പാലാ: കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം നിർത്തലാക്കിയ പശ്ചാത്തലത്തിൽ പാലാ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടത്തിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈയിൽ പാലായിൽ പാസ്പോർട്ട് കേന്ദ്രം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി, മുഖ്യമന്ത്രി, സംസ്ഥാന പ്രവാസകാര്യമന്ത്രി, ചീഫ് പോസ്റ്റുമാസ്റ്റർ ജനറൽ എന്നിവർക്കു നിവേദനം നൽകിയിരുന്നതായി എം എൽ എ ചൂണ്ടിക്കാട്ടി. ഇതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലപരിശോധനയും നടത്തിയിരുന്നു. എന്നാൽ കോട്ടയം പാർലെമെൻ്റ് നിയോജക മണ്ഡലത്തിൽ ഒരു പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിച്ചിരുന്നതിനാൽ അപേക്ഷ പരിഗണിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു അറിയിപ്പ് ലഭിച്ചിരുന്നു.
പാലാ ഹെഡ് പോസ്റ്റോഫീസിൽ പോസ്റ്റോഫീസ് പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുണ്ട്. കോട്ടയം ജില്ലയിലെ മുണ്ടക്കയം, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പൊൻകുന്നം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവർക്കും ഇടുക്കി ജില്ലയിലെ കുമളി,പീരുമേട്, ഏലപ്പാറ,വാഗമൺ,മൂലമറ്റം,തൊടുപുഴ, മേഖലയിൽ ഉള്ളവർക്കും പത്തനംതിട്ട ജില്ലയിലെ റാന്നി, മണിമല പ്രദേശങ്ങളിൽ ഉള്ളവർക്കും എറണാകുളം ജില്ലയിലെ കൂത്താട്ടുകുളം,പിറവം ഇലഞ്ഞി പ്രദേശങ്ങളിൽ ഉള്ളവർക്കും ഈ കേന്ദ്രത്തിൽ എളുപ്പത്തിൽ എത്തിചേരുന്നതിനും സേവനം ഉപയോഗപ്പെടുത്തുന്നതിനും സാധിക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
ഇപ്പോൾ കോട്ടയത്തെ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തനം നിർത്തിവച്ച സാഹചര്യത്തിൽ പാലായിലെ ഹെഡ് പോസ്റ്റ് ഓഫീസ് കെട്ടിടം പ്രയോജനപ്പെടുത്തി പാലായിൽ പാസ്പോർട്ട് സേവാകേന്ദ്രം ആരംഭിക്കണമെന്ന് മാണി സി കാപ്പൻ നിർദേശിച്ചു. ഇപ്പോൾ കോട്ടയം ജില്ലയിലുള്ളവർ തൃപ്പൂണിത്തുറ, ആലുവ, ആലപ്പുഴ എന്നിവിടങ്ങളിൽ പോകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ആളുകൾക്കു ദുരിതമാണ്. അവിടെ തിരക്കു വർദ്ധിക്കുമ്പോൾ സമയം ലഭിക്കുന്നതിന് കാലതാമസം എടുക്കുമെന്നും എം എൽ എ ചൂണ്ടിക്കാട്ടി.
ഇതു സംബന്ധിച്ചു വീണ്ടും നിവേദനം നൽകിയിട്ടുണ്ടെന്നും എം എൽ എ പറഞ്ഞു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.