Subscribe Us



വീണ്ടും കോവിഡ്: സ്വയം പ്രതിരോധം പ്രധാനം: മന്ത്രി വീണാ ജോര്‍ജ്; രോഗലക്ഷണമുള്ളവരും ആശുപത്രികളില്‍ പോകുന്നവരും മാസ്‌ക് ധരിക്കണം

തിരുവനന്തപുരം: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എന്‍ബി 1.8 എന്നിവയ്ക്ക് രോഗ വ്യാപന ശേഷി കൂടുതലാണ്. എന്നാല്‍ തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്. എവിടെയാണോ ചികിത്സിക്കുന്നത് ആ ആശുപത്രിയില്‍ തന്നെ പ്രോട്ടോകോള്‍ പാലിച്ച് ചികിത്സ ഉറപ്പാക്കണം. ചില സ്വകാര്യ ആശുപത്രികള്‍ കോവിഡ് ആണെന്ന് കാണുമ്പോള്‍ റഫര്‍ ചെയ്യുന്നത് ശരിയല്ലയെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) യോഗം ചേര്‍ന്ന് സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. 182 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 57 കേസുകളും എറണാകുളത്ത് 34 കേസുകളും തിരുവനന്തപുരത്ത് 30 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിപിസിആര്‍ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

നിപ പ്രതിരോധ പ്രവര്‍ത്തനം പ്രത്യേകമായി യോഗം ചര്‍ച്ച ചെയ്തു. പ്രോട്ടോകോള്‍ പാലിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദേശം നല്‍കി. രോഗവ്യാപനം ഇല്ലാത്തതിനാലും കണ്ടൈന്‍മെന്റ് സോണ്‍ പിന്‍വലിക്കാവുന്നതാണെന്ന് യോഗം വിലയിരുത്തി.

മഴക്കാലം വരുന്നതിനാല്‍ സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. ഇടവിട്ട് മഴ പെയ്യാന്‍ സാധ്യതയുള്ളവതിനാല്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണം. തദ്ദേശ സ്ഥാപനങ്ങള്‍ കൃത്യമായ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ രോഗങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ തദ്ദേശ സ്ഥാപനത്തിലും ആക്ഷന്‍ പ്ലാന്‍ ഉണ്ടാകണം. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും ഈ മാസം അവസാനത്തിനുള്ളില്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയെന്ന് ഉറപ്പാക്കണം.

മലിനമായ വെള്ളം കാരണം ജലജന്യ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കേണ്ടതാണ്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരേയും ജാഗ്രത പാലിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments