Subscribe Us



കെ എസ് ഇ ബിയുടെ പിടിപ്പുകേട്: പാലായിൽ മെഴുകുതിരി വെളിച്ചത്തിൽ പെസഹാ ആചരണം

പാലാ: കെ എസ് ഇ ബി അധികൃതരുടെ പിടിപ്പുകേടുമൂലം പാലായിലെ വിവിധ മേഖലകളിൽ ക്രൈസ്തവ വിശ്വാസികൾ മെഴുകുതിരി വെളിച്ചത്തിൽ പെസഹാ ആചരിച്ചു. ഇന്നലെ വൈകിട്ട് ഉണ്ടായ മഴയെയും ഇടിയെയും മിന്നലിനെയും തുടർന്നു വൈദ്യുതി ബന്ധം തടസ്സപ്പെടുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ 10 :30 വരെയും വൈദ്യുതി ബന്ധം പുന: സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് തയ്യാറായിട്ടില്ല.

വൈദ്യുതി വകുപ്പിൻ്റെ പിടിപ്പുകേടാണ് പെസഹാ ആചരണം മെഴുകുതിരി വെട്ടത്തിൽ ആയതിനു കാരണമെന്ന് വിശ്വാസികളും നാട്ടുകാരും കുറ്റപ്പെടുത്തുന്നു. വല്ലപ്പോഴും സംഭവിക്കുന്ന തകരാറല്ല ഇതെന്ന് നാട്ടുകാർ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നു. എപ്പോൾ മഴ പെയ്യുകയോ ഇടിയും മിന്നലും ഉണ്ടാകുകയോ ചെയ്താലും പാലായിലും പരിസര പ്രദേശങ്ങളിലും വൈദ്യുതി തടസ്സം നിത്യസംഭവമാണ്. മറ്റു പ്രദേശങ്ങളിൽ മഴയും ഇടിയും മിന്നലും ഇതേ സമയം ഉണ്ടാവാറുണ്ടെങ്കിലും അവിടെങ്ങളിലൊന്നും ഇത്രയും വൈദ്യുതി തകരാർ ഉണ്ടാവാറില്ലെന്നു നാട്ടുകാർ പറഞ്ഞു. 

വൈദ്യുതി തടസ്സം വ്യക്തമായിട്ടും ഇന്ന് രാവിലെ 10.30 കഴിഞ്ഞിട്ടും അധികൃതർ നടപടികൾ സ്വീകരിച്ചിട്ടില്ല. നഗരത്തിലെ ചില കേന്ദ്രങ്ങളിൽ ലൂപ്പ് ചെയ്തു വൈദ്യുതി എത്തിക്കുക മാത്രമാണ് അധികൃതർ ചെയ്തിരിക്കുന്നത്. നിരന്തരം സംഭവിക്കുന്ന വൈദ്യുതി തകരാറിന് ശ്വാശ്വത പരിഹാരം കാണാൻ കഴിയാത്തത് ഉപഭോക്താക്കളുടെ ഗതികേടാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. മറ്റു സ്ഥലങ്ങളിൽ ഉണ്ടാവാത്ത വിധം വൈദ്യുതി തകരാറുകളാണ് പാലായിലും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ഉണ്ടാവുന്നത്. ഇതിന് അടിയന്തിര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.


Post a Comment

0 Comments