാരമറ്റത്തുള്ള ആക്സിസ് ബാങ്ക് കെട്ടിടത്തിലേയ്ക്കു ഇന്നോവാ കാർ തിരിക്കുന്നതിനിടെ പിന്നാലെ വന്ന കാർ മുന്നോട്ടു എടുത്തപ്പോൾ എതിർ ദിശയിൽ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
പൊതുമരാമത്ത് വകുപ്പ് ഈ ഭാഗത്ത് അശാസ്ത്രീത്രീയമായി നിർമ്മിച്ച നടപ്പാതയാണ് അപകടകാരണം. ഈ ഭാഗത്ത് മാത്രം വളരെ ഉയരത്തിൽ നടപ്പാത നിർമ്മിച്ചിരിക്കുകയാണ്. കെട്ടിടത്തിലേക്ക് കയറാൻ കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനുള്ള സ്ഥലം മാത്രമാണ് ഫുട്പാത്തിൽ നൽകിയിട്ടുള്ളൂ. വാഹനങ്ങൾ നേരെ വന്നു കയറിയാൽ ഫുട്പാത്തിൻ്റെ സൈഡിൽ ഇടിച്ചു കേടുപാടുകൾ സംഭവിക്കും. പരിചയമില്ലാത്തവർ വരുമ്പോൾ ഇവിടെ അപകടങ്ങൾ നിത്യസംഭവമാണ്. ഇങ്ങനെ പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് ആളുകൾക്കു സംഭവിക്കുന്നത്.
ഈ ഭാഗത്ത് പൊതുമരാമത്ത് നിരത്ത് വിഭാഗം തോന്നിയപോലെയാണ് ഫുട്പാത്ത് നിർമ്മിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കിനു മുന്നിൽ ഉയരത്തിൽ ഫുട്പാത്ത് നിർമ്മിച്ച അധികൃതർ തൊട്ടപ്പുറത്ത് സി പി ഐ എം ഏരിയാ കമ്മിറ്റി ഓഫീസിനു ഇളവ് നൽകിയിട്ടുണ്ട്. ഈ കെട്ടിടത്തിനു മുന്നിൽ മുഴുവൻ ഫുട്പാത്ത് താഴ്ത്തി പണിതു നൽകിയിരിക്കുന്നതിനാൽ ഏതു ഭാഗത്തു കൂടിയും അപകടമില്ലാത്തെ വാഹനം കയറ്റാനും ഇറക്കാനും സാധിക്കും.
ആക്സിസ് ബാങ്ക് കെട്ടിടത്തിൽ നിന്നും വാഹനങ്ങൾ തിരിച്ചിറക്കുമ്പോഴും അപകടങ്ങൾ നിത്യമാണ്. വാഹനത്തിൻ്റെ അടി തട്ടിയാണ് അപകടം ഉണ്ടാകുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കു ഇതു സംബന്ധിച്ചു പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥ മൂലം തെറ്റായ രീതിയിൽ തോന്നിയപോലെ ഫുട്പാത്ത് നിർമ്മിച്ചിട്ടു നാട്ടുകാർ അപേക്ഷ നൽകി ഫീസ് അടച്ച് നാട്ടുകാരുടെ ചിലവിൽ അപാകത പരിഹരിക്കണമെന്ന വിചിത്രമായ നിലപാടിലാണ് നിരത്ത് വിഭാഗം എഞ്ചിനീയറിംഗ് പുംഗവന്മാർ. പാലാ നഗരത്തിലുടനീളം വായിൽ തോന്നിയത് കോതയ്ക്കു പാട്ട് എന്ന പോലെ എഞ്ചിനീയർമാർക്കു തോന്നിയ പോലെയാണ് നിർമ്മാണങ്ങൾ.
കെ എസ് ആർ ടി സി ബസ് സ്റ്റേഷനു മുന്നിൽ മൂന്നു വർഷം മുമ്പ് പണി ആരംഭിച്ച കെട്ടിടത്തിനായി ഫുട്പാത്ത് നിരത്താൻ അനുമതി നൽകിയ നിരത്ത് വിഭാഗം അവിടെ സംഭവിക്കുന്നതൊന്നും കാണാറില്ലത്രെ. ആ ഭാഗത്ത് മഴ പെയ്താലുടൻ വെള്ളക്കെട്ട് ഉയരുന്നത് കെട്ടിട നിർമ്മാണത്തിൻ്റെ ഭാഗമായിയുള്ള മണ്ണ് വീണ് ഓടകൾ അടഞ്ഞതുമൂലമാണ്. ഇത് ശരിയാക്കാനോ ശരിയാക്കിക്കാനോ നടപടിയെടുക്കാത്ത ഇവരുടെ പ്രവർത്തനങ്ങൾ മൂലം നൂറുകണക്കിനാളുകളാണ് മഴ പെയ്യുമ്പോൾ ദുരിതമനുഭവിക്കുന്നത്. കെട്ടിടമുടമകളുടെ സൗകര്യത്തിനായി ഈ ഭാഗത്ത് കെട്ടിട്ടമിരിക്കുന്ന പുരയിടത്തിൻ്റെ വീതിക്കു റെയിലിംഗുകൾ മാറ്റി നൽകിയിരിക്കുകയാണ് പൊതുമരാമത്തുകാർ. ഈ കെട്ടിടത്തിൻ്റെ ആവശ്യങ്ങൾക്കായി വരുന്ന വാഹനങ്ങൾ മുഴുവൻ നേരം ഫുട്പാത്തിലടക്കം പാർക്കു ചെയ്യുന്നതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ മറ്റു വാഹനങ്ങൾ കടന്നു വരുമ്പോൾ അപകടകരമായി റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. രാഷ്ട്രീയ കക്ഷികളെ പ്രീണിപ്പിച്ചു ഇവർക്കെതിരെയുള്ള പ്രതിഷേധങ്ങളെ തന്ത്രപൂർവ്വം ഒഴിവാക്കുന്ന നയമാണ് ചെയ്തു വരുന്നത്. സീബ്രാ ക്രോസിംഗ് അടക്കം വരയ്ക്കാത്തതും ഇതിൻ്റെ ഭാഗമാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.