പാലാ : നഗരസഭ പന്ത്രണ്ടാം വാർഡിൽ അംഗൻവാടിക്കായി കെട്ടിടമുറി അനുവദിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് വാർഡ് കൗൺസിലർ ജോസ് ഇടേട്ട് ഉപവാസ സമരത്തിന് മുന്നോടിയായി മൂന്നാനി ഗാന്ധി സ്ക്വയറിലെ മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, പ്രൊഫ സതീശ് ചൊള്ളാനി, ബാബു മുകാല തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് കൊട്ടാരമറ്റത്തെ കെ എം മാണി പ്രതിമക്ക് മുമ്പിൽ ഉപവാസ സമരം ആരംഭിച്ചു.
നിലവിൽ വാർഡിലെ അംഗൻവാടി സ്വകാര്യ വ്യക്‌തിയുടെ ഷെഡിലാണ് പ്രവർത്തിച്ചു വരുന്നത്. അതേ വാർഡിൽ തന്നെയുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റലിലെ ഗസ്റ്റ് റൂമിലേക്ക് അംഗൻവാടി മാറ്റണമെന്നതാണ് ജോസ് എടേട്ടിന്റെ ആവശ്യം.
ഏകദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടത്തിപ്പുകാരായ കരാറുകാർ നഷ്ട വന്നതിനാൽ ഉപേക്ഷിച്ചിട്ടു പോയ ഹോസ്റ്റലിന്റ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഏതാണ്ട് ഒരു കോടി രൂപ ഉണ്ടെങ്കിൽ മാത്രമേ ഹോസ്റ്റൽ പരിപൂർണ്ണമായും നല്ല നിലയിലേക്ക് എത്തിക്കാൻ സാധിക്കുകയുളളു. നിലവിലെ സാഹചര്യത്തിൽ നഗരസഭക്ക് അതിനുള്ള സാമ്പത്തികമില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
വാർഡ് കൗൺസിലർ ആവശ്യപ്പെടുന്നത് തകർന്ന് കിടക്കുന്ന ഹോസ്റ്റലിന്റെ താഴത്തെ നിലയിലെ ഗസ്റ്റ് റൂം മാത്രം നന്നാക്കി അംഗൻവാടിക്കായി അനുവദിച്ച് നൽകണമെന്നാണ്. ഇതിനോട് ചേർന്ന് ടോയ്ലറ്റും നിർമ്മിച്ച് വെളിയിലേക്ക് കതകും വച്ചാൽ വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ പ്രവർത്തനത്തിന് ഭാവിയിൽ ഒരു തടസ്സവും വരില്ല എന്നും ജോസ് പറയുന്നു. എന്നാൽ ഇപ്രകാരം അംഗൻവാടിക്കായി സ്ഥലം നഗരസഭ കൗൺസിൽ അനുവദിച്ച് നൽകണമെങ്കിൽ കേരള കോൺഗ്രസ് ( എം ) ൽ മെമ്പർഷിപ്പ് എടുക്കണമെന്ന വിചിത്ര വാദഗതിയാണ് ജോസ് വിഭാഗം മുന്നോട്ട് വയ്ക്കുന്നതെന്നും വിഷയം ചർച്ച ചെയ്യാൻ ചേർന്ന അടിയന്തിര കൗൺസിൽ ജോസ് കെ മാണി ഇടപെട്ടാണ് മാറ്റി വയ്പിച്ചതെന്നും കൗൺസിലർ ആരോപിക്കുന്നു.
കേരളാ കോൺഗ്രസിനും ജോസ് കെ മാണിക്കും സത്ബുദ്ധി തോന്നാനാണ് കെ എം മാണി പ്രതിമക്ക് മുമ്പിൽ ഉപവസിക്കുന്നത് എന്നും വാർഡ് കൗൺസിലർ പറയുന്നു.
നഗരസഭയിലെ മാർക്കറ്റ് കോംപ്ലസ്, തെക്കേക്കര കോംപ്ലസ്, കാനാട്ടുപാറയിലെ മുനിസിപ്പൽ ക്വാട്ടേഴ്സ്, പരമലക്കുന്നിലെ ഹെൽത്ത് സെന്റർ, മൂന്നാനിയിലെ പഴയ പൊതു ടോയ്ലറ്റ്, നഗരസഭ വക ഗവൺമെന്റ് സ്കൂൾ എന്നിവിടങ്ങളിലെല്ലാം നിലവിൽ അംഗൻവാടികൾ പ്രവർത്തിച്ചു വരുന്നുണ്ട്. വിദ്യാഭ്യാസ അവകാശ നിയമമുള്ള നാട്ടിൽ കിഴതടിയൂർ അംഗൻവാടിക്ക് സ്ഥലം അനുവദിക്കാൻ ജോസ് വിഭാഗം തടസ്സം നിൽക്കുകയാണ്.
അവിടെ വരുമെന്ന് പറയുന്ന വെൽനെസ് സെന്റെറിന് തടസ്സം വരാതെ അംഗൻവാടി അനുവദിച്ചാൽ തീരാവുന്ന പ്രശ്നമാണ് നിലവിൽ തെരുവിലേക്ക് വലിച്ചിഴക്കുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.