Subscribe Us



അധികാരം ത്യജിച്ച ബിഷപ്പ് ജേക്കബ് മുരിക്കനെതിരെ ഫാ ഈനാസ് ഒറ്റതെങ്ങുങ്കൽ നിരന്തരം സാമൂഹ്യ മാധ്യമത്തിൽ കുറിക്കുന്നത് പാലാ രൂപതയ്ക്ക് തലവേദനയാകുന്നു

പാലാ: അധികാരത്തിനായി ലോകം മുഴുവൻ നെട്ടോട്ടമോടുമ്പോൾ  അധികാരപദവി ത്യജിച്ച്‌ ലോകത്തെ ഞെട്ടിച്ച് താപസ ജീവിതം തിരഞ്ഞെടുത്ത പാലാ രൂപത മുൻ സഹായമെത്രാൻ ബിഷപ്പ് ജേക്കബ് മുരിക്കനെതിരെ വിശ്രമജീവിതം നയിക്കുന്ന പാലാ സെൻ്റ് തോമസ് കോളജ് മുൻ പ്രിൻസിപ്പൽ ഫാ ഈനാസ് ഒറ്റതെങ്ങുങ്കൽ നിരന്തരം സാമൂഹ്യ മാധ്യമങ്ങളിൽ  കുറിപ്പുകൾ എഴുതുന്നത് പാലാ രൂപതയ്ക്ക് തലേവേദനയാകുന്നു. 
ഏകാന്തതയിൽ ആരാലും അറിയപ്പെടാത്ത ജീവിതം സ്വമനസാ സ്വീകരിച്ച അങ്ങ് നല്ലതണ്ണി വസതിയിൽ തന്നെ കഴിയുന്നതല്ലേ ഉചിതം എന്ന ചോദ്യമുന്നയിച്ചുകൊണ്ടാണ് ഈനാസ് ഒറ്റതെങ്ങുങ്കൽ വിവാദത്തിന് തിരികൊളുത്തിയത്.   എന്തിനാണ് ഈ ഊരു ചുറ്റൽ ജൂബിലി, മരിച്ചടക്ക് പള്ളിത്തിനാൾ വിവാഹ, അച്ചാരക്കല്യാണം തുടങ്ങിയവയ്ക്കെല്ലാം പോകാൻതിരക്കുകൂട്ടുന്നത്. പാലാ രൂപതയിൽ മാത്രമല്ല അയൽരൂപതകളിലും അങ്ങ് ഈ പതിവു തുടരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ക്ഷമിക്കണം. അങ്ങ് എടുത്ത തീരുമാനത്തിൽ നിന്ന് വ്യതിചലിക്കുന്നു എന്നതുകൊണ്ടാണ് ഇത്രയും കുറിച്ചത്. അങ്ങേയ്ക്ക് അറിയപ്പെടാത്ത ഏകാന്ത ജീവിതം ആശംസിക്കുന്നു എന്നു പറഞ്ഞാണ് വിവാദ കുറിപ്പ് അവസാനിപ്പിച്ചത്.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങുകളിൽ നിന്നും ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ചടങ്ങുകളിൽ നിന്നും ബിഷപ്പ് ജേക്കബ് മുരിക്കനെ ഒഴിവാക്കിയെന്നു ചൂണ്ടിക്കാട്ടി ഓൺലൈൻ മീഡിയാകളിൽ വന്ന വാർത്തകൾക്കു മറുപടിയായിട്ടാണ് രൂപതയുടെ ഔദ്യോഗിക ചുമതലകളൊന്നുമില്ലാത്ത വിശ്രമജീവിതം നയിക്കപ്പെട്ട ഫാ ഈസാസിൻ്റെ വിശദീകരണം വന്നത്. അതേസമയം പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിരുന്നതായിരുന്നുവെന്നും വ്യക്തിപരമായ കാരണങ്ങളാലാണ് പങ്കെടുക്കാൻ സാധിക്കാതെ വന്നതെന്നും ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്തകളെക്കുറിച്ച് അറിഞ്ഞപ്പോൾ ജേക്കബ് മുരിക്കൻ പാലാ ടൈംസിനോട് പ്രതികരിച്ചിരുന്നു. അതേ സമയം 100ൽ പരം കുർബാനകളും നിരവധി മെത്രാൻന്മാരും പങ്കെടുത്ത ഭരണങ്ങാനത്തെ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ പരിപാടികളിൽ പങ്കെടുക്കാത്തതിനെപ്പറ്റി അദ്ദേഹം പ്രതികരിക്കാൻ കൂട്ടാക്കിയിരുന്നില്ല.

സ്മാർട്ട് ഫോണോ സോഷ്യൽ മീഡിയായോ കൈകാര്യം ചെയ്യാറില്ലാത്ത ബിഷപ്പ് ജേക്കബ് മുരിക്കൻ ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്നു തപാൽ മാർഗ്ഗം വിവാദ കുറിപ്പ് ലഭിച്ചുവെങ്കിലും ജേക്കബ് മുരിക്കൻ അവഗണിക്കുകയായിരുന്നു. പിന്നീട് പാലാ ടൈംസ് എഡിറ്റർ എബി ജെ ജോസ് ഇതേക്കുറിച്ച് ആരാഞ്ഞപ്പോൾ ആദ്യം പ്രതികരിക്കാൻ കൂട്ടാക്കിയില്ലെങ്കിലും  പിന്നീട് പ്രതികരിക്കാൻ തയ്യാറാകുകയായിരുന്നു. ലോകത്തിൻ്റെ അതിർത്തികൾവരെ പോകുവാൻ നിയോഗിക്കപ്പെട്ടവരാണ് നാമെന്ന് പറഞ്ഞ ബിഷപ്പ് മുരിക്കൻ കൃത്യവും വ്യക്തവുമായ മറുപടി നൽകിയിരുന്നു.

