പാലാ: ഉടമ അറിയാതെ പിൻവലിക്കപ്പെട്ട മുഴുവൻ തുകയും ബാങ്ക് മടക്കി നൽകിയതായി പണം നഷ്ടപ്പെട്ട പാലായിലെ വ്യാപാരി കെ സി സാജൻ പറഞ്ഞു. ക്യാഷ് തിരികെ നിക്ഷേപിച്ചുകൊണ്ടുള്ള എസ് എം എസ് സന്ദേശം സാജന് ലഭിച്ചു. പാലായിലെ കൊട്ടാരമറ്റത്ത് പ്രവർത്തിക്കുന്ന ഇൻഡസ് ഇൻഡ് ബാങ്ക് ശാഖയിലെ കെ സി സാജൻ്റെ അക്കൗണ്ടിൽ നിന്നുമാണ് 732000 രൂപ പിൻവലിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിൽ 27 ന് ഉച്ചയോടെയായിരുന്നു സംഭവം.
പണം നഷ്ടപ്പെട്ട യുടൻ സാജൻ ബാങ്കിൽ വിവരമറിയിച്ചിരുന്നു. സാജൻ്റെ എഫ്ഡി എഗസ്റ്റ് ഒഡി അക്കൗണ്ടിൽ നിന്നുമായിരുന്നു പണം നഷ്മായത്. ആദ്യം അഞ്ച് ലക്ഷം രൂപയും തൊട്ടുപിന്നാലെ 232000 രൂപയും പിൻവലിക്കുകയായിരുന്നു. 800 രൂപ മാത്രമാണ് മിച്ചം വച്ചത്. സാജൻ്റെ പരാതി ലഭിച്ചയുടൻ പണം ചെന്ന ബാങ്കിൽ ഔദ്യോഗികമായി അറിയിപ്പ് നൽകി ഇടപാട് ഫ്രീസ് ചെയ്യാൻ നടപടി എടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ പിൻവലിച്ചുകൊണ്ടു പോയെങ്കിലും ഉടനടി നടപടി സ്വീകരിച്ചതിനാൽ 232000 ഫ്രീസ് ചെയ്യാൻ സാധിച്ചതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.
സാജൻ പരാതികൾ നൽകുകയും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പ്രശ്നം ഏറ്റെടുക്കുകയും ചെയ്തതിനു പിന്നാലെയാണ് ബാങ്ക് മുഴുവൻ പണവും തിരിച്ചു നൽകിയത്. ബാങ്ക് മാനേജ്മെൻ്റ് നേരിട്ടിടപെട്ട് പണം മടക്കി നൽകുകയായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.
പണം നഷ്ടപ്പെട്ടുവെന്ന് സാജൻ ബാങ്കിൽ പരാതി നൽകിയെങ്കിലും സൈബർ സെല്ലിൽ പരാതി നൽകി കാത്തിരിക്കാനായിരുന്നു ബാങ്ക് ശാഖാധികൃതർ നിർദ്ദേശിച്ചത്. രണ്ടു ദിവസം കഴിഞ്ഞതോടെ നടപടി ഇല്ലാതെ വന്നതോടെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷനു പരാതി നൽകുകയായിരുന്നു. ഇതേത്തുടർന്ന് 'പാലാടൈംസ്' വാർത്ത പുറത്തറിയിച്ചു.
സാധാരണ നിലയിലുള്ള സൈബർ കുറ്റമെന്ന നിലയിൽ വ്യാഖ്യാനിച്ച കേരളത്തിലെ ബാങ്ക് അധികൃതർ ഇടപാടുകാരനെ പഴിചാരുകയായിരുന്നു. എന്നാൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉന്നയിച്ച ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം നൽകാൻ ബാങ്ക് അധികൃതർക്കു സാധിച്ചില്ല. ഒടിപി, ലിങ്കുകൾ എന്നിവയൊന്നും ഇതുമായി ബന്ധപ്പെട്ടു സാജൻ ഉപയോഗിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു ബാങ്ക് അധികൃതരോട് കൂടുതൽ കാര്യങ്ങൾക്ക് വ്യക്തത ആവശ്യപ്പെട്ടത്.
