Subscribe Us



വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥ; വൈദ്യുതി തൂണിൽ നിന്നും ഷോക്കേറ്റ കുര്യനാട് സ്വദേശിയായ ഏഴു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു

പാലാ: വൈദ്യുതി വകുപ്പിൻ്റെ അനാസ്ഥമൂലം പൊതുനിരത്തിലെ വൈദ്യുതിത്തൂണിൽ നിന്ന്  ഷോക്കേറ്റ ഏഴു വയസുകാരി അത്ഭുതകരമായി രക്ഷപെട്ടു. കുര്യനാട് എത്തയിൽ രാജേഷിൻ്റെ മകളാണ് മാതാവിൻ്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപെട്ടത്. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 12ന് കിഴതടിയൂർ ജംഗ്ഷനിലാണ് സംഭവം.

സമീപത്തെ സ്വകാര്യ ആശുപത്രിയിൽ അസുഖത്തിന് മരുന്നു വാങ്ങി വീട്ടിലേയ്ക്ക് പോകാൻ ബസ് സ്‌റ്റോപ്പിൽ നിൽക്കുമ്പോഴാണ് വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതെന്ന് കുട്ടിയുടെ പിതാവ് രാജേഷ് പാലാ ടൈംസിനോട് പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ മാതാവിനും ഷോക്കേറ്റു. ഒരു വിധം വൈദ്യുതി ലൈനുമായി കുട്ടിയുടെ ബന്ധം വേർപ്പെടുത്തി. തുടർന്നു ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞെത്തിയ വൈദ്യുതി വകുപ്പ് അധികൃതർ തകരാർ പരിഹരിച്ചു. 

വൈദ്യുതി തൂണിലെ എർത്ത് ലൈൻ സുരക്ഷിതമല്ലാതെ കിടന്നതാണ് അപകടകാരണമെന്ന് കുട്ടിയുടെ പിതാവ് ചൂണ്ടിക്കാണിച്ചു. ഇതു സംബന്ധിച്ച് പോലീസിൽ പരാതി നൽകും. കുട്ടിയെ ആശുപത്രിയിൽ നിന്ന് ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് അറിയുന്നത്. 

Post a Comment

0 Comments