പാലാ: പാലാ രൂപതയിൽ നിന്നുള്ള മിഷനറിമാർ ഈ രൂപതയുടെ ആഴമാർന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെയും തിളങ്ങുന്ന പ്രത്യാശയുടെയും തീരാത്ത സ്നേഹത്തിന്റെയും ജീവിതസാക്ഷ്യങ്ങളാണെന്ന് പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" എന്ന് ഈശോയുടെ ആഹ്വാനം അനുസരിച്ച് സകലർക്കും സുവിശേഷമേകുവാനും സുവിശേഷമാകുവാനുമായി വിളി സ്വീകരിച്ച രൂപതാംഗങ്ങളായ നിരവധി സന്യാസിനിമാർ ഉണ്ട്. ഈശോയ്ക്കുവേണ്ടി ജീവിതം നൽകിയ 2700 ലേറെ സന്യാസ സഹോദരങ്ങളിൽ 6200 ൽ പരം പേർ മറ്റു ഭൂഖണ്ഡങ്ങളിലെ 100 ലേറെ രാജ്യങ്ങളിലായി പ്രേഷിത പ്രവർത്തനം നടത്തുന്നവരാണ്. രൂപതാംഗങ്ങളായ 30 ൽ പരം മെത്രാൻമാരും പാലാ രൂപതയുടെ അഭിമാനമായി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം ജീവിക്കുന്ന ഈ മിഷനറിമാർ, അപരനോടുള്ള കരുതലിന്റെ രൂപമായും ആരുമില്ലാത്തവർക്കും പീഢിതർക്കും പ്രത്യാശയുടെ ക്രിസ്‌തുസ്നേഹം പകരുന്ന നന്മയുളള മനുഷ്യരായും നിറഞ്ഞുനിൽക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞു.
രൂപതയുടെ പ്ലാറ്റിനം ജൂബിലി വർഷത്തിൽ ഒരു മിഷനറി സംഗമത്തിന് നമ്മൾ ഒരുങ്ങുകയാണ്. 2025 മെയ് 10 ന് പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന ദൈവാലയമാണ് അതിനുളള വേദി.
സ്വദേശത്തും വിദേശത്തുമായി ശുശ്രൂഷ ചെയ്യുന്ന പാലാ രൂപതാംഗങ്ങളായ മിഷനറിമാരും പാലാ രൂപതയ്ക്കുള്ളിൽ ശുശ്രൂഷ ചെയ്യുന്ന രൂപതാംഗങ്ങളായ എല്ലാ വൈദികരും സിസ്റ്റേഴ്‌സും വിവിധ സന്യാസ സമൂഹങ്ങളിൽപ്പെട്ട വൈദികരും സന്യസ്തരും ഉൾപ്പെടെ ഏകദേശം 4000 ആളുകൾ മിഷനറി സംഗമത്തിൽ പങ്കെടുക്കുന്നു.
രാവിലെ 8.00 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുന്നു. 9.15 നു കുർബാനയ്ക്ക് ഒരുക്കമായുളള പ്രദക്ഷിണം. തുടർന്ന് 9.30 നു വി. കുർബാന. കുർബാനയിൽ 14 ൽ പരം മെത്രാൻമാർ പങ്കെടുക്കും. 11.15 നു പൊതുസമ്മേളനം ആരംഭിക്കും.
സമ്മേളനത്തിൽ അഭിവന്ദ്യ പിതാക്കന്മാരും, കേന്ദ്ര സംസ്ഥാന മന്ത്രിമാരും എം പിമാർ എം എൽ എമാർ തുടങ്ങിയ ജനപ്രതിനിധികളും വിവിധ സന്യാസസമൂഹങ്ങളുടെ തലന്മാരും പങ്കെടുക്കും. ഒരു മണിക്ക് എല്ലാവർക്കുമായി സ്നേഹവിരുന്ന് ഉണ്ടായിരിക്കും.
പ്രവിത്താനം സ്കൂളിൻ്റെ മുൻവശത്തായും ഓഡിറ്റോറിയത്തിൻ്റെ വശങ്ങളിലും പളളിയുടെ പുറകുഭാഗത്തായും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
മാർ ജോസഫ് കല്ലറങ്ങാട്ട്, മോൺ. ജോസഫ് തടത്തിൽ, മോൺ. ജോസഫ് കണിയോടിക്കൽ, ഫാ. ജോസഫ് മുത്തനാട്ട്, ഫാ. ജോസഫ് കുറ്റിയാങ്കൽ, ഫാ. ജോർജ് വേളൂപ്പറ മ്പിൽ, ഫാ. ആന്ററണി കൊല്ലിയിൽ, ഫാ. തോമസ് പുതുപ്പറമ്പിൽ, സി. ഡെയ്‌സി ചൊവ്വേ ലിക്കുടിയിൽ, ടി. ടി മൈക്കിൾ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവുപുരയിടം, ഫാ. ജോസഫ് പൊയ്യാനി തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.