തിരുവനന്തപുരം: ഇന്ത്യൻ ഭരണഘടന ജനങ്ങളെ കൊള്ളയടിക്കാനുള്ള മാർഗ്ഗരേഖയാണെന്നും ബ്രിട്ടീഷുകാർ പറഞ്ഞു കൊടുത്തത് ഇന്ത്യാക്കാർ പകർത്തി വച്ചതാണെന്നുമുള്ള മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും മന്ത്രിയ്ക്ക് തത്സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജൻ.
നിയമസഭയും മന്ത്രിസഭയും ഭരണഘടന അനുശാസിക്കുന്ന സ്ഥാപനങ്ങളാണ്. ഇന്ത്യൻ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ നടത്തിയാണ് സജി ചെറിയാൻ എം എൽ എ യും മന്ത്രിയുമായത്. പ്രസ്തുത ഭരണഘടനയിൽ വിശ്വാസമില്ലെങ്കിൽ സജി ചെറിയാൻ മന്ത്രി സ്ഥാനവും എം എൽ എ സ്ഥാനവും രാജിവെയ്ക്കണം. അല്ലാത്തപക്ഷം മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം.
ദേശീയ അഭിമാന ചിഹ്നങ്ങളിൽപ്പെട്ട ഭരണഘടനയെ സജി ചെറിയാൻ പരസ്യമായി അപമാനിച്ചതിനാൽ 'പ്രിവൻഷൻ ഓഫ് ഇൻസൾട്സ് റ്റു നാഷണൽ ഹോണർ ആക്ട്, 1971 ' അനുസരിച്ച് പോലീസ് കേസ് രജിസ്റ്റർ ചെയ്യണം. ഭരണഘടനയെ മാത്രമല്ല, അതിന്റെ ശില്പികളേയും മന്ത്രി അപമാനിച്ചിരിക്കുകയാണ്.
ഇന്ത്യയുടെ മതേതര ജനാധിപത്യ ഭരണഘടനയെ അട്ടിമറിച്ച് തത്സ്ഥാനത്ത് മതാധിഷ്ഠിത ഏകാധിപത്യോന്മുഖ ഭരണഘടന സ്ഥാപിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ശക്തികൾക്ക് ഇന്ധനം പകരുന്ന വാക്കുകളാണ് മന്ത്രി നടത്തിയിരിക്കുന്നത്. പരിമിതികളുണ്ടെങ്കിലും നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഭരണഘടനയെ സംരക്ഷിക്കുക എന്നത് എല്ലാ ജനാധിപത്യ മതനിരപേക്ഷ വാദികളുടേയും കടമയാണ്. പരിമിതികളെ ഭേദഗതികൾ കൊണ്ട് മറികടക്കുവാനുള്ള ഉപാധികളും ഭരണഘടനയിൽ ഉണ്ടെന്നുള്ള കാര്യം സി പി എം നേതാവു കൂടിയായ സജി ചെറിയാൻ മറന്നു പോകരുതായിരുന്നു. ദേശീയ തലത്തിൽ ഇടതുപാർട്ടികൾ സ്വീകരിച്ചിട്ടുള്ള നയത്തിനു വിരുദ്ധമായിട്ടാണ് സജി ചെറിയാൻ പ്രസംഗിച്ചതെന്നും ദേവരാജൻ കുറ്റപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.