Subscribe Us



തട്ടുകട വിവാദം: തട്ടുകട ഉടമയുടെ കുടുംബ സമരം ഇന്ന് രാവിലെ 10.30 ന് നഗരസഭയ്ക്കു മുന്നിൽ; പെർമിറ്റും ലൈസൻസുമില്ലാത്ത കെട്ടിടങ്ങൾക്കും സ്ഥാപനങ്ങൾക്കും നഗരസഭയുടെ ഒത്താശ

പാലാ: പാലായിൽ മുണ്ടുപാലത്ത്  തട്ടുകട വിവാദം കൊഴുക്കുന്നതിനിടെ തട്ടുകട നടത്തിപ്പുകാരൻ ബാബു ജോസഫ് ഇന്ന് 10.30 ന് പാലാ നഗരസഭയ്ക്കു മുന്നിൽ കുടുംബസമേതം പ്രതിഷേധം നടത്തുന്നു. നഗരസഭയ്ക്കും കെട്ടിട ഉടമയ്ക്കും തട്ടുകട കൈമാറിയ വ്യക്തിക്കുമെതിരെ രൂക്ഷ വിമർശനവുമായി ബാബു ജോസഫ് ഇന്നലെ രംഗത്തു വന്നതിനു പിന്നാലെ കെട്ടിട ഉടമ രാജേഷ് ജോസഫും ബാബുവിനെതിരെ ഇന്ന് രംഗത്തു വന്നിരുന്നു.

കെട്ടിട പെർമിറ്റിൻ്റെയും ലൈസൻസിൻ്റെയും പേരിൽ ബാബുവിനെതിരെ നടപടി സ്വീകരിച്ച നഗരസഭയുടെ പിടിപ്പുകേട് ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കെട്ടിട പെർമിറ്റ് ഇല്ലാതെയും ലൈസൻസ് ഇല്ലാതെയും വർഷങ്ങളോളം തട്ടുകട പ്രവർത്തിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന നഗരസഭ പൊടുന്നനെ നടപടിയെടുത്തതിൽ ദുരൂഹതയുണ്ട്. 

കെട്ടിടത്തിന് പെർമിറ്റ് ഇല്ലായെന്ന് കെട്ടിട ഉടമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ വേസ്റ്റ്കുഴി ഉണ്ടായിരുന്നില്ലെന്ന കാര്യവും കെട്ടിട ഉടമ പറഞ്ഞിരുന്നു. ഇതൊന്നുമില്ലാതെ വൻ തുകയ്ക്ക് വാടകയ്ക്ക് നൽകുകയും ഇവയൊന്നുമില്ലാതെ വർഷങ്ങളോളം തട്ടുകട നടത്തപ്പെടുകയും ചെയ്തിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് വിരോധാഭാസമാണ്. 

പാലാ ലൈസൻസില്ലാത്തവരുടെ പറുദീസയാണെന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ തട്ടുകടയുടെ പ്രവർത്തനം. പാലായിൽ കെട്ടിട പെർമിറ്റും ലൈസൻസുമില്ലാതെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അധികൃതർ ഇപ്പോൾ തെരഞ്ഞുപിടിച്ചു നടപടി സ്വീകരിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്. 

പെർമിറ്റും ലൈസൻസും ഇല്ലാത്ത സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ മൂലം വർഷംതോറും കോടിക്കണക്കിന് രൂപയാണ് നഗരസഭയ്ക്കു നഷ്ടം. കെട്ടിടങ്ങൾ പ്രവർത്തിക്കുന്നതിന് നിയമാനുസൃതമായി കെട്ടിടം നിർമ്മിക്കണമെന്നിരിക്കെ ഇവയൊന്നും പാലിക്കാതെ കെട്ടിടം നിർമ്മിക്കുകയും പെർമിറ്റില്ലാതെ വാടകയ്ക്ക് കൊടുത്തു ലക്ഷങ്ങൾ സെക്യൂരിറ്റിയും വാടക ഇനത്തിൽ വൻ തുകയും സ്വകാര്യ വ്യക്തികൾ സമ്പാദിച്ചുകൂട്ടുകയാണ്. ചെറുകിക്കാർ മുതൽ വൻകിട മുതലാളികൾ വരെ ഈ വിധത്തിൽ പാലായിൽ ഉടനീളം പ്രവർത്തിക്കുന്നുണ്ട്. 

നിയമം മുഖം നോക്കാറില്ലെന്നു പറയാറുണ്ടെങ്കിലും പാലായിൽ അധികൃതരുടെ ഒത്താശയോടെയാണ് വ്യാപകമായ നിയമ ലംഘനം നടത്തി വരുന്നത്. ഉദ്യോഗസ്ഥരാകട്ടെ ഇതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നു. പാലായിൽ പെർമിറ്റില്ലാതെ വർഷങ്ങളായി പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ ഏതൊക്കെയെന്ന് അധികൃതർക്കറിയാമെങ്കിലും നടപടിയെടുക്കാൻ താത്പര്യം കാട്ടാറില്ല. പരാതി ഉയരുമ്പോൾ നോട്ടീസ് നൽകി അവസാനിപ്പിക്കുന്ന ഏർപ്പാടാണ് നടന്നു വരുന്നത്. അതേ സമയം ലൈസൻസ് എടുത്ത വ്യാപാരികളെ വിവിധ കാര്യങ്ങൾ ഉന്നയിച്ചു ദ്രോഹിക്കാനും അധികൃതർ മടി കാട്ടാറില്ല. 


Post a Comment

0 Comments