Subscribe Us



ഭരണസമിതി അംഗങ്ങളുടെ വഴിവിട്ട ഇടപാടിലൂടെ പ്രതിസന്ധിയിലേയ്ക്ക് കൂപ്പുകുത്തിയ 'കിഴതടിയൂർ ബാങ്കി'ൻ്റെ പൊതുയോഗം ഇന്ന് (28/09/2024)

പാലാ: മുൻ ഭരണസമിതി അംഗങ്ങളുടെ വഴിവിട്ട നടപടികൾമൂലം പ്രതിസന്ധിയിലായ കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്ന കിഴതടിയൂർ സർവ്വീസ് സഹകരണ സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന് (28/09/2024) ഉച്ചകഴിഞ്ഞ് 2 മണിക്ക് ബാങ്ക് ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടക്കും. ബാങ്ക് പ്രസിഡൻ്റ് എം എസ് ശശിധരൻനായർ അധ്യക്ഷത വഹിക്കും. 

കോവിഡ് മാനദണ്ഡങ്ങൾ രാജ്യവ്യാപകമായി പിൻവലിച്ചെങ്കിലും ബാങ്ക് പൊതുയോഗം കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ച് ചേരുന്ന യോഗമെന്ന പ്രത്യേകതയും ഇന്നത്തെ യോഗത്തിനുണ്ട്.

യോഗത്തിൽ ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ബാധ്യത വിവരങ്ങൾ, ബൈലോ ഭേദഗതി എന്നിവയും അജണ്ടയിൽ അവതരപ്പിക്കും.

പൊതുയോഗത്തിൽ പങ്കെടുക്കുന്നവർ ബാങ്കിൽ നിന്നും നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡുമായി എത്തണമെന്ന നിർദ്ദേശവുമുണ്ട്. 

അതേസമയം പൊതുയോഗം സംബന്ധിച്ച അറിയിപ്പ് ബാങ്ക് അധികൃതർ പരിമിതമായ രീതിയിൽ മാത്രമാണ് അറിയിച്ചിട്ടുള്ളതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. പൊതുയോഗത്തിൽ അവതരിപ്പിക്കേണ്ട പ്രമേയങ്ങളും ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളും 25 നു മുമ്പ് അറിയിക്കണമെന്ന് നോട്ടീസിൽ കാണിച്ചിട്ടുണ്ടെങ്കിലും ആ തിയതിയ്ക്കു ശേഷമാണ് നോട്ടീസ് പരിമിതമായ രീതിയിൽ പുറത്തുവിട്ടതെന്നും പരാതിയുണ്ട്.

മീനച്ചിൽ താലൂക്കിൻ്റെ ധനസംഭരണി എന്ന പേരിൽ ഖ്യാതി ഉണ്ടായിരുന്ന സ്ഥാപനമാണ് ബാങ്ക് ഭരണസമിതി അംഗങ്ങളൂടെ പിടിപ്പ്കേടിലൂടെ സമാനതകളില്ലാത്ത പ്രതിസന്ധിയിലകപ്പെട്ടത്. ബാങ്ക് ഭരണസമിതി അംഗങ്ങൾ അടക്കം നിരവധി ആളുകൾ അന്യായമായ രീതിയിൽ വായ്പകൾ തരപ്പെടുത്തിയശേഷം വായ്പ തിരിച്ചടയ്ക്കാത്തതാണ് സ്ഥാപനത്തെ വെട്ടിലാക്കിയത്. ഈ സ്ഥാപനത്തിൽ പണം നിക്ഷേപിച്ച ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി പണത്തിനായി ബാങ്കിൽ കയറി ഇറങ്ങുന്നത്. പണം നിക്ഷേപിച്ചവർ നിക്ഷേപിച്ച പണത്തിനു വേണ്ടി സ്ഥാപനം കയറുമ്പോൾ അനധികൃതമായി കോടികൾ കൈക്കലാക്കിയവർ വായ്പ തിരിച്ചടയ്ക്കാതെ സസുഖം വാഴുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 

Post a Comment

0 Comments