Subscribe Us



സി പി ഐ എമ്മിനു മുന്നിൽ പാലാ നഗരസഭ കവാത്ത് മറന്നു; നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കിയപ്പോൾ സി പി ഐമ്മിനു മാത്രം ഇളവ്

പാലാ: സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കും എന്ന ഒരു ചൊല്ല് നാട്ടിലുണ്ട്. ഏതാണ്ട് ഇതേ പോലെ ഒരു അവസ്ഥയിലാണ് പാലാ നഗരസഭാധികൃതർ. ഇന്നലെ പാലാ നഗരത്തിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന ബോർഡുകൾ മുഴുവൻ നീക്കം ചെയ്തിരുന്നു. എന്നാൽ സി പി ഐ എം ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട ബോർഡുകളെ മാത്രം ഒഴിവാക്കിയാണ് മറ്റെല്ലാ ബോർഡുകളും എടുത്തു മാറ്റിയത്. നഗരസഭ ഭരിക്കുന്ന കേരളാ കോൺഗ്രസി (എം)ൻ്റെ ബോർഡുകൾ വരെ മാറ്റിയപ്പോഴും നഗരത്തിലുടനീളം ഫുട്പാത്തുകളടക്കം കൈയ്യേറി സ്ഥാപിച്ച സി പി ഐ എം ബോർഡുകൾ മാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. നഗരസഭ മുൻ ചെയർമാൻ അന്തരിച്ച ബാബു മണർകാടിൻ്റെ ചരമ അറിയിപ്പ് ബോർഡുകളെയും എടുത്തു മാറ്റുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലാ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് അനധികൃത ബോർഡുകൾ നീക്കം ചെയ്തതെന്ന് റവന്യൂ ഇൻസ്പെക്ടർ പറഞ്ഞു.
കൊട്ടാരമറ്റം മുതൽ മഹാറാണിക്കവലവരെയും വിവിധ കേന്ദ്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ ബോർഡുകളാണ് കാൽനടയാത്ര പോലും തടസ്സപ്പെടുത്തി സ്ഥാപിച്ചിരിക്കുന്നത്. കൂറ്റൻ ബോർഡുകൾ നടപ്പാതകൾ കയ്യേറി സ്ഥാപിച്ചതോടെ  നഗരത്തിൽ പലയിടത്തും കാൽനടക്കാർ റോഡിൽ അപകടകരമായ രീതിയിൽ ഇറങ്ങി നടക്കേണ്ട ഗതികേടിലാണ്. താലൂക്ക് ആശുപത്രി ജംഗ്ഷനിൽ ഡിവൈഡർ കയ്യേറി കൂറ്റൻ ബോർഡ് സ്ഥാപിച്ച് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. 

പാലാ നഗരത്തിലുടനീളം അനധികൃത ഫുട്പാത്ത് കയ്യേറ്റം തുടരുന്നതിനിടെയാണ് ബോർഡുകൾ കൊണ്ടുള്ള കൈയ്യേറ്റവും നടക്കുന്നത്.
നഗരത്തിൽ വിവിധ മത-രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ സ്ഥാപിച്ച അനധികൃത ബോർഡുകൾ അപ്പാടെ എടുത്തു മാറ്റിയതോടെ സി പി ഐ എം സ്ഥാപിച്ച അനധികൃത ബോർഡുകൾ മാത്രമായി പാലായിൽ. ഇതോടെ പാലാ നഗരം സി പി ഐ എം ബോർഡുകളും തോരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 
സി പി ഐ എമ്മിൻ്റെ ബോർഡുകൾ മാത്രം നിലനിർത്തി മറ്റു ബോർഡുകൾ മാറ്റിയ നടപടി ശരിയാണോയെന്ന് ബന്ധപ്പെട്ടവർ പരിശോധിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ സതീഷ് ചൊള്ളാനി പ്രതികരിച്ചു. ബോർഡുകൾ നീക്കം ചെയ്തതിൽ രാഷ്ട്രീയം കൊണ്ടുവന്ന നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

നഗരത്തിലെ അവശേഷിക്കുന്ന എല്ലാ അനധികൃത ബോർഡുകളും നീക്കം ചെയ്യണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എൻ സുരേഷ് ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയ കക്ഷിക്കു മാത്രമായി ഇളവ് അനുവദിച്ച നടപടി അംഗീകരിക്കാനാവില്ല. സംഭവത്തിൽ ഉദ്യോഗസ്ഥരുടെ വീഴ്ച പരിശോധിച്ചു നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അധികൃതരുടെ നടപടി ഭയപ്പാടുകൊണ്ടാണോയെന്ന് വ്യക്തമാക്കണമെന്ന് കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട് ചോദിച്ചു. നിയമം എല്ലാവർക്കും ബാധകമാണ്. അവശേഷിക്കുന്ന എല്ലാ ബോർഡുകളും നീക്കം ചെയ്യാനുള്ള മര്യാദ നഗരസഭാധികൃതർ സ്വീകരിക്കണമെന്നും പുളിങ്കാട് ആവശ്യപ്പെട്ടു. നിയമം നടപ്പാക്കുന്നതിൽ തരംതിരിവ് പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments