Subscribe Us



പാലാ അൽഫോൻസാ കോളജ് വജ്ര ജൂബിലി സമാപനം 9 ന്

പാലാ: കേരളത്തിലെ പ്രശസ്ത വനിതാ കോളജായ പാലാ അൽഫോൻസാ കോളജിൻ്റെ വജ്രജൂബിലി ആഘോഷ സമാപനം 9ന് രാവിലെ 9.30 ന് കോളജ് ഓഡിറ്റോറിയത്തിൽ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നിർവ്വഹിക്കുമെന്ന് കോളജ് ബർസാർ ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, കോളജ് യൂണിയൻ വൈസ് ചെയർപേഴ്സൺ എയ്ഞ്ചൽ റബേക്ക സന്തോഷ്, ആർട്സ് ക്ലബ്ബ് സെക്രട്ടറി അന്ന ഇ എ, ജനറൽ സെക്രട്ടറി കൃപാ ജോൺസൺ എന്നിവർ മീഡിയാ അക്കാദമിയിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പാലാ രൂപതാ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ മോൺ.ഡോ ജോസഫ് തടത്തിൽ മുഖ്യ പ്രഭാഷണം നടത്തും. ജോസ് കെ മാണി എം പി,  ഫ്രാൻസിസ് ജോർജ് എം പി, മാണി സി കാപ്പൻ എം എൽ എ, മുൻസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ, ജിമ്മി ജോസഫ്, കോളജ് പ്രിൻസിപ്പാൾ റവ.ഡോ ഷാജി ജോൺ കോളേജ് ബർസാർ കുര്യാക്കോസ് വെള്ളച്ചാലിൽ  തുടങ്ങിയവർ പ്രസംഗിക്കും.

പാലായുടെ പ്രഥമ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വയലിലിൻ്റെ ദീർഘവീക്ഷണമാണ് 60 വർഷം മുമ്പ് വനിതാ കോളേജ് എന്ന ആശയം ഏറെ വെല്ലുവിളികളെ അതിജീവിച്ച് നടപ്പാക്കിയത്.

ആയിരക്കണക്കിന് വനിതകൾക്കാണ് അൽഫോൻസാ കോളജ് വിദ്യപകർന്നു നൽകിയത്. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ  ജേക്കബ് മുരിക്കൻ എന്നിവരുടെ നേതൃത്വത്തിൽ വളർന്ന ഈ കലാലയം അക്കാദമിക-കലാ-കായിക-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ മികവിൻ്റെ പകരം വയ്ക്കാനില്ലാത്ത അടയാളമായി  മാറി.

സാമൂഹിക ജീവിതത്തിൻ്റെ   എല്ലാ മേഖലകളിലും ഒരു അൽഫോൻസിയൻ സാന്നിധ്യം കണ്ടെത്താനാവും എന്നത് ഏറെ അഭിമാനാർഹമായ നേട്ടമാണ്. ഷൈനി വിൽസൺ, പ്രീജാ ശ്രീധരൻ, സിനി ജോസ് എന്നീ മൂന്ന് ഒളിമ്പ്യന്മാരെയും ഷൈനി വിൽസൺ, പ്രീജാ ശ്രീധരൻ, പത്മിനി തോമസ് എന്നിവരിലൂടെ മൂന്ന് അർജുന അവാർഡ് ജേതാക്കളെയും രാജ്യത്തിന്  സമ്മാനിക്കാൻ കഴിഞ്ഞ ഏക  കലാലയമെന്ന അഭിമാനം  അൽഫോൻസയ്ക്കുമാത്രം സ്വന്തമാണ്.  നിസ്തുലമായ ഈ നേട്ടങ്ങൾക്ക്  മികച്ച സംഭാവനകൾക്കുള്ള കേരള സർക്കാരിൻ്റെ ജി വി രാജ അവാർഡ് കോളേജിനെ തേടിയെത്തിയത്  ജൂബിലി വർഷത്തെ അവിസ്മരണീയമാക്കി.

അക്കാദമിക് മേഖലയിലെ അൽഫോൻസ കോളേജിൻ്റെ പകരം വയ്ക്കാനില്ലാത്ത മികവിന് ഇക്കുറിയും കേരളം സാക്ഷ്യം വഹിച്ചു. ഇകഴിഞ്ഞ എം ജി യൂണിവേഴ്‌സിറ്റി ഡിഗ്രി പരീക്ഷയിൽ ഏറ്റവും അധികം റാങ്കുകളും  A+ ഗ്രേഡുകളും നേടി യൂണിവേഴ്സിറ്റിയിലെ ഏറ്റവും മികച്ച റിസൾട്ട് നിലനിർത്താൻ അൽഫോൻസയിലെ മിടുക്കികൾക്ക് കഴിഞ്ഞു. 

സാമൂഹിക പ്രതിബദ്ധതയുള്ള കാലാനുസൃതമായ മാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കാൻ പ്രാപ്തിയുള്ള ഒരു യുവതലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തെ മുന്നിൽ കണ്ട് പ്രവർത്തിക്കുന്ന ഒരു ഉന്നത വിദ്യാഭാസ സ്ഥാപനമാണ് കോളജെന്ന് ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ പറഞ്ഞു.

ഗാന്ധിയൻ പഠന കേന്ദ്രം, എൻ സി സി, എൻ എസ്എ എസ്, ഉന്നത് ഭാരത് അഭിയാൻ, യൂത്ത് റെഡ് ക്രോസ് എന്നിങ്ങനെ വിവിധങ്ങളായ യുവജന സംഘടനകൾ ക്യാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. ജൂബിലി വർഷത്തിൽ ഭവന രഹിതർക്കായ് 60 വീടുകളാണ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ നിർമ്മാണത്തിലിരിക്കുന്നത്.  സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വീട് പുതുക്കിപ്പണിയുന്നതിനും മറ്റുമുള്ള സാമ്പത്തിക സഹായം റെഡ് ക്രോസ് വർഷം തോറും നല്കി വരുന്നു. പിന്നോക്കാവസ്ഥയിലുള്ള പ്രദേശങ്ങളെ ദത്ത് ഗ്രാമങ്ങളായി സ്വീകരിച്ച് അവരുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുബിഎ, സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവർക്ക് വിദ്യാഭ്യാസ-ചികിത്സാ സഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.സി.സി. ചാരിറ്റി സെൽ, ഗാന്ധിയൻ പഠന കേന്ദ്രത്തിൻ്റെ മേൽനോട്ടത്തിലുള്ള ജയിൽ മിനിസ്ട്രി, വർഷത്തിൽ പലപ്പോഴായി നടത്തപ്പെടുന്ന രക്തദാന ക്യാമ്പുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പുകൾ,  ദുരന്ത നിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇവയെല്ലാം അൽഫോൻസയുടെ സാമൂഹിക പ്രതിബന്ധതയുടെ അടയാളങ്ങളാണ്.

Post a Comment

0 Comments