Subscribe Us



പിഞ്ചുകുഞ്ഞിൻ്റെ അസ്വഭാവിക മരണം: അമ്മയുടെ പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിർദ്ദേശം

പാലാ: മതിയായ ചികിത്സ നൽകാതെ തിരിച്ചയച്ചതിനെത്തുടർന്ന് നാലു മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് മരണപ്പെട്ടുവെന്ന മാതാവിൻ്റെ പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. പാലാ രാമപുരം നീറന്താനം മുകേഷ് ഭവനിൽ മുകേഷ്കുമാറിൻ്റെ ഭാര്യ ഗീതു രാജേന്ദ്രൻ നൽകിയ പരാതിയെ തുടർന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ടിനും ഡയറക്ടർ ഓഫ് ഹെൽത്ത് സർവ്വീസസിനുമാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
ഗീതു രാജേന്ദ്രൻ മുഖ്യമന്ത്രിക്കു നൽകിയ പരാതി താഴെ

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി മുമ്പാകെ കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിലെ നീറന്താനം മുകേഷ്ഭവനിൽ മുകേഷ്കുമാറിൻ്റെ ഭാര്യ ഗീതു രാജേന്ദ്രൻ സമർപ്പിക്കുന്ന പരാതി


ബഹുമാനപ്പെട്ട സാർ,

വിഷയം: നാലുമാസം പ്രായമായ മകൾ അക്ഷര ആവശ്യമായ ചികിത്സ കിട്ടാതെ മരണപ്പെട്ടതു സംബന്ധിച്ച്


എൻ്റെ രണ്ടാമത്തെ കുട്ടിയായിരുന്നു അക്ഷര. അക്ഷര ജനിച്ചിട്ട് നാലുമാസത്തോളമായി. ഇക്കഴിഞ്ഞ ഒന്നാം തിയതി രാത്രിയിൽ കുട്ടിക്കു ശ്വാസമെടുക്കാൻ തടസ്സമുള്ളതായും കുറുകലും ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു എകദേശം 11.30 മണിയോടെ പാലായിലുള്ള കാർമ്മൽ മെഡിക്കൽ സെൻ്ററിൽ ചികിത്സയ്ക്കായി കൊണ്ടുപോകുകയുണ്ടായി. അവിടെ ചെന്നപ്പോൾ അത്യാഹിത വിഭാഗത്തിൽ സാംജി ജോർജ് എന്ന ജൂനിയർ ഡോക്ടർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടിയെ പരിശോധിച്ച ഡോക്ടർ കുട്ടിക്കു യാതൊരുവിധ അസുഖങ്ങളും ഇല്ലായെന്നും ചികിത്സ നൽകേണ്ട ആവശ്യം ഇല്ലെന്നും പറഞ്ഞു. കുട്ടിക്കു ശ്വാസതടസ്സം ഉണ്ടാകുന്നതും കുറുകലും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുട്ടികൾക്കു അസുഖമുണ്ടെങ്കിൽ തലയിലും മുഖത്തും അസ്വസ്തതകൾ ഉണ്ടാകുമെന്നും ഞങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു. രക്തപരിശോധനയോ എക്സ്റേ പരിശോധനയോ നടത്താൻ തയ്യാറായില്ല. കുട്ടിക്കു നൽകാൻ പാരസെറ്റമോൾ സിറപ്പും നൽകി വീട്ടിലേയ്ക്ക് മടക്കി അയയ്ക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോഴും കുട്ടിക്ക് ശ്വാസമെടുക്കാൻ തടസ്സം നേരിടുന്നതായി മനസിലായെങ്കിലും ഡോക്ടർ പ്രശ്നമൊന്നുമില്ലെന്നു പറഞ്ഞിട്ടുള്ളതിനാൽ മറിച്ചൊന്നും ചിന്തിച്ചില്ല. തുടർന്നു നേരം വെളുത്തിട്ടും കുട്ടിയുടെ അസ്വസ്തതകൾ തുടർന്നപ്പോൾ പീടിയാട്രീഷനെ കാണിക്കാനായി ഞങ്ങൾ വീണ്ടും കാർമ്മൽ ആശുപത്രിയിൽ എത്തി. അപ്പോഴും കുട്ടി എൻ്റെ കൈയ്യിൽ മുറുകെ പിടിക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ അവിടെയുള്ളവർ അത്യാഹിത വിഭാഗത്തിൽ കുട്ടിയെ പ്രവേശിപ്പിക്കുകയും ഞങ്ങളെ എല്ലാവരെയും പുറത്തിറക്കുകയും ചെയ്തു. തുടർന്ന് നഴ്സുമാർ ആരെയൊക്കെയോ ഫോൺ ചെയ്യുന്നതും പൾസ് ഉണ്ടെന്നു പറയുന്നതും കേൾക്കാമായിരുന്നു. ഇടയ്ക്ക് നോക്കിയപ്പോൾ കുട്ടിക്ക് നെബുലൈസേഷൻ കൊടുക്കുന്നതും കണ്ടിരുന്നു. ഏകദ്ദേശം 20 മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു കന്യാസ്ത്രീ വന്ന് കുട്ടിക്കു എന്ത് പറ്റിയതാണെന്ന് തിരക്കുകയും തുടർന്ന് കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ലെന്നും അറിയിച്ചു. തുടർന്നു കുട്ടിയുടെ അടുത്ത് ചെന്നപ്പോൾ കുട്ടിയുടെ കൈയ്യിൽ നിന്നും കാലിൽ നിന്നും രക്തമെടുത്തതിൻ്റെ അടയാളം കാണാൻ സാധിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തിയപ്പോൾ കുട്ടിയെ മരിച്ചാണ് എത്തിച്ചതെന്ന് കളവായ മൊഴി കൊടുക്കുന്നതും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. 

തലേന്ന് രാത്രി കാർമ്മൽ ആശുപത്രിയിൽ എത്തിച്ച കുട്ടിക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നുവെങ്കിൽ എൻ്റെ കുട്ടി മരണപ്പെടുകയില്ലായിരുന്നുവെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു. പരിചയക്കുറവുള്ള ജൂനിയർ ഡോക്ടറെ അത്യാഹിത വിഭാഗത്തിൽ ആശുപത്രി അധികൃതർ നിയോഗിച്ചതു മൂലമാണ് കുട്ടിക്ക് ചികിത്സ നിഷേധിക്കപ്പെട്ടത്. മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ റഫർ ചെയ്യാൻ പോലും ഡോക്ടർ തയ്യാറായില്ല. 

കുട്ടി മരിക്കാനിടയായ സാഹചര്യത്തിൽ ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും  പ്രവർത്തിയെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടികൾ സ്വീകരിച്ച് നീതി ലഭ്യമാക്കണമെന്നും ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെയും ഉത്തരവാദിത്വമില്ലായ്മമൂലം മേലിൽ ഒരു കുട്ടിയ്ക്കും ജീവഹാനി സംഭവിക്കാതിരിക്കാൻ ആവശ്യമായ കർശന നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിച്ചുകൊള്ളുന്നു.


വിശ്വസ്തതയോടെ,


ഗീതു രാജേന്ദ്രൻ


ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, ദേശീയ-സംസ്ഥാന വനിതാ കമ്മീഷൻ, ദേശീയ-സംസ്ഥാന ബാലാവകാശ കമ്മീഷനുകൾ എന്നിവർക്കും ഗീതു രാജേന്ദ്രൻ പരാതി നൽകിയിട്ടുണ്ട്. 

Post a Comment

0 Comments