കോട്ടയം:സര്‍വ്വമതസന്ദേശമുയര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭ സംഘടിപ്പിച്ച ഏകതാസദസ് വ്യത്യസ്തമായി അനുഭവമായി. വിവിധ മത-സമുദായ അധ്യക്ഷന്‍മാരും സാമൂഹ്യനേതാക്കന്‍മാരും പങ്കെടുത്ത സംഗമവേദിയില്‍ പുതിയ നാളെയ്ക്കായി ഫലവൃക്ഷത്തെകളും ചെടികളും നട്ടതും വേറിട്ട കാഴ്ചയായി.സംഗമത്തില്‍ പങ്കെടുത്ത എല്ലാ വിശിഷ്ടവ്യക്തികളും ചെടികള്‍ നട്ടു.
ഈ ചെടികള്‍ ദേവലോകം കാതോലിക്കേറ്റ് അരമനയിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ പരിപാലിക്കും. മതജീവിതം നിരന്തരം വിചാരണ ചെയ്യപ്പെടുന്ന സമകാലിക സഹാചര്യത്തില്‍ ഇത്തരമൊരു കൂടിച്ചേരലുകളുടെ പ്രസക്തി വളരെയേറെയാണെന്ന് ആമുഖ പ്രസംഗം നടത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അധ്യക്ഷന്‍ പരുശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ പറഞ്ഞു. മതം ഒരു യാഥാര്‍ത്ഥ്യമാണ് അത് ഉള്‍ക്കൊളളാന്‍ എല്ലാവരും തയറാകണം.ഭാരതീയ ധര്‍മ്മത്തിന്റെ സഹിഷ്ണതയും ഇസ്ലാമിന്റെ സാഹോദര്യവും ബുദ്ധന്റെ അഹംസയും ക്രിയാരൂപങ്ങളാകുമ്പോഴാണ് മനവികതയുടെ അപ്പോസ്‌തോലന്‍മാരായി മനുഷ്യന്‍ മാറുന്നതെന്നും ബാവ പറഞ്ഞു. മതങ്ങളുടെ കൂട്ടായ്മ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. സ്‌നേഹമാണ് ദൈവം. എല്ലാ മതങ്ങളിലും സ്‌നേഹം ഉണ്ട്. എന്നാല്‍ മതങ്ങളിലും സഭകളിലും വിഭാഗീയത പടര്‍ത്തുന്നവരുട എണ്ണവും ചെറുതല്ല. മനുഷ്യഹൃദയങ്ങളെ തിന്മയിലേയ്ക്കു നയിക്കാന്‍ മാത്രമേ ഇത്തരം വിഭാഗീയതകള്‍ക്ക് കഴിയൂ എന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് റവന്യൂ ഇന്റലിജന്‍സ് ഡോ.ടിജു മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം വി ശ്രേയാംസ്കുമാര്‍, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, പാണക്കാട് സയ്യദ്മുനവര്‍ അലി ഷിഹാബ് തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് സിറിള്‍ മാര്‍ ബസേലിയോസ്, ബിഷപ്പ് മാര്‍ അവ്ഗിന്‍ മാര്‍ കുര്യക്കോസ്,ഡോ.വി.പി. സുഹൈബ് മൗലവി, ശീമദ് അസ്പര്‍സനാദ സ്വാമികള്‍, റവ. ഡോ.ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പാ, അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ബിഷപ്പ് മാര്‍ പോള്‍ ആന്റ്ണി മുല്ലശേരി, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, ബിഷപ്പ് ഉമ്മന്‍ ജോര്‍ജ്, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ജോസഫ് പളളിക്കാപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കലക്ടര്‍ പി.കെ. ജയശ്രീ, എ.ഡി.എം. ജിനു പുന്നൂസ് തുടങ്ങി നിരവധി പ്രുമുഖര്‍ ഏകതാ സദസില്‍ സംബന്ധിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ സ്വാഗതവും കോട്ടയം ഇടവക മെത്രാപ്പോലീത്ത യൂഹാനോര്‍ മാര്‍ ദിയസ്‌കോറോസ് നന്ദിയും പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.