പാലാ: ആയിരങ്ങൾക്ക് അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ മേവട ഗവൺമെൻ്റ് എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് 28ന് തുടക്കമാവുമെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ഭാരവാഹികളായ ലീലാമ്മ ബിജു, ലീന മാത്യു, ജിനോ എം. സ്കറിയ, ബാബു കെ ജോർജ്, ടി ആർ വേണുഗോപാൽ, പത്മകുമാർ മേവട എന്നിവർ പാലാ മീഡിയാ അക്കാദമിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു. 2025 മാർച്ച് വരെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കും.
1925-മാണ്ടിൽ (കൊല്ലവർഷം 1100) ഷൺമുഖവിലാസം മലയാളം പ്രൈമറിസ്കൂൾ എന്നപേരിൽ യശ:ശരീരനായ അയ്യപ്പൻനായർ കുന്നപ്പള്ളിയിൽ ആരംഭിച്ച ഈ വിദ്യാലയം 1928-ൽ സർക്കാരേറ്റെടുത്ത് ഗവൺമെൻ്റ് ലോവർ പ്രൈമറി സ്കൂൾ എന്നപേരിൽ തുടർപ്രവർത്തനമാരംഭിച്ചു. പാഠ- പാഠാനുബന്ധ പ്രവർത്തനങ്ങൾകൊണ്ട് കൊഴുവനാൽ ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇന്നിത് നിലകൊള്ളുന്നു.
ശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 28 ശനിയാഴ്ച രാവിലെ 10 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
മാണി സി കാപ്പൻ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കെ ഫ്രാൻസിസ് ജോർജ് എം പി, ജോസ് കെ മാണി എം പി, കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീലാമ്മ ബിജു, ജില്ലാപഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ എന്നിവരോടൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും പ്രഗത്ഭരും പങ്കെടുക്കും.
സമ്മേളനത്തോടനുബന്ധിച്ച് മേവട കലാ-ആസ്വാദകസംഘം കൾചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഷാഡോ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
പ്രതിമാസ പരിപാടികളുടെ ഭാഗമായി ലോക അദ്ധ്യാപകദിനമായ ഒക്ടോബർ 5-ന് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടേയും ഇവിടെ പഠിച്ച് വിവിധതുറകളിൽ അദ്ധ്യാപകരായവരുടേയും സംഗമം സ്കൂളങ്കണത്തിൽ നടത്തും. സംഗമം ഗവൺമെൻ്റ് ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ ഉദ്ഘാടനം ചെയ്യുകയും സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരെ ആദരിക്കുകയും ചെയ്യും. ചടങ്ങിൽ പ്രൊഫ ഡോ സെബാസ്റ്റ്യൻ നരിവേലി മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസരംഗത്തെ പ്രമുഖർ പ്രസംഗിക്കും.
നവംബർ 9 ന് എൽപി, യു പി, എച്ച് എസ് വിഭാഗം വിദ്യാർത്ഥികൾക്കായി അഖിലകേരള പ്രസംഗമത്സരം, ക്വിസ് മത്സരം, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കും.
ഡിസംബർ 28-ന് പൂർവ്വവിദ്യാർത്ഥി സംഗമവും പൂർവ്വവിദ്യാർത്ഥിയായ പ്രശസ്ത നോവലിസ്റ്റ് ജോസ് മംഗലശ്ശേരിയുടെ പുതിയ പുസ്തകത്തിൻ്റെ പ്രകാശനവും സ്നേഹവിരുന്നും പൂർവ്വവിദ്യാർ ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിക്കും.
2025 ജനുവരി 26-ന് അഖില കേരള പെനാൽറ്റി ഷൂട്ടൗട്ട് മത്സരവും ഫെബ്രുവരി 8-ന് ശാസ്ത്രാവബോധ സെമിനാറും നടത്തും. 2025 മാർച്ചിൽ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവും സുവനീർ പ്രകാശനവും വിവിധമത്സരങ്ങളുടെ സമ്മാനദാനവും വൈവിധ്യമാർന്ന കലാപരിപാടികളും നടത്തും.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.