പാലാ: ഭാരതീയ വിദ്യാനികേതൻ കോട്ടയം ജില്ലാ കലാമേള "വേദിക 2024" നവംബർ 15, 16 (വെള്ളി, ശനി) തിയതികളിൽ ഐങ്കൊമ്പ് അംബികാ വിദ്യാഭവൻ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ മീഡിയ അക്കാദമിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
താളമേള വിസ്‌മയങ്ങളുടെ മഹനീയ വേദിയായി മാറുന്ന ജില്ലാ കലാമേളയ്ക്ക് ആതിഥ്യമരുളാൻ അംബികാ വിദ്യാഭവൻ ഒരുങ്ങികഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു.
കലാമേളയുടെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചിരുന്നു.
നവംബർ 15 വെള്ളിയാഴ്‌ച രാവിലെ കോട്ടയം ലോക്സഭാ മെമ്പർ അഡ്വ കെ ഫ്രാൻസിസ് ജോർജ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്‌ത സിനിമാതാരം പ്രശാന്ത് മുരളി കലാമേളയുടെ ഉദ്ഘാടനം നിർവഹിക്കും. നവംബർ 16 ശനിയാഴ്‌ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. മുൻ സംസ്ഥാന യുവജനോത്സവ കലാതിലകവും പ്രശസ്ത നർത്തകിയുമായ ഡോ പത്മിനി കൃഷ്‌ണൻ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും.
നിരവധി വർഷങ്ങളായി മറ്റു കലാമേളകളിൽ നിന്നും വ്യത്യസ്‌തമായി യോഗചാപ് ഉൾപ്പെടെയുള്ള കലാപ്രകടനങ്ങളുടെ വേദിയായി മാറുന്ന വിദ്യാനികേതൻ കലാമേള ശ്രദ്ധയാകർഷിക്കാറുണ്ട്. അമ്പതിൽപരം സ്‌കൂളുകളിൽ നിന്നായി രണ്ടായിരത്തോളം കുട്ടികൾ അവരുടെ കലാമികവുകൾ രണ്ടുദിവസങ്ങളായി പ്രകടിപ്പിക്കുന്ന കലാമേളയ്ക്കായി 15 ഓളം സ്റ്റേജുകളാണ് ഒരുക്കുന്നത്.
വിവിധരംഗങ്ങളിൽ പ്രഗൽഭരായ വിധികർത്താക്കളാണ് കുട്ടികളുടെ കലാപ്രകടനം വിലയിരുത്തുന്നത്. പൂർണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലാമേള സംഘടിപ്പിക്കുകയെന്ന് ഭാരവാഹികളായ ഭാരതീയ വിദ്യാനികേതൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് ലളിതാംബിക, ജില്ലാ കലാമേള പ്രമുഖ് കെ എൻ പ്രശാന്ത് നന്ദകുമാർ, സ്വാഗതസംഘം ചെയർമാൻ ടി.എൻ സുകുമാരൻ നായർ, അംബികാ വിദ്യാഭവൻ പ്രിൻസിപ്പൽ കൺവീനർ ശ്രീ. പി എൻ സൂരജ്‌കുമാർ, പി റ്റി എ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാർ, സെക്രട്ടറി രതീഷ് കിഴക്കേപറമ്പിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.