Subscribe Us



സ്വപ്നങ്ങൾ ബാക്കി നിർത്തി ജയ്സൺ പാലാ യാത്രയായി

പാലാ: ഒരു ജീവിതകാലം മുഴുവനും ക്യാമറകൾ ശേഖരിക്കുവാനായി നെട്ടോട്ടം ഓടി ജയ്സൺ പാലാ (60 ) . ഇന്ന് ഓട്ടം നിലച്ചു. ഹൃദയ സംബന്ധമായ അസുഖമായിരുന്നു മരണകാരണം. ക്യാമറകൾക്ക് വേണ്ടി ഒരു കാഴ്ച ബംഗ്ലാവ് തന്നെ തീർക്കുകയായിരുന്നു ജയ്സന്റെ ആഗ്രഹം. പക്ഷേ അത് പൂർത്തീകരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇന്ത്യയുടെ ആദ്യത്തെ വനിതാ ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്ന ഹോമായ് വ്യാരവല്ല കയ്യില്‍ വലിയൊരു ക്യാമറയും പിടിച്ചുകൊണ്ടു നില്‍ക്കുന്ന ഫോട്ടോ പല പ്രസിദ്ധീകരണങ്ങളിലും വന്നിട്ടുള്ളതാണ്. ആ ഫോട്ടോ കണ്ടിട്ടുള്ളവര്‍ക്കെല്ലാം അത്തരം ഒരു ക്യാമറയും ഫ്ളാഷും കാണണമെന്ന ആഗ്രഹമുദിക്കും. പലരും കേരളം വിട്ട് അന്യനാടുകളില്‍ പോയി അത്തരം ക്യാമറകള്‍ കാണും. 
ക്യാമറ കാണാന്‍ കഴിയാത്തവര്‍ക്ക് നിരാശയും. ആരും നിരാശപ്പെടേണ്ട കാര്യമില്ല. അത്തരം ക്യാമറ കാണാന്‍ മറുനാട്ടില്‍ പോകണമെന്നില്ല. നേരെ പാലായില്‍ എത്തുക. ജെയ്സണ്‍ പാലായുടെ കൈയ്യ് വശം അതുണ്ടായിരുന്നു.
ഒരു നൂറ്റാണ്ടു പഴക്കമുള്ള ആയിരത്തിലേറെ ക്യാമറകളുടെ ഒരു അപൂര്‍വ ശേഖരം അദ്ദേഹത്തിന്‍റെ പക്കല്‍ കാണുവാന്‍ സാധിക്കും. ക്യാമറകളെക്കുറിച്ച് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും അവിടെ കടന്നു ചെല്ലാം. 
ഹോമായ് വ്യാരവല്ല ഉപയോഗിച്ചിരുന്നതുപോലെയുള്ള ക്രൗണ്‍ ഗ്രാഫിക്സ് ക്യാമറയും ബള്‍ബ് ഫിറ്റു ചെയ്യുന്ന ഫ്ളാഷും ഉള്‍പ്പെടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ധാരാളം ക്യാമറകളും, ലെന്‍സും എല്ലാം നമുക്ക് കാണുവാന്‍ സാധിക്കും. ക്രൗണ്‍ ഗ്രാഫിക്സ് ക്യാമറയുടെ മറ്റൊരു പ്രത്യേകതകൂടി നമുക്ക് മനസിലാക്കാം. ആ ക്യാമറയില്‍ 35 എംഎം ഫിലിമും, 120 ഫിലിമും, കട്ട് ഫിലിമും ഉപയോഗിക്കാം. പഴയ ക്യാമറകളെക്കുറിച്ച് ഇത്തരം ഒത്തിരി പ്രത്യേകതകള്‍ അവിടെനിന്ന് അറിയാം.
നേരത്തെ ഇറങ്ങിയിട്ടുള്ള എല്ലാ ക്യാമറകളും ജയ്സന്‍ പാലായുടെ കയ്യിലുണ്ടായിരുന്നു. 
ക്രൗണ്‍ഗ്രാഫിക്സ് ക്യാമറ, ലിന്‍ഹേള്‍ ക്യാമറകള്‍, ബോക്സ് ക്യാമറകള്‍, ഫീല്‍ഡ് ക്യാമറകള്‍, ഫോള്‍ഡറിംഗ് ക്യാമറകള്‍, 35 എം.എം.ഫിലിമില്‍ 70 പിക്ചേഴ്സ് എടുക്കാവുന്ന ഒളിമ്പസ് പെന്‍ ക്യാമറ, കീവ് 120 എസ്എന്‍ആര്‍, മാമിയ 120 എസ്എല്‍ആര്‍, റോളിഫ്ളക്സ് ടി.എല്‍ആര്‍, റോളികോഡ് ടിഎല്‍ആര്‍, നിക്കോണ്‍ എഫ്-3, വിവിധതരം 110 ഫിലിം ക്യാമറകള്‍, ഫോട്ടോ എടുത്താല്‍ ഉടന്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ ലഭിക്കുന്ന പോളറോയ്ഡ് ക്യാമറകള്‍, ബള്‍ബ് ഉപയോഗിച്ചുള്ള ഫ്ളാഷുകള്‍. 
