Subscribe Us



പാലായിൽ പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയുടെ അവസാനത്തെ ഇരയായി കൃഷ്ണദേവും മരണത്തിന് കീഴടങ്ങി

പാലാ: പാലായിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ കുറ്റകരമായ അനാസ്ഥയുടെ ബലിയാടായി മൂന്നു മാസത്തിലേറെയായി കഠിന  വേദനയുടെ ലോകത്തായിരുന്ന വള്ളിച്ചിറ നെല്ലിയാനി തെക്കേ നെല്ലിയാനി സുധീഷിൻ്റെ മകൻ കൃഷ്ണദേവും (6) വേദനയില്ലാത്ത ലോകത്തേയ്ക്ക് യാത്രയായി. 

പൂഞ്ഞാർ - ഏറ്റുമാനൂർ ഹൈവേയിൽ ഇക്കഴിഞ്ഞ ജനുവരി 30 ന് രാത്രി 9.30 തോടെ ഫുട്പാത്ത് കയ്യേറിയും റോഡരുകിലുമായി അലക്ഷ്യമായി നിർമ്മിച്ചുകൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് സ്ലാബിൽ തട്ടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിൽ എതിർദിശയിൽ വന്നിടിച്ചുണ്ടായ  അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു കൃഷ്ണദേവ്. അപകടത്തിൽ കൃഷ്ണദേവിൻ്റെ സഹോദരി കൃഷ്ണപ്രിയ തൽക്ഷണം മരണപ്പെട്ടിരുന്നു. 
വാഹനമോടിച്ചിരുന്ന ഇവരുടെ പിതാവ് സുധീഷ് (42), ഭാര്യ അമ്പിളി (39) സുധീഷിൻ്റെ മാതാവ് ഭാർഗ്ഗവിയമ്മ (70) എന്നിവർക്കും സാരമായി പരുക്കേറ്റിരുന്നു. അമ്പിളിയുടെ കയ്യൂരുള്ള വീട്ടിൽപ്പോയി മടങ്ങും വഴിയാണ് ഇവർ അപകടത്തിൽപ്പെട്ടത്. എതിർദിശയിൽ വന്ന കെ എസ് ആർ ടി സി ബസ്സിൻ്റെ ഹെഡ് ലൈറ്റ് ഓട്ടോ ഡ്രൈവറുടെ കണ്ണിലടിച്ചപ്പോൾ ഓട്ടോ സൈഡിലേക്ക് മാറ്റുകയും സൈഡിൽ നിർമ്മിച്ചിട്ടിരുന്ന സ്ലാബിൽ ഓട്ടോ തട്ടി നിയന്ത്രണം വിടുകയുമായിരുന്നുവെന്ന് സുധീഷ് നേരത്തെ പറഞ്ഞിരുന്നു. ഇങ്ങനെ നിയന്ത്രണം വിട്ട ഓട്ടോയിലാണ് ബസ് ഇടിച്ച് അപകടം സംഭവിച്ചത്.   
ഇടപ്പാടി മുതൽ ഭരണങ്ങാനം വരെ റോഡ് സുരക്ഷ ലക്ഷ്യമാക്കി റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും അനുവദിച്ച 95.5 ലക്ഷം രൂപയുടെ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കായി നിർമ്മിച്ച കോൺക്രീറ്റ് സ്ലാബുകളാണ് കരാറുകാരൻ അമിതലാഭത്തിനായി റോഡരുകിൽ തന്നെ നിർമ്മിച്ചത്. ഇതിൽ തട്ടിയാണ് ഓട്ടോറിക്ഷാ അപകടത്തിൽപ്പെട്ടത്. ഒരു വർഷം മുമ്പ് ആരംഭിച്ച പണി കരാറുകാരൻ്റെ പിടിപ്പുകേടുകൊണ്ട് ഇപ്പോഴും തുടരുകയാണ്. ഇങ്ങനെ പണി നീണ്ടു പോയതാണ് അപകടത്തിനു കാരണം. 
കൃത്യമായി പണി എടുപ്പിക്കാനോ നടപടി എടുക്കാനോ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും പണി നീണ്ടുപോകാൻ ഇടയാക്കി. അപകടത്തിൽ അന്ന് ഒരാൾ മരിക്കുകയും മറ്റുള്ളവർക്കു പരിക്കേൽക്കുകയും ചെയ്തതിനു തൊട്ടുപിന്നാലെ അലക്ഷ്യമായി നിർമ്മിച്ച സ്ലാബുകളെല്ലാം മാറ്റുകയും ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരെ കണ്ടെത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ ഒന്നും ശ്രമിക്കാതെ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
പാലായിലെ പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ അനാസ്ഥയുടെ ഇരകളാണ് കൃഷ്ണപ്രിയയും കൃഷ്ണദേവും. അപകടങ്ങൾ എത്ര നടന്നാലും മരണങ്ങൾ എത്ര സംഭവിച്ചാലും ലക്ഷങ്ങൾ ശമ്പളം കൈപ്പറ്റുന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ കണ്ണു തുറക്കാറേ ഇല്ല. പൊതുമരാമത്ത് നിരത്ത് വിഭാഗം അധികൃതരുടെ അനാസ്ഥ മൂലം പാലായിൽപ്പെട്ടു പരിക്കേൽക്കുകയും മരണം സംഭവിക്കുകയും ചെയ്തവർ ഇനിയുമുണ്ട്.
ഈ മരണവ്യാപാരികളുടെ ലിസ്റ്റിലെ ഏറ്റവും അവസാനത്തെ ഇരയാണ് കൃഷ്ണദേവ്. ഈ കുരുന്നിൻ്റെ ജീവനപഹരിച്ചതിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഇവർക്കു ഒഴിഞ്ഞു മാറാനാവില്ല. രാഷ്ട്രീയ തണലിൽ ഇവർ സുരക്ഷിതരായി മുന്നേറുമ്പോൾ കാലം ഇവരോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും.

Post a Comment

0 Comments