Subscribe Us



ചിരിച്ച്, ചിരിപ്പിച്ച്, കരയിച്ച് സുബി നിത്യതയിലേയ്ക്ക് യാത്രയായി

എബി ജെ ജോസ്

ചിരിക്കാൻ എളുപ്പമാണ്. എന്നാൽ ചിരിപ്പിക്കുക എന്നത് എല്ലാവർക്കും സാധ്യമായ കാര്യമല്ല. മനുഷ്യനെ മനസ് തുറന്ന് ചിരിപ്പിക്കണമെങ്കിൽ അസാമാന്യമായ കഴിവു തന്നെ വേണം. അത്തരത്തിൽ മലയാളക്കരയെ മതിമറന്ന് ചിരിപ്പിച്ച കലാകാരിയായിരുന്നു സുബി സുരേഷ് എന്ന് അർത്ഥശങ്കക്കിടയില്ലാതെ പറയാനാകും. നിഷ്കളങ്കയായ ഒരു കലാകാരിയായിരുന്നു സുബി. ഇതിലും എത്രയോ ഉയരങ്ങൾ കീഴടക്കേണ്ടതായിരുന്നു അവർ. കലാമേഖലയിൽ ഉയരങ്ങളിലേയ്ക്ക് പോകണമെങ്കിൽ കഴിവും അർപ്പണ മനോഭാവവും മാത്രമല്ല മറ്റേത് മേഖലയെപോലെ തന്നെ ഗോഡ്ഫാദർ ഉണ്ടാവണമെന്ന് പലരെയും  വിലയിരുത്തിയാൽ മനസിലാക്കാനാവും. അല്ലാതുള്ളവർ ഇല്ലെന്നല്ല, വളരെ കുറവാണെന്നു മാത്രം. രണ്ടു പതിറ്റാണ്ടിലേറെക്കാലമായി കലാരംഗത്ത് നിരന്തര സാന്നിദ്ധ്യമായിരുന്നിട്ടും  അത്തരമൊരു ഗോഡ്ഫാദർ ഇല്ലാതെ പോയതാവാം ഉയരങ്ങളിലേയ്ക്കുള്ള പടി ചവിട്ടാൻ സുബിക്ക് കഴിയാതെ പോയിട്ടുള്ളതെന്നു സംശയമെന്യെ പറയാനാകും.
അതിനൊന്നും ശ്രമിക്കാതെ തൻ്റേതായ ഒരു ശൈലിയിലൂടെ മലയാളക്കരയുടെ മനസിൽ സ്ഥാനം പിടിക്കാൻ സുബി സുരേഷിനു സാധിച്ചിരുന്നുവെന്നത് സത്യമായ കാര്യമാണ്.
കോട്ടയത്ത് പ്രവർത്തിക്കുന്ന സ്നേഹക്കൂട് അഭയമന്ദിരത്തിലെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ അവസരത്തിലാണ് സുബി സുരേഷിനെ പരിചയപ്പെട്ടത്. താരജാഢ കളൊന്നുമില്ലാതെ ഒരു സാധാരണക്കാരിയെപ്പോലെയാണ് പെരുമാറിയത്. സ്നേഹക്കൂട്ടിലെ അച്ഛനമ്മമാരുടെ ദുരിതകഥകൾ കേട്ട് കണ്ണ് നിറയുന്നതും അന്ന് കാണാതായി. പിന്നീട് സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂട്, അനുരാജ്, സാംജി പഴേപറമ്പിൽ, സ്നേഹക്കൂട്ടിലെ അച്ഛനമ്മമാർ തുടങ്ങി എല്ലാവരുമായി ചേർന്ന് കളി തമാശകളും ഒക്കെയായി ഏറെ സമയം ചെലവൊഴിച്ച ശേഷമായിരുന്നു മടക്കം. പിന്നീടും സ്നേഹക്കൂട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

രാവിലെ അപ്രതീക്ഷിതമായിട്ടാണ് സുബി സുരേഷിൻ്റെ വിയോഗവിവരം അറിഞ്ഞത്. ആ വാർത്ത ഞെട്ടിക്കുക തന്നെ ചെയ്തു. അർഹതയുണ്ടായിട്ടും അതിൻ്റേതായ പരിഗണന ആ കലാകാരിക്കു കേരളം, കലാകേരളം നൽകിയിട്ടില്ല എന്നതിൽ തർക്കത്തിനിടയുണ്ടാവില്ല. സത്യത്തിൽ കലയ്ക്കായി ഉഴിഞ്ഞുവെച്ച ജീവിതം തന്നെയായിരുന്നു അവരുടേത്. മരണശേഷമാണ് അവർ അതുല്യപ്രതിഭയായിരുന്നു എന്നൊക്കെ കലയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ ഇപ്പോൾ പറയുന്നതിൽ ആത്മാർത്ഥതയുടെ കണിക പോലും ഉണ്ടെന്നു വിശ്വസിക്കാൻ സാധാരണക്കാർക്കു പ്രയാസമാണ്. 

