Subscribe Us



വൈദ്യുതി തകരാർ; പാലായിലെ വിവിധ മേഖലകളിൽ 20 മണിക്കൂറിലധികമായി ജനം ദുരിതത്തിൽ

കൊച്ചിടപ്പാടിയിൽ ടച്ചിംഗ് വെട്ടുന്നു

പാലാ: കെ എസ് ഇ ബി അധികൃതരുടെ പിടിപ്പുകേടിൽ ദുരിതമനുഭവിക്കുകയാണ് പാലായിലെ വിവിധ മേഖലകളിൽ ഉള്ളവർ. ഇന്നലെ വൈകിട്ട് ഉണ്ടായ വേനൽ മഴയെത്തുടർന്നു നിലച്ച വൈദ്യുതി വിതരണം 20 മണിക്കൂർ പിന്നിട്ടിട്ടും പലയിടത്തും പുന:സ്ഥാപിക്കാൻ അധികൃതർക്കായിട്ടില്ല. 

അധികൃതരുടെ പിടിപ്പുകേടുമൂലം ക്രൈസ്തവർ ഇന്നലെ പെസഹാ ആചരിച്ചത് മെഴുകുതിരി വെളിച്ചത്തിൽ ആയിരുന്നു. ഉയർന്ന താപനിലയിൽ ദുഃഖവെള്ളി ആചരണവും വൈദ്യുതി ഇല്ലാതെയാണ് നടക്കുന്നത്. ആദ്യമായിട്ടാണ് പെസഹായ്ക്കും ദുഃഖവെള്ളിക്കും പല മേഖലകളിലും വൈദ്യുതി വിതരണം തടസ്സപ്പെടുന്നത്.

കടുത്ത പകൽ ചൂടിൽ പുറത്തിറങ്ങരുതെന്ന അധികൃതരുടെ നിർദ്ദേശം നിലനിൽക്കുമ്പോൾ വൈദ്യുതി ഇല്ലാത്തതിനാൽ വീടിനുള്ളിൽ ഇരിക്കാനും കഴിയാത്തത്ര ബുദ്ധിമുട്ടിലാണ് ആളുകൾ.

വൈദ്യുതി തകരാർ ഉണ്ടായാൽ സമയോചിതമായി പരിഹരിക്കാൻ  കഴിയാത്തത് കെ എസ് ഇ ബിയുടെ പരാജയമാണ് സൂചിപ്പിക്കുന്നത്. വൈദ്യുതി നിലച്ചിട്ട് 20 മണിക്കൂർ പിന്നിട്ടിട്ടും തകരാർ പരിഹരിക്കാനാവാത്ത കെ എസ് ഇ ബി വലിയ ദുരന്തമാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. 

വൈദ്യുതി പുനഃസ്ഥാപിക്കാത്തതിനെ കുറിച്ച് വ്യാപക പരാതി ഉയർന്നപ്പോൾ അറ്റകുറ്റപണി എന്ന് ഉപഭോക്താക്കൾക്കു സന്ദേശം നൽകി ടച്ചിംഗ് വെട്ടുമായി രംഗത്തു വന്നിരിക്കുകയാണ് കെ എസ് ഇ ബി. ഏതാനും ആഴ്ച മുമ്പും ഈ മേഖലയിൽ ടച്ചിംഗ് വെട്ട് നടത്തിയിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. 

കവീക്കുന്ന്, കൊച്ചിടപ്പാടി മേഖലയിലെ ചീരാംകുഴി ട്രാൻസ്ഫോമർ പരിധിയിലും ജനം ദുരിതത്തിലാണ്. ട്രാൻസ്ഫോമറിലെ കേബിൾ കത്തിപ്പോയതാണ് പ്രശ്നമെന്നാണ് കെ എസ് ഇ ബിയുടെ വാദം. ഇന്നലെ വൈകിട്ടു കത്തിയിട്ടും കണ്ടുപിടിക്കാൻ ഉച്ചവരെ സമയം എടുത്തതും പിടിപ്പുകേടാണെന്ന് നാട്ടുകാർ കുറ്റപ്പെടുന്നു. ജീവനക്കാർ അവധിയിലാണെന്നും പറയുന്നു. എന്നാൽ അടിയന്തിര ഘട്ടത്തിൽ ആളെ വിളിക്കാൻ സംവീധാനമില്ലേ എന്നും നാട്ടുകാർ ചോദിക്കുന്നു. 

വൈകുന്നേരത്തോടെ വൈദ്യുതി പുന:സ്ഥാപിക്കാൻ കഴിയുമെന്ന് അധികൃതർ പറയുമ്പോൾ വൈകുന്നേരം മഴ ഉണ്ടായാൽ വൈദ്യുതി വീണ്ടും തടസ്സപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. 






Post a Comment

0 Comments