പാലാ ടൈംസ് എക്സ്ക്ലൂസീവ്
പ്രത്യേക ലേഖകൻ
പാലാ: വ്യാപാരിക്കു പിന്നാലെ അക്കൗണ്ടിൽനിന്നും പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി കൂടുതൽ പേർ രംഗത്തുവരുന്നു. പാലായിലെ പ്രമുഖ അഭിഭാഷകനാണ് പുതിയ പരാതിക്കാരൻ. കൊട്ടാരമറ്റത്ത് ഏതാനും വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച ഇന്ഡസ്ഇന്ഡ് ബാങ്കിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
അഭിഭാഷകൻ്റെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 5500 രൂപയാണ് നഷ്ടമായിരിക്കുന്നത്. ഇതിനെതിരെ പരാതി നൽകുമെന്ന് അഭിഭാഷകൻ 'പാലാടൈംസി'നോട് പറഞ്ഞു.
കഴിഞ്ഞ മാസം 27 ന് തൻ്റെ അക്കൗണ്ടിൽ നിന്നും ഏഴു ലക്ഷത്തി മുപ്പത്തീരായിരം രൂപ താനറിയാതെ പിൻവലിച്ചെന്നു കാട്ടി അന്നു തന്നെ പാലായിലെ വ്യാപാരിയായ കെ സി സാജൻ പാലാ പോലീസിൽ പരാതി നൽകിയിരുന്നു. രണ്ടു തവണയായിട്ടാണ് തൻ്റെ അറിവും സമ്മതവുമില്ലാതെയാണ് പണം പിൻവലിക്കപ്പെട്ടതെന്ന് സാജൻ പാലാ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദ്യ തവണ രണ്ടു ലക്ഷത്തി മുപ്പത്തീരായിരം രൂപയും പിന്നീട് അഞ്ചു ലക്ഷം രൂപയുമാണ് പിൻവലിക്കപ്പെട്ടതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സെഖ് മനിറുദ്ദീൻ എന്നയാളുടെ അക്കൗണ്ടിലേയ്ക്കാണ് സാജൻ്റെ അക്കൗണ്ടിൽ നിന്നും പണം മാറ്റിയതെന്ന് അക്കൗണ്ട് സ്റ്റേറ്റ്മെൻറിൽ നിന്നും വ്യക്തമായിട്ടുണ്ട്.
സാജനോട് രണ്ടു ദിവസം സാവകാശം ബാങ്ക് അധികൃതർ ആവശ്യപ്പെട്ടെങ്കിലും അതു കഴിഞ്ഞിട്ടും കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. സാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൽ നിന്നും സാജനെ വിളിച്ച് വിവരങ്ങൾ ആരാഞ്ഞു. എന്നാൽ സാജൻ്റെ പരാതി സംബന്ധിച്ച ഫയൽ സൈബർ സെല്ലിൽ സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും എത്തിയിട്ടില്ലെത്രെ. ഇത് ലഭ്യമായാൽ മാത്രമാണത്രെ മറ്റു നടപടികളിലേയ്ക്കു കടക്കാൻ സാധിക്കൂവെന്നാണ് അറിയാൻ സാധിക്കുന്നത്.
അതേ സമയം കൂടുതൽ പേർക്കു പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമായിട്ടില്ല. എങ്ങനെയാണ് പണം നഷ്ടപ്പെടാനിടയായതെന്നു പണം നഷ്ടമായ വ്യാപാരിയോട് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. സ്ഥിര നിക്ഷേപത്തിനു ബദലായി നൽകിയ ഓഡി അക്കൗണ്ടിൽ നിന്നുമാണ് വ്യാപാരിക്കു രണ്ടു തവണയായി പണം നഷ്ടമായതെങ്കിൽ അഭിഭാഷകൻ്റെ സേവിംഗ് അക്കൗണ്ടിലെ പണമാണ് നഷ്ടപ്പെട്ടത്. തൻ്റെ അക്കൗണ്ടിൽ നിന്നും നഷ്ടമായ പണം തിരികെ ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായി പ്രതികരിക്കാൻ തയ്യാറെടുക്കുകയാണ് വ്യാപാരി.
ബാങ്ക് അധികൃതരെ 'പാലാ ടൈംസ്' പ്രതിനിധി ബന്ധപ്പെട്ടെങ്കിലും സംഭവത്തോടു പ്രതികരിക്കാൻ അവർ കൂട്ടാക്കിയിട്ടില്ല.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.