Subscribe Us



രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ; പാലായിൽ തട്ടുകടയിലെ മലിനജലം പരസ്യമായി പൊതുനിരത്തിലേയ്ക്ക്

 പാലാ: ഗാന്ധിജയന്തി ദിനമായ ഇന്നലെ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയപ്പോൾ ഇങ്ങ് പാലായിൽ തട്ടുകടയിലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് പാലായ്ക്കാകെ നാണക്കേടായി മാറി. പാലാ കൊട്ടാരമറ്റത്ത് നഗരസഭാ ബസ് ടെർമിനലിനുള്ളിൽ പ്രവർത്തിപ്പിക്കുന്ന തട്ടുകടയിലെ മലിനജലമാണ് റോഡിലൊഴുക്കി തട്ടുകടക്കാർ പാലായുടെ മുഖം വികൃതമാക്കിയത്. 

രാത്രിയിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ വരുന്നവർക്ക് ഭക്ഷണശേഷം കൈ കഴുകുവാനുള്ള വാഷ് ബെയിസൺ നടപ്പാത കൈയ്യേറി സ്ഥാപിച്ച ശേഷം മലിനജലം പൈപ്പുവഴി റോഡിലേയ്ക്ക് മണിക്കൂറുകളോളമാണ് ഒഴുക്കിവിട്ടത്. ഭക്ഷണം കഴിക്കുന്നവർ കൈകഴുകുന്നതും വായ കഴുക്കുന്നതും കാർക്കിച്ചു തുപ്പുന്നതുമടക്കമുള്ള മലിനജലമാണ് ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിലേയ്ക്ക് പരസ്യമായി ഒഴുക്കി വിട്ടത്. വെള്ളം തീരുന്നതനുസരിച്ച് കൈ കഴുകാൻ കൂടുതൽ വെളളവും എടുത്തു കൊണ്ടു സമാഹരിക്കുന്നുമുണ്ടായിരുന്നു. 
ഹോട്ടലുകൾ അടക്കമുള്ള സ്ഥാപനങ്ങൾക്ക് നഗരസഭാ ലൈസൻസ് നൽകുമ്പോൾ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യില്ലെന്നു സത്യവാങ്മൂലം വാങ്ങിച്ചു വയ്ക്കുന്ന നാട്ടിലാണ് പൊതുനിരത്തിലേയ്ക്ക് മലിനജലം പരസ്യമായി ഒഴുക്കിക്കളയുന്നത്.

കടലാസോ മറ്റു മാലിന്യങ്ങളോ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ മാലിന്യത്തിലെ കടലാസിൽ തിരിച്ചറിയാനുള്ള കാര്യങ്ങൾ ഉണ്ടെങ്കിൽ തേടി പിടിച്ച് നടപടിയെടുക്കുന്ന ഇക്കാലത്താണ് എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി നടപ്പാതയിൽ വാഷ് ബെയിസൺ സ്ഥാപിച്ചു എല്ലാ സംവീധാനങ്ങളെയും വെല്ലുവിളിച്ച് മലിനജലം റോഡിൽ ഒഴുക്കിയത്.

നഗരസഭാ ഉദ്യോഗസ്ഥരടക്കം ആരും ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ഇതിൻ്റെ എതിർ വശത്ത് പ്രവർത്തിക്കുന്ന മറ്റൊരു തട്ടുകടയിലെ മലിനജലം ഒഴുകുന്നത് റോഡിരുകിലാണ്. വൈകുന്നേരത്തോടെ ഇവിടെയുള്ള വെയിറ്റിംഗ് ഷെഡ് കൈയ്യേറി മേശയും കസേരയും സ്ഥാപിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.

മലിനജലം മൂലം പകർച്ചവ്യാധികൾ വ്യാപകമായിട്ടും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്.

Post a Comment

0 Comments