Subscribe Us



പാലായിലെ ന്യൂജൻ ബാങ്കിൽനിന്നും ഉപഭോക്താവറിയാതെ പണം പിൻവലിച്ചു; നഷ്ടപ്പെട്ടത് ഏഴുലക്ഷത്തിൽപരം രൂപയുടെ സ്ഥിരനിക്ഷേപം

പാലാ ടൈംസ് എക്സ്ക്യൂസീവ്

പാലാ: പാലായിലെ ന്യൂജൻ ബാങ്കിൽ നിക്ഷേപിച്ച ഏഴു ലക്ഷത്തിൽപരം ഏതാനും വർഷം മുമ്പ് നിക്ഷേപം നഷ്ടപ്പെട്ടതായി പരാതി. ഇതു സംബന്ധിച്ചു പണം നഷ്ടപ്പെട്ട പാലായിലെ വ്യാപാരി പരാതി നൽകി. പാലാ കൊട്ടാരമറ്റത്ത് ഏതാനും വർഷം മുമ്പ് ആരംഭിച്ച ന്യൂജൻ ബാങ്കിൽ നിന്നുമാണ് സ്ഥിര നിക്ഷേപം നഷ്ടപ്പെട്ടത്. 

കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് അക്കൗണ്ടിലെ പണം പിൻവലിച്ചതായി ഫോണിൽ വ്യാപാരിക്കു എസ് എം എസ് സന്ദേശം ലഭിച്ചത്. ഇതേത്തുടർന്ന്  ബാങ്കിലെത്തി പരാതി നൽകി. 
സാധാരണ ബാങ്കിംഗ് തട്ടിപ്പ് അരങ്ങേറുന്ന വിധത്തിൽ യാതൊരു സന്ദേശവും വ്യാപാരിക്കു ലഭിച്ചിരുന്നില്ലെന്നു വ്യാപാരി തന്നെ പറയുന്നു. സാധാരണ പാൻ കാർഡ് അപ്ഡേഷൻ, അക്കൗണ്ട് മരവിപ്പിക്കൽ തുടങ്ങിയ രീതിയിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കുമ്പോഴാണ് പണം നഷ്ടപ്പെടാറുള്ളത്. എന്നാൽ അത്തരത്തിൽ യാതൊരു സന്ദേശവും എത്തിയിട്ടില്ലെന്നും താൻ ഈ പണമിടപാടുമായി ബന്ധപ്പെട്ടു യാതൊന്നും ചെയ്തിട്ടില്ലെന്നും വ്യാപാരി പറയുന്നു. 

ഇതോടെ സ്ഥിരനിക്ഷേപമായി നൽകിയിട്ടുള്ള അക്കൗണ്ടിലെ ലക്ഷങ്ങൾ നഷ്ടപ്പെട്ടതു സംബന്ധിച്ചു ദുരൂഹത ഉയർന്നിരിക്കുകയാണ്. സ്ഥിരനിക്ഷേപം നടത്തുമ്പോൾ നൽകുന്ന സ്ഥിരനിക്ഷേപ സർട്ടിഫിക്കേറ്റ് ബാങ്കിൽ സമർപ്പിച്ച് അപേക്ഷ സമർപ്പിച്ചാൽ മാത്രമേ തുക പിൻവലിക്കാനാവൂ. സ്ഥിര നിക്ഷേപ സർട്ടിഫിക്കേറ്റ് നഷ്ടപ്പെട്ടാൽ പണം പിൻവലിക്കണമെങ്കിൽ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകേണ്ടിവരും. 
സ്ഥിര നിക്ഷേപം പിൻവലിക്കുന്ന തുക ആദ്യം ഉടമയുടെ അക്കൗണ്ടിലേക്ക് മാറ്റും. തുടർന്നു ചെക്ക് മുഖേന പണം എടുക്കുകയോ മറ്റ് അക്കൗണ്ടുകളിലേയ്ക്ക് ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാനാവും. ഇവിടെ സ്ഥിരനിക്ഷേപം പിൻവലിക്കാൻ ഇടപാടുകാരൻ ആവശ്യപ്പെട്ടിട്ടില്ല. സ്ഥിരനിക്ഷേപ സർട്ടിഫിക്കേറ്റ് ഉപഭോക്താവിൻ്റെ കൈവശവും ഉണ്ട്.

സ്ഥിര നിക്ഷേപം പിൻവലിക്കുന്നത് കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നിലവിലുള്ളതിനാൽ ഒറ്റയടിക്ക് പിൻവലിക്കാനാവില്ല. മറ്റു തട്ടിപ്പുകളൊക്കെ ഒടിപി അടക്കം ഉപഭോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുത്ത് അല്ലെങ്കിൽ ഉപഭോക്താവിനെക്കൊണ്ട് തന്നെ രഹസ്യവിവരങ്ങൾ ഹാക്കറുടെ സൈറ്റിൽ തെറ്റിദ്ധരിപ്പിച്ച് വാങ്ങിയാണ് നടത്തുന്നത്. അതിനാൽ തന്നെ ബാങ്ക് ജീവനക്കാരുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടാവാം ഈ തട്ടിപ്പിനു പിന്നിലെന്നും സംശയമുയർന്നിട്ടുണ്ട്.
പരാതിയുമായി എത്തിയ ഉപഭോക്താവിനോട് രണ്ടു ദിവസത്തെ സാവകാശമാണ് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്.

Post a Comment

0 Comments