പാലാ: ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ചതായി സൂചന. മുന്നറിയിപ്പൊന്നുമില്ലാതെ ഏതാനും ആഴ്ചകളായി പാലായിലെ ക്യാമ്പ് പെട്ടെന്ന് നിർത്തിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയും പാലായിൽ സിറ്റിംഗ് ഉണ്ടായില്ല. എല്ലാമാസവും മൂന്നാമത്തെ വെള്ളിയാഴ്ചകളിലായിരുന്നു പാലായിൽ സിറ്റിംഗ് ഉണ്ടായിരുന്നത്.
പാലായിലെ മിനി സിവിൽ സ്റ്റേഷനിൽ നിന്നും കോടതികൾ മൂന്നാനിയിലെ കോടതി സമുച്ചയത്തിലേയ്ക്ക് മാറ്റിയപ്പോൾ ബാർ അസോസിയേഷൻ ഹാളായി പ്രവർത്തിച്ചിരുന്ന മുറി ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ സിറ്റിംഗ് ക്യാമ്പായി മാറ്റുകയായിരുന്നു. എല്ലാ മാസവും നിരവധി കേസുകൾ ഇവിടെ ഫയൽ ചെയ്യപ്പെട്ടിരുന്നു. പാലായിലും സമീപ പ്രദേശങ്ങളിലുമുള്ള നിരവധി ആളുകൾക്കു ഏറെ പ്രയോജനകരമായിരുന്നു മാസത്തിൽ ഒരിക്കൽ പാലായിൽ നടത്തിവന്നിരുന്ന സിറ്റിംഗ്.
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൻ്റെ പാലായിലെ സിറ്റിംഗ് അവസാനിപ്പിച്ചതോടെ പാലാ മേഖലയിലെ നിരവധി ഉപഭോക്താക്കൾ ദുരിതത്തിലായി. കേസ് ഫയൽ ചെയ്യണമെങ്കിൽ കോട്ടയത്ത് വടവാതൂരിൽ ഉൾപ്രദേശത്ത് പ്രവർത്തിക്കുന്ന ഫോറം സിറ്റിംഗിൽ പോകേണ്ട അവസ്ഥയാണ് നിലവിൽ. ഉപഭോക്തൃ കേസുകൾ പാലായിൽ അധികം അഭിഭാഷകരൊന്നും കൈകാര്യം ചെയ്യാറില്ലാത്തതിനാൽ കോട്ടയത്തെയോ മറ്റോ അഭിഭാഷകരെ കണ്ടെത്തേണ്ട ഗതികേടിലാണ് ഇപ്പോൾ ഉപഭോക്താക്കൾ. ഒരു കേസിനായി പാലായിൽ നിന്നും ഒരു അഭിഭാഷകന് മറ്റു കോടതികളിലെ സിറ്റിംഗ് ഒഴിവാക്കി പലതവണ വടവാതൂരിൽ പോകേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിനുള്ള ചിലവടക്കം പരാതിക്കാരനിൽ നിന്നും വാങ്ങിക്കേണ്ട സ്ഥിതിയിലാണ്. മറ്റു കേസുകൾ മാറ്റിവച്ചു പോകേണ്ട അവസ്ഥ വന്നതിനാൽ ഉപഭോക്തൃവിഷയം കൈകാര്യം ചെയ്യുന്ന അഭിഭാഷകർ ഉപഭോക്തൃ കേസുകൾ ഏറ്റെടുക്കാൻ വിമുഖത കാണിക്കുകയാണ്. നിരവധി ഉപഭോക്താക്കളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് പാലായിലെ ക്യാമ്പ് അവസാനിപ്പിച്ച നടപടി.
കേസുകൾ ഓൺ ലൈനിൽ വാദിക്കാമെങ്കിലും ഫയൽ ചെയ്യണമെങ്കിൽ വടവാതൂരിൽ എത്താതെ നിർവ്വാഹമില്ല. കേസുകൾ ഓൺലൈനിൽ വാദിക്കുന്നതിനു പരിമിതികൾ ഉണ്ടെന്നും പാലാ ബാറിലെ അഭിഭാഷകനായ അഡ്വ മാണി മുണ്ടത്താനം ചൂണ്ടിക്കാണിച്ചു.
ക്യാമ്പ് സിറ്റിംഗിനു എത്തിച്ചേരുന്ന ഉപഭോക്തൃ ഫോറം ജഡ്ജിജിമാർക്കുള്ള യാത്രാബത്ത അടക്കമുള്ളവ സംസ്ഥാന ഫോറം അനുവദിക്കാത്തതാണ് പാലായിലെ ക്യാമ്പ് അവസാനിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നിലെന്ന് പറയപ്പെടുന്നു. പാലായിലെ ക്യാമ്പ് സിറ്റിംഗ് അവസാനിപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായി. ഈ നടപടി നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന് വിലയിരുത്തപ്പെടുന്നു. മാസത്തിൽ ഒരു തവണപോലും പാലായിൽ സിറ്റിംഗ് നടത്താൻ കഴിയാത്തതിനു കാരണമൊന്നും കൃത്യമായി വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന ഫോറത്തിൻ്റെ നിർദ്ദേശപ്രകാരമാണ് സിറ്റിംഗ് അവസാനിപ്പിച്ചതെന്നാണ് അറിയുന്നത്. പാലായിലെ സിറ്റിംഗ് പുന:രാരംഭിക്കണമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് സംബന്ധിച്ചു കൺസ്യൂമർ അഫയേഴ്സ് മന്ത്രി ജി ആർ അനിലിനു പരാതി നൽകിയതായി ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അറിയിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.