പാലാ: പാലാ നഗരത്തിൽ വൈകുന്നേരം ആറു മണി കഴിഞ്ഞാൽ ആളൊഴിയും, കടകളടയ്ക്കും. ഹർത്താലോ മറ്റു പ്രശ്നങ്ങളോ അല്ല കാരണം വൈദ്യുതി തകരാർമൂലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അസാധ്യമായ അവസ്ഥ സംജാതമായതാണ് പാലാ നഗരത്തിൽ കടകൾ വൈകിട്ടോടെ അടയ്ക്കാൻ വ്യാപാരികൾ നിർബ്ബന്ധിതരാകുന്നത്.
നിരന്തരം വൈദ്യുതി തകരാർ ഉള്ള സ്ഥലമായി മാറിക്കഴിഞ്ഞെങ്കിലും പരിഹാരം കാണാൻ അധികൃതരോ ജനപ്രതിനിധികളോ രംഗത്തില്ല എന്നതാണ് അവസ്ഥ. ജനറേറ്ററും ഇൻവെട്ടറും പ്രവർത്തിപ്പിക്കുന്നതിനു പരിധി ഉണ്ടെന്നു വ്യാപാരികൾ പറയുന്നു.
ഒരാഴ്ചയായി പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഉച്ചയ്ക്ക് ശേഷം വൈദ്യുതി പലയിടത്തും ഉണ്ടാകാറില്ല. മഴ പെയ്യുന്നതിനാൽ അതിൻ്റെ പേരിലും വൈദ്യുതി പ്രശ്നം നിരന്തരമായി.
വീടുകളിലും കടകളിലുമുള്ള ഫ്രിഡ്ജുകൾ പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുന്നതുമൂലം മരുന്നുകളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാൻ ആളുകൾ പാടുപെടുകയാണ്. വൈദ്യുതി തകരാർമൂലം ഫ്രിഡ്ജുകളിൽ സൂക്ഷിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം മോശമാകാൻ ഇടയുണ്ടെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളും കേടാകാൻ സാധ്യത ഏറെയാണ്.
മരം വീണും മറ്റും വൈദ്യുതി തകരാർ ഉണ്ടാകുന്നതിനു ശ്വാശ്വത പരിഹാരമെന്ന നിലയിലാണ് കോടികൾ മുടക്കി ഏരിയൽ ബ്രിജിഡ് കേബിൾ സംവിധാനം പാലായിൽ നടപ്പാക്കിയത്. കേബിളിന് ബലമുള്ളതിനാൽ മരം വീണാൽ പോലും പൊട്ടിപോകില്ലെന്നും അങ്ങനെ വൈദ്യുതി തടസം ഒഴിവാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ ആ അവകാശവാദം വെറും വാദമായി മാറി. ഗുണനിലവാരം കുറഞ്ഞ കേബിൾ സ്ഥാപിച്ചതുമൂലം ഇൻസുലേഷൻ പൊട്ടി കേബിളിൽ വെള്ളമിറങ്ങി വൈദ്യുതി തകരാർ നിരന്തര സംഭവമായി മാറി. പരാമൗണ്ട് കമ്പനിയുടെ കേബിളുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കേബിൾ സ്ഥാപനം നടത്തി അവസാനഭാഗമായപ്പോഴാണ് ഗുണനിലവാരം ഇല്ലെന്ന കാര്യം കണ്ടെത്തിയത്. തുടർന്നു ബാക്കി ഉണ്ടായിരുന്ന കേബിളുകൾ മടക്കി നൽകി പകരം കൊണ്ടുവന്നു. എന്നാൽ അന്ന് സ്ഥാപിച്ച കേബിളുകൾ മാറ്റി സ്ഥാപിക്കാൻ അന്ന് നടപടി സ്വീകരിച്ചില്ല. ഗ്യാരണ്ടി കാലാവധി കഴിഞ്ഞതോടെ കമ്പനിയുടെ ഉത്തരവാദിത്വവും കഴിഞ്ഞു. വൻ അഴിമതിയാണ് ഗുണനിലവാരം ഇല്ലാത്ത കേബിൾ സ്ഥാപനത്തിനു പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
കേബിൾ സ്ഥാപിക്കുന്നതിനും മുമ്പും ശേഷവും കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളിൽ നിരന്തരം വൈദ്യുതി തകരാറാണ്. കേബിൾ സ്ഥാപിച്ചതോടെ ഈ മേഖലയിൽ പ്രശ്നമില്ലെങ്കിലും മറ്റെവിടെ പ്രശ്നമുണ്ടായാലും ഇവിടെ വൈദ്യുതി ലഭിക്കാത്ത ഗതികേടിലാണ്. കഴിഞ്ഞ 20 വർഷക്കാലമായി വൈദ്യുതി തകരാറുകൾക്കെതിരെ ഇവിടുത്തുകാർ നിരന്തര സമരത്തിലാണ്.
പൈകയിലും സ്ഥിതി വ്യത്യസ്ഥമല്ല. വ്യാപാര സ്ഥാപനങ്ങൾക്ക് ഇതുമൂലം വളരെയേറെ ബുദ്ധിമുട്ടുണ്ടാകുന്നു.
അതേസമയം ജനപ്രതിനിധികളുടെ വീടുകളിൽ വൈദ്യുതി തടസ്സം ഉണ്ടാവാതിരിക്കാൻ അധികൃതർ പരമാവധി ശ്രദ്ധിക്കാറുണ്ട്. ഫീഡർ മാറ്റി സപ്ലെ കൊടുക്കുന്ന രീതിയാണ് അവലംബിക്കുന്നത്. അതിനാൽ തന്നെ അവർ പരാതി ഉന്നയിക്കാൻ മടിക്കാറുണ്ടെന്നും പറയപ്പെടുന്നു.
ബേക്കറികളിലെ ഐസ്ക്രീം അലിഞ്ഞുപോയി നഷ്ടമുണ്ടാകുന്നു, പാൽ കേടായി പോകുന്നു അതുപോലെ തയ്യൽ സ്ഥാപനങ്ങളിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ജോലി ചെയ്യാതെ തന്നെ ശമ്പളം കൊടുക്കേണ്ടി വരുന്നു. കൂടാതെ കടുത്ത ചൂടിൽ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ബുദ്ധിമുട്ടുന്നു ഇലക്ട്രിസിറ്റി ബോർഡിൻ്റെ ഈ അനാസ്ഥ ഒരിക്കലും അംഗീകരിക്കാനാവില്ല വൈദ്യുതി മുടക്കം ഇനിയും തുടർന്നാൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പൈക യൂണിറ്റ് പ്രസിഡണ്ട് ജോണി കുന്നപ്പള്ളിൽ പറഞ്ഞു.
പാലാ നഗരത്തിൽ ദിവസവും 14 മണിക്കൂർ വരെ നീളുന്ന വൈദ്യുതി തടസ്സം പരിഹരിക്കാൻ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് നാളെ രാവിലെ 11ന് ( 03/05/2025) പാലാ വൈദ്യുതി ഭവനു മുന്നിൽ യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബറിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുമെന്ന് നേതാക്കളായ ടോമി കുറ്റിയാങ്കൽ, വി സി പ്രിൻസ് എന്നിവർ അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.