ബനഫിഷറിയെ ആഡ് ചെയ്ത ശേഷം ഐ എം പി എസ് മാർഗ്ഗത്തിലൂടെയാണ് പണം പിൻവലിച്ചത്. ബനഫിഷറിയെ ഉപഭോക്താവ് അറിയാതെ എങ്ങനെ ആഡ് ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ അധികൃതർക്കായില്ല. പുതിയ ബനഫിഷറിയെ ആഡു ചെയ്താൽ ആദ്യ 24 മണിക്കൂറിനുള്ളിൽ മിനിമം തുക മാത്രമേ പിൻവലിക്കാൻ സാധിക്കൂ എന്നിരിക്കെ രണ്ടു ഘട്ടങ്ങളിലായി ലക്ഷങ്ങൾ പിൻവലിക്കപ്പെട്ടത് എങ്ങനെ എന്ന ചോദ്യത്തിനുത്തരവും ബാങ്ക് നൽകിയില്ല. ഉപഭോക്താവ് പിന്നീട് നോക്കുമ്പോൾ ബനഫിഷറി ലിസ്റ്റിൽ ഈ പണം പോയ ഷേക് മണിയുദ്ദീൻ്റെ പേര് കാണാനില്ലായിരുന്നു. ഉപഭോക്താവ് ഓൺലൈനിൽ ബനഫിഷറിയെ ചേർത്തിട്ടില്ലെന്നു പറഞ്ഞ സാഹചര്യത്തിൽ രേഖാമൂലം അപേക്ഷ നൽകിയാൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റൂ എന്നിരിക്കെ ഇതെങ്ങനെ സംഭവിക്കുമെന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. മാത്രമല്ല സാജൻ്റെ അക്കൗണ്ടിൽ ലക്ഷങ്ങൾ ഉണ്ടെന്ന് അറിയാവുന്ന വ്യക്തിക്കു മാത്രമേ ഇത്രയും തുക പിൻവലിക്കാൻ സാധിക്കൂ. ആകെ ഉണ്ടായിരുന്ന തുകയിൽ 800 രൂപ മാത്രം ബാക്കി വച്ച് മുഴുവൻ തുകയും പിൻവലിക്കാനിടയായ സംഭവവും ദുരൂഹമായി തുടരുകയാണ്. ഇതിൻ്റെയെല്ലാം ഉത്തരമാണ് ഇനി ബാങ്കും പോലീസും കണ്ടെത്താനുള്ളത്. പാലായിലെ ഒരു അഭിഭാഷകൻ്റെയും 5500 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു.
ബാങ്കുമായി ബന്ധപ്പെട്ട ആളുകളുടെ സഹായം ഉണ്ടാവാൻ ഇടയുണ്ടെന്നും ഇക്കാര്യം ബാങ്ക് മാനേജ്മെൻറ് പരിശോധിക്കണമെന്നും ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസും സെക്രട്ടറി സാംജി പഴേപറമ്പിലും ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെട്ടവരോ സംസ്ഥാന തല ഉദ്യോഗസ്ഥരോ വിവരം വ്യക്തമാക്കാൻ തയ്യാറാകാതെ വന്നതോടെ ശക്തമായ പ്രതിക്ഷേധം ഉണ്ടാവുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകിയിരുന്നു.
സൈബർ സെല്ലിൽ പരാതി നൽകിയെങ്കിലും 8 ദിവസം പിന്നിട്ടിട്ടും നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല. നിരവധി മറ്റു കേസുകൾ ഉണ്ടെന്ന കാരണമാണ് താമസത്തിന് കാരണമെന്ന് പറയപ്പെടുന്നു. അതേ സമയം പണം നഷ്ടപ്പെട്ടതെങ്ങനെയെന്നുള്ള അന്വേഷണം ബാങ്ക് തലത്തിലും പോലീസ് തലത്തിലും പുരോഗമിക്കുകയാണ്. ഇതിനോട് സഹകരിക്കണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ സി സാജൻ പറഞ്ഞു.
കെ സി സാജൻ്റെ പണം നഷ്ടപ്പെട്ട വഴി കണ്ടുപിടിക്കണമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഉടനടി ഉപഭോക്താവിന് നഷ്ടപ്പെട്ട പണം തിരികെ ലഭ്യമാക്കിയ ഇൻഡസ് ഇൻഡ് ബാങ്ക് മാനേജ്മെൻറിനെ ഫൗണ്ടേഷൻ അഭിനന്ദിച്ചു. ഈ നടപടി തികച്ചും മാതൃകാപരമാണെന്നും യോഗം വിലയിരുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.