പാലാ: കേരളത്തിലെ ഹരിതകർമ്മ സേനാംഗങ്ങളുടെ ദുരവസ്ഥ നിയമസഭയിൽ ഉന്നയിക്കാൻ നടപടി സ്വീകരിക്കുമെന്ന് കേരളാ വനിതാ കോൺഗ്രസ് (ബി) സംസ്ഥാന പ്രസിഡൻ്റ് മഞ്ജു റഹീം പറഞ്ഞു. ഇവരുടെ സ്ഥിതി ദയനീയമാണെന്നും ഹരിതകർമ്മ സേനാംഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്ക് കേരള വനിതാ കോൺഗ്രസ് (ബി) മുന്നിട്ടിറങ്ങുമെന്നും അവർ വ്യക്തമാക്കി.
പുതിയതായി തെരെഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (ബി) കോട്ടയം ജില്ലാ കമ്മിറ്റി ഭാരവാഹികളോടൊപ്പം മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു റഹീം.
ഹരിതാ കർമ്മ സേനാംഗങ്ങൾ ഇല്ലാത്ത കേരളത്തെകുറിച്ച് ഇപ്പോൾ ചിന്തിക്കാനേ സാധ്യമല്ലെന്നിരിക്കെ കേരളത്തിൻ്റെ ശുചിത്വത്തിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ സാന്നിദ്ധ്യം അനിവാര്യമാവുകയാണ്.
എന്നാൽ ഇവരുടെ ശമ്പളവും മാറ്റാനുകൂല്യങ്ങളും മുടക്കം കൂടാതെ ലഭ്യമാക്കുവാൻ പലരും അറിഞ്ഞോ അറിയാതെയോ മറന്നു പോവുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.
കർമ്മപഥത്തിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നവർക്ക് ചികിത്സ പോലും ലഭ്യമാവാത്ത സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. ഈയവസ്ഥയ്ക്ക് മാറ്റമുണ്ടാക്കണമെന്നാവശ്യപ്പെട്ട് കേരളാ വനിതാ കോൺഗ്രസ് (ബി) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുവാൻ തീരുമാനിച്ചിരിക്കയാണെന്നും കേരളാ വനിതാ കോൺഗ്രസ് (ബി) നേതാക്കൾ പറഞ്ഞു.
പാർട്ടിയുടെ സംസ്ഥാന ചെയർമാൻ ഗണേഷ് കുമാർ ഇക്കാര്യം ചർച്ച ചെയ്ത് അദ്ദേഹത്തെ കൊണ്ട് ഇക്കാര്യം അടുത്ത നിയമസഭാ സമ്മേളനത്തിൽ ഉന്നയിപ്പിക്കാൻ ശ്രമിക്കുമെന്ന് കേരളാ വനിതാ കോൺസ് (ബി) നേതാക്കൾ മീഡിയാ അക്കാഡമിയിലെ പത്ര സമ്മേളനത്തിൽ അറിയിച്ചു.
മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്മിതാ ജി നായർ (സംസ്ഥാന ട്രഷറർ), ജിജി ദാസ് (കോട്ടയം ജില്ലാ പ്രസിഡൻ്റ്), ഷീജാ രമേശ് (സംസ്ഥാന ജോയിൻ്റ് സെക്രട്ടറി), ഗിരിജാ പി നായർ (സംസ്ഥാന സമിതിയംഗം), ലിജി ജോസഫ് (കോട്ടയം ജില്ലാ ജെനറൽ സെക്രട്ടറി), ടിൻ്റു ജയപ്രകാശ് (കോട്ടയം ജില്ലാ ട്രഷറർ), ജോയിസി മൈക്കിൾ (ജില്ലാ സെക്രട്ടറി), രഞ്ജിലാ സുമേഷ് (വൈക്കം നിയോജക മണ്ഡലം പ്രസിഡൻ്റ് ) എന്നിവർ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.