Subscribe Us



നഴ്സിംഗ് ജോലി വാഗ്ദാനം കുവൈറ്റിൽ എത്തിച്ചശേഷം ഹോംകെയർ ജോലി നൽകി കബളിപ്പിക്കുന്നതായി പരാതി

കുവൈറ്റ്സിറ്റി: കുവൈറ്റിൽ നല്ല ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തു വൻ തുകകൾ സർവ്വീസ് ചാർജ്ജായി ഈടാക്കിയശേഷം നഴ്സുമാരെ കബളിപ്പിക്കുന്നതായി വിവരം ലഭിച്ചു. നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്തു നാട്ടിൽ നിന്നും കുവൈറ്റിൽ എത്തിച്ചശേഷം ഹോംകെയർ, ക്ലിനിക്കുകൾ മുതലായവയിൽ തുച്ഛമായ ശമ്പളത്തിൽ ജോലി നൽകി കബളിപ്പിക്കപ്പെട്ടവർ നിരവധിയാണ്. നിരവധി ജനറൽ, ബി എസ് സി നഴ്സുമാരും ഇത്തരം തട്ടിപ്പുകാരുടെ ഇരയാകുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗതികേട് കൊണ്ട് പുറത്തു പറയാൻ കഴിയാതെ ഇവർ ഇത്തരം ജോലികൾ ചെയ്യാൻ നിർബ്ബന്ധിതരായിരിക്കുകയാണെന്നാണ് അന്വേഷണത്തിൽ മനസിലാക്കാൻ സാധിച്ചത്. 

മിനിസ്ട്രി ഓഫ് ഹെൽത്ത്, മിലിറ്ററി സർവ്വീസ് എന്നിവിടങ്ങളിലേയ്ക്ക് അല്ലാതെ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് എത്തിക്കപ്പെടുന്ന നഴ്സുമാരിൽപ്പെട്ടവരാണ് കെണിയിൽപ്പെടുന്നത്. ഇതിനാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന റിക്രൂട്ടിംഗ് സ്ഥാപനങ്ങൾക്കു പോലും ഇത്തരം തട്ടിപ്പുകാരുടെ പ്രവർത്തനങ്ങൾമൂലം ബുദ്ധിമുട്ടുണ്ടാവാറുണ്ട്.  
കുവൈറ്റിൽ നഴ്സിംഗ് ജോലി ചെയ്യണമെങ്കിൽ പരീക്ഷ എഴുതി പാസായി ലൈസൻസ് നേടണം. നേരത്തെ കുവൈറ്റിൽ എത്തിയ ശേഷം പരീക്ഷ എഴുതി പാസ്സായാൽ മതിയായിരുന്നു. ഇപ്പോൾ പരീക്ഷ പാസാകാതെ കുവൈറ്റിൽ എത്തപ്പെട്ടാൽ മൂന്നു മാസത്തിനുള്ളിൽ തിരികെ നാട്ടിലേയ്ക്ക് കയറ്റി വിടുന്ന അവസ്ഥയിലാണ്. പുതിയ പരീക്ഷയ്ക്കുള്ള തിയതി അധികൃതർ നൽകുന്നുമില്ല. ഇത് മുതലെടുത്ത് പരീക്ഷ പാസാകാതെ എത്തുന്നവരെ ഹെൽപ്പർ തസ്തികയിൽ നിയമിച്ചു വാഗ്ദാനം ചെയ്ത ശമ്പളത്തിൻ്റെ പകുതി മാത്രമാണ് നൽകി വരുന്നത്. അധികൃതർ പരീക്ഷ തിയതി ലഭ്യമാക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് ശമ്പളം വെട്ടിക്കുറയ്ക്കുന്നത്. 
അഞ്ചും ആറും ലക്ഷം രൂപ സർവ്വീസ് ചാർജ് നൽകിയവരാണ് ഇത്തരത്തിൽ കബളിക്കപ്പെട്ടിട്ടുള്ളതെന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്. 