പണ്ടുകാലത്തെ സിനിമ ചിത്രീകരണത്തിനുപയോഗിച്ചിരുന്ന ക്യാമറകള്‍ ടി.എല്‍.ആറും, എസ്എല്‍ആറും അടക്കമുള്ള പഴയ ക്യാമറകള്‍ മാത്രമല്ല ആധുനിക ക്യാമറകളുടെയും അപൂര്‍വമായ ശേഖരം ജയ്സണ്‍ പാലായ്ക്ക് ഉണ്ട്.
ജയ്സണ് പണ്ടെങ്ങോ നഷ്ടപ്പെട്ട അഗ്ഫാ ക്ലിക്കും ക്യാമറ അന്വേഷിച്ചു നടന്ന കൂട്ടത്തിലാണ് പഴയക്യാമറകളുടെയും ഫിലിമുകളുടെയും ഫോട്ടോഗ്രാഫിക് മാഗസീനുകളുടെയും ശേഖരത്തിലേയ്ക്ക് അദ്ദേഹത്തിനെ എത്തിച്ചത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ക്യാമറ തേടി ജയ്സണ്‍ യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ ജയ്സന്‍റെ ക്യാമറശേഖരം വികസിച്ചു. 
ക്യാമറവയ്ക്കാന്‍ വീട്ടിലെ മുറി തികയാതെ വന്നപ്പോള്‍ വാടകയ്ക്ക് മുറിയെടുത്താണ് ഇപ്പോള്‍ ക്യാമറകള്‍ സൂക്ഷിക്കുന്നത്.
1984-ലെ ലോസാഞ്ചല്‍സ് ഒളിംപിക്സില്‍ ഉപയോഗിച്ച കാനോണ്‍ ക്യാമറ ചെന്നൈയില്‍ ഉണ്ടെന്നറിഞ്ഞ് ഉടന്‍തന്നെ ജയ്സണ്‍ ചെന്നൈയിലേയ്ക്ക് വണ്ടികയറി. തമിഴ് നാട്ടിലെ പ്രതാപശാലിയായിരുന്ന ഒരു ഫോട്ടോഗ്രാഫറുടെ വീട് തേടിപ്പിടിച്ചെത്തി. വീട്ടില്‍ ഫോട്ടോഗ്രാഫറും ഭാര്യയും മാത്രമാണ് താമസം. ജീവിക്കാന്‍ നിവൃത്തിയില്ലാത്തതിനാലാണ് ക്യാമറ വില്‍ക്കുന്നത് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ ആര്‍ക്കും മനസിലാകുന്ന അവസ്ഥയിലാണ് അവരുടെ താമസം. ക്യാമറയ്ക്ക് വിലപറഞ്ഞുറപ്പിച്ച് പണം കൈമാറിയ ഉടന്‍ ആ പഴയ ഫോട്ടോഗ്രാഫറുടെ കണ്ണു നിറഞ്ഞു. അദ്ദേഹം പറഞ്ഞു- 
എന്‍റെ കണ്ണിനു മുന്നിലൂടെ അത് കൊണ്ടുപോകരുത്. അത് കാണാനുള്ള കരുത്ത് എനിക്കില്ല. ഇതുപോലെ ഒരുപാട് പേര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ക്യാമറകള്‍ ജയ്സന്‍റെ പക്കലുണ്ട്.
ഒരുപാട് മഹാന്മാരുടെയും മഹതികളുടെയും ചിത്രം എടുത്തിട്ടുള്ള ക്യാമറകളും, അനേകായിരം ആള്‍ക്കാരുടെ സന്തോഷവും സങ്കടവും ഒപ്പിയെടുത്ത ക്യാമറകള്‍കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ഒരു ക്യാമറ മ്യൂസിയം തുടങ്ങുക എന്നും ഫോട്ടോഗ്രാഫിയുടെ ആദ്യകാല ചരിത്രം മുതല്‍ ഇന്നുവരെയുള്ള അനുഭവങ്ങളും വെളിപ്പെടുത്തുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കണമെന്നും ജയ്സണ്‍ പാലക്ക് ആഗ്രഹമുണ്ടായിരുന്നു.

(അന്തരിച്ച ജയ്സൺപാലായെക്കുറിച്ച് പ്രശസ്ത ഫോട്ടോഗ്രാഫി മാഗസിനായ ഫോട്ടോവൈഡ് പ്രസിദ്ധീകരിച്ച ലേഖനം)

Post a Comment

0 Comments