ന്യൂഡൽഹി: ജബല്‍പൂരില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സിവില്‍ കേസില്‍ വൈദികരെ അപമാനിക്കണമെന്ന ഒറ്റ ഉദ്ദേശത്തോടെ ജബല്‍പൂര്‍ രൂപതയുടെ കഴിഞ്ഞ 10 വര്‍ഷത്തെ വികാര്‍ ജനറലായി പ്രവര്‍ത്തിച്ച പാലാ പൈക കാരികുളം സ്വദേശി ഫാദര്‍ എബ്രഹാം താഴത്തേടത്തിനെ മെയ്മാസം 27 മുതല്‍ അറസ്റ്റ് ചെയ്ത് മധ്യപ്രദേശിലെ ജബല്‍പൂര്‍ ജയില്‍ അടച്ച കിരാത നടപടിയില്‍ പ്രതിഷേധിക്കുന്നതായും അദ്ദേഹത്തെ എത്രയും പെട്ടെന്ന് ജയില്‍ മോചിതനാക്കണമെന്നും കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായ്ക്കും കേരളത്തില്‍ നിന്നുള്ള ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനും നല്‍കിയ കത്തില്‍ ജോസ് കെ മാണി എം പി ആവശ്യപ്പെട്ടു.
ജബല്‍പൂര്‍ രൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയായ ജബല്‍പൂര്‍ ഡയോഷ്യന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനാണ് വികാരി ജനറാല്‍ കൂടിയായിരുന്ന ഫാദര്‍ എബ്രഹാം. ഈ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജബല്‍ പൂരിലെ സെന്റ് അലോഷ്യസ് സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫീസിനെയും, പുസ്തക വില്പനയും സംബന്ധിച്ചുള്ള സിവില്‍ കേസിലാണ് അന്യായമായി ഫാദര്‍ എബ്രഹാമിനെ അറസ്റ്റ് ചെയ്ത് കഴിഞ്ഞ ഒരു മാസമായി ജയിലില്‍ അടച്ചിരിക്കുന്നത്. സ്‌കൂള്‍ നടത്തിപ്പുമായി അദ്ദേഹത്തിന് നേരിട്ട് യാതൊരു ബന്ധവുമില്ല. അന്യസംസ്ഥാനങ്ങളിലെ ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹത്തിന്റെ കപടതയാണ് ജബല്‍പൂരിലെ വൈദികന്റെ ജയില്‍വാസം
സ്വന്തം നാട്ടുകാരനായ ഒരു മലയാളി വൈദികൻ അകാരണമായി ബിജെപി ഭരണത്തില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ജയിലില്‍ കിടക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള ന്യൂനപക്ഷ ക്ഷേമവകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ അടിയന്തരമായി ഇടപെടണമെന്നും ജോസ് കെ മാണി ആവശ്യമുന്നയിച്ചു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.