കുവൈറ്റിൽ നഴ്സിംഗ് ജോലി എന്ന മോഹന വാഗ്ദാനങ്ങൾ നൽക്കുമ്പോൾ സാമാന്യം നല്ല ശബളമാണ് നഴ്സ്മാർ പ്രതീക്ഷിക്കുന്നത്. ഇങ്ങനെ പെട്ടു പോയവരിൽ കുറെപേർ തിരികെ കയറിപ്പോകുകയും ഏജൻ്റിനോട് പണം തിരികെ വാങ്ങിക്കുകയും ചെയ്തിട്ടുണ്ടെന്നും അറിവായിട്ടുണ്ട്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധികൾ ഉള്ളവർ ദുരിതപൂർണ്ണമായി ജോലി ചെയ്തു കയറി വന്നതിൻ്റെ ബാധ്യത വീട്ടുന്നതിനും കുടുംബ ചിലവുകൾ നടത്തുന്നതിനുമായി ദുരിതപൂർണ്ണമായ അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ നിർബ്ബന്ധിതമായിരിക്കുകയാണ്.
പല വലിയ ആശുപത്രികളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. കരാർ കാലാവധി കഴിയുന്നതോടൊപ്പം എന്തെങ്കിലും കാര്യങ്ങൾ ഉന്നയിച്ച്  എൻ ഒ സി നൽകാതെ പിരിച്ചുവിടുന്നതും സ്ഥിരമായി. കരാർ പുതുക്കിയാൽ കൂടുതൽ ശമ്പളം നൽകേണ്ടി വരുമെന്നതിനാലാണിത്. പുതിയ റിക്രൂട്ട്മെൻ്റ് നടത്തിയാൽ പ്രാരംഭ ശമ്പളം മാത്രം മതിയാകും. ഇതിനാകട്ടെ പല ഏജൻസികളും കൂട്ടുനിൽക്കുകയാണ്. ഇതു വഴി വൻ തുകകളാണ് ഇത്തരം ഏജൻസികൾ സമാഹരിക്കുന്നത്. ഒന്ന് രണ്ട് വർഷങ്ങൾ ഇടവിട് ഒരേ ആശുപത്രികളിൽ 50,100 നഴ്സുമാരെ വേണം എന്നു പറഞ്ഞ് നാട്ടിൽ പരസ്യം ചെയ്യുന്നത് വിലയിരുത്തിയാൽ ഇക്കാര്യം വ്യക്തമാകും. ഇതിനെതിരെ അവിടെ സർക്കാർ തലത്തിൽ പരാതികൾ നൽകാമെങ്കിലും ആരും മെനകെടാറില്ല. അറ്റോർണിയുടെ വൻ തുകയും നടപടിയിലെ കാലതാമസവും സാമ്പത്തിക ബാധ്യത വരുത്തുമെന്നതാണ് കാരണം. പിരിച്ചുവിടപ്പെടുന്നവർക്കു ശമ്പളം ഇല്ലാത്തതിനാൽ നിയമ നടപടികൾക്കുള്ള ചെലവ്, താമസം, ഭക്ഷണം ചെലവ് എന്നിവ നാട്ടിൽ നിന്നും വരുത്തേണ്ടി വരും. നടപടിക്കു കാലതാമസം നേരിട്ടാൽ വൻ ബാധ്യതയാവും ഉണ്ടാവുക. ഇതിനാൽ തന്നെ ഇതിന് ശ്രമിക്കാതെ നാട്ടിലേയ്ക്ക് മടങ്ങുകയാണ് നഴ്സുമാർ ചെയ്യുന്നത്. 
എൻ ഒ സി നൽകി വിട്ടാൽ മറ്റെവിടെയെങ്കിലും ഇവർക്കു ജോലിക്കു കയറാമെങ്കിലും പലപ്പോഴും ഇത് നൽകാത്തതാണ് നഴ്സുമാരുടെ ഒരു പ്രതിസന്ധിക്കു കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇന്ത്യൻ എംബസിയാകട്ടെ ഇത്തരം നടപടികൾക്കെതിരെ ഉചിതമായ നീക്കങ്ങൾ സർക്കാർ തലത്തിൽ നടത്തുന്നില്ലെന്നു നഴ്സുമാർക്കു പരാതി ഉണ്ട്. ശക്തമായ ഇടപെടൽ ഉണ്ടാവില്ലെന്നതിനാൽ ഇന്ത്യൻ എംബസിയിൽ പരാതി പറഞ്ഞിട്ടും കാര്യമില്ലെന്നാണ് ഇവർ പറയുന്നത്. മലയാളിയായ അംബാസിഡർ ഉണ്ടായിരുന്നിട്ടും സ്ഥിതി ഇതുതന്നെയായിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഫിലിപ്പൈൻസ് എംബസി ഇത്തരം കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടൽ നടത്താറുണ്ടെന്നു ഇവർ പറയുന്നുണ്ട്. 
പരാതി ഉയർന്നിട്ടുള്ള ആശുപത്രികളിലേയ്ക്കുള്ള റിക്രൂട്ട്മെൻ്റ് അവർ വിലക്കാറുണ്ടെന്നാണ് ഇവർ പറയുന്നത്. കുവൈറ്റിലെ മലയാളി സംഘടനകളും ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ വിമുഖത കാട്ടുന്നുണ്ടെന്ന പരാതിയും ഇവർക്കുണ്ട്. കുവൈറ്റിലെത്തി കബളിപ്പിക്കപ്പെട്ടവരുടെ പരാതികൾ സ്വീകരിച്ച് നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറായാൽ പരാതിക്കാർ രംഗത്തുവരുമെന്നാണ് പ്രതീക്ഷ. ഇത്തരം നടപടികൾ ഉണ്ടായാൽ ഭാവിയിൽ കുവൈറ്റിൽ എത്തുന്നവരെ ഇത്തരം ദുരിതങ്ങളിൽ നിന്നും രക്ഷിക്കാനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര സർക്കാർ നടപടി എടുക്കമെന്ന പ്രതീക്ഷയിലാണ് പല നഴ്സുമാരും.

Post a Comment

0 Comments