ബിഷപ്പ് ജേക്കബ് മുരിക്കൻ്റെ മറുപടി തനിക്കു ദഹിക്കുന്നില്ലെന്നു പറഞ്ഞു വിവാദം കത്തിച്ചു വിടാനാണ് ഫാ ഈനാസ് പിന്നീട് ശ്രമിച്ചത്.
ഈ കുറിപ്പ് എഴുതാൻ കാരണം മുരിക്കൽ പിതാവ് താപസജീവിതം സ്വീകരിച്ചപ്പോൾ മധ്യമങ്ങളിൽ പിതാവിൻ്റെ അഭിമുഖം പ്രസിദ്ധപ്പെടുത്തിയിരുന്നു. അത് അടുത്ത ദിവസം സാമൂഹ്യ മാധ്യമത്തിൽ കാണാനിടയായി. താപസജീവിതത്തെക്കുറിച്ചുള്ള എൻ്റെ ധാരണയുമായി ബന്ധമില്ലാത്ത ജീവിതശൈലി കാണാനിടയായതുകൊണ്ട് പ്രതികരിച്ചു എന്നുമാത്രം. അദ്ദേഹത്തിൻ്റെ വിശദീകരണം അത്ര തൃപ്തികമായി തോന്നുന്നില്ല. ഞാൻ ഒരു വിവാദത്തിന് ഒരുങ്ങുന്നില്ല. ലോകത്തിലാണെങ്കിലും ലോകത്തിൻ്റെ തല്ലാത്തതുപോലെയുള്ള ജിവി തമാകാം. ഈ ശൈലിയാകാം അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ' അദ്ദേഹത്തിൻ്റെ വിശ്വാസം അദ്ദേഹത്തെ ട്ടെ സംരക്ഷിക്കട്ടെ. എനിക്ക് ഇരുദഹിക്കുന്നില്ല എന്നു മാത്രം 'ബഹുമനാദരവോടെ എന്നു പറഞ്ഞാണ് ഫാ ഈനാസ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

ഫാ ഈനാസിൻ്റെ കുറിപ്പിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. വിശ്വാസികളുടെ ആവശ്യപ്രകാരമാണ് ബിഷപ്പ് ജേക്കബ് മുരിക്കൻ ചടങ്ങുകളിൽ പങ്കെടുക്കുന്നതെന്ന് വിശ്വാസികൾ ചൂണ്ടിക്കാട്ടുന്നു. നിരവധി മെത്രാന്മാരും വൈദികരുമുള്ള കത്തോലിക്കാ സഭയിൽ അധികാര പദവി ത്യജിച്ച ബിഷപ്പിനെ ആളുകൾ തേടി പോകുന്നുണ്ടെങ്കിൽ എന്തുകൊണ്ടാണതെന്നു മനസിലാക്കാൻ ഫാ ഈനാസ് സ്വയം ശ്രമിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെടുന്നു. 
ഫാ ഈനാസിൻ്റെ കുറിപ്പ് തന്നെ ഞെട്ടിച്ചതായി മുതിർന്ന മാധ്യമ പ്രവർത്തകനും ദീപിക ദിനപത്രത്തിൻ്റെ എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ ഫേസ്ബുക്കിൽ കുറിച്ചു. 

പദവികളെല്ലാം ഒഴിഞ്ഞ് സ്വയം സന്യാസജീവിതം തെരഞ്ഞെടുത്ത മാർ ജേക്കബ് മുരിക്കൻ പിതാവ് ക്രൈസ്തവർക്കാകെ പ്രചോദനമാണ്. തന്റെ വൃക്കകളിൽ ഒന്ന്  ദാനം ചെയ്ത്, ലളിത ജീവിതം നയിക്കുന്ന മുരിക്കൻ പിതാവ് പുരോഹിതന്മാർക്കിടയിലും മെത്രാന്മാർക്കിടയിലും വേറിട്ടൊരു വ്യക്തി കൂടിയാണ്. ജനങ്ങൾക്ക് ഏറെ പ്രിയങ്കരനും. ഇത്തരത്തിലുള്ള മുരിക്കൻ പിതാവിനോട് സഭയുടെ കൂദാശകളിൽ കാർമികത്വം വഹിക്കാതെ നല്ലതണ്ണിയിലെ സന്യാസ ആശ്രമത്തിൽ മാത്രമായി  കഴിയണമെന്ന് ഒരു മുതിർന്ന വൈദികൻ ഉപദേശിച്ചത് കേട്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. കത്തോലിക്ക സഭയുടെ അനുഗ്രഹമായാണ് ഞങ്ങളൊക്കെ മുരിക്കൻ പിതാവിനെ എപ്പോഴും കാണുന്നത്. ആടുകളോടൊപ്പം ഉള്ള ഇടയനായി എന്നും അദ്ദേഹം ഉണ്ടാകട്ടെ എന്നാണ് ജോർജ് കള്ളിവയലിൽ കുറിച്ചത്.

ഏതാനും ദിവസം ഫാ ഈനാസ് ഫേസ് ബുക്കിൽ നൽകിയ കുറിപ്പിലെ രണ്ടു വരികളാണ് വിശ്വാസികൾക്കു ഫാ ഈനാസിനോട് പറയാനുള്ളതെന്ന്  വിശ്വാസികൾ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ കുറിപ്പായ നേർരേഖ 574 പറയുന്നത് ഇപ്രകാരമാണ്. 
'നല്ല പഠിപ്പുണ്ട്. എന്നാൽ വിവേകമില്