കലയോടുള്ള അഭിനിവേശംമൂലം അസുഖം പോലും പരിഗണിക്കാതെയായിരുന്നു കലാപരിപാടികളിൽ പങ്കെടുത്തിരുന്നതെന്ന് വാർത്തകളിലൂടെ മനസിലാക്കാൻ സാധിച്ചു. നമ്മൾ വലിയ കലാകാരന്മാരായി വാഴ്ത്തുന്നവർ കട്ടിലിൽ ചെരിഞ്ഞു കിടന്നപ്പോൾ ഉണ്ടായ ചെറിയ വേദനയൊക്കെ തോന്നിയാൽ ആയുർവേദ പിഴിച്ചിലും തിരുമലുകളുമൊക്കെയായി നടക്കുമ്പോഴാണ് ഇതെന്നു മനസിലാക്കണം.

സുബി സുരേഷിൻ്റെ കരൾമാറ്റ ശസ്ത്രക്രിയ സംബന്ധിച്ചു ചില പരാതികൾ ഉയർന്നു കേൾക്കുന്നുണ്ട്. കരൾ, വൃക്ക തുടങ്ങിയവ മാറ്റി വയ്ക്കുന്നതിനുള്ള സർക്കാർ വക നൂലാമാലകൾ  അക്ഷരാർത്ഥത്തിൽ ഒരാൾ ചന്ദ്രനിലോ ചൊവ്വായിലോ പോകുന്നതിനുള്ള നടപടിക്രമങ്ങളിലും ബുദ്ധിമുട്ടാണ്. എങ്കിലും ആരും എതിർ സ്വരം ഉയർത്താത്തത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ഭയത്താലാണ്. അവയവ മാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടു മാഫിയാ പ്രവർത്തനങ്ങൾ ഉള്ളതിനാലാണ് നൂലാമാലകൾ എന്നാണ് സർക്കാർ വാദം. എന്നിട്ടു ഇവിടെ അവയവ മാഫിയ പ്രവർത്തിക്കുന്നില്ല എന്നു ഉറപ്പുപറയാൻ സർക്കാരിന് സാധിക്കുന്നില്ലല്ലോ. അതിനാൽ അവയവ മാറ്റനടപടികൾ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്ന് കാലതാമസമില്ലാതെ കാര്യങ്ങൾ നടത്തട്ടെ. സുബിയുടെ കരൾ മാറ്റ ശസ്ത്രകിയയുമായി ബന്ധപ്പെട്ടു സർക്കാർ തലത്തിൽ കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് നിർബ്ബന്ധമായും പരിശോധിക്കപ്പെടുക തന്നെ വേണം. എന്തെങ്കിലും ദുരന്തം സംഭവിച്ചു കഴിഞ്ഞ് നടപടി എടുക്കുന്ന ഏർപ്പാടിന് അറുതി വരുത്തിയേ മതിയാകൂ.

ആശുപത്രിയിൽ അവയവമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കിൽ ചുവപ്പുനാടക്കുരുക്ക്. കുരുക്കഴിക്കാൻ താമസിച്ചാൽ മരണം നിശ്ചയം. എന്നാൽ അത്യാസന്ന നിലയിലുള്ള പ്രായമേറിയ ഒരു രോഗി, രക്ഷപെടുമെന്ന് ഉറപ്പില്ലെങ്കിൽ പോലും ആംബുലൻസ് വൺവേ പോലും തെറ്റിച്ചു നൂറ് കിലോമീറ്റർ വേഗതയിൽ പായിക്കുമ്പോൾ ഏതെങ്കിലും ഹതഭാഗ്യനെ ആ ആംബുലൻസ് ഇടിച്ചാൽ ഉണ്ടാവുന്ന മരണത്തിനോ ഗുരുതരാവസ്ഥയ്ക്കോ ചുവപ്പുനാട ബാധകമേ അല്ലെത്രെ.

സുബി സുരേഷിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

Post a Comment

0 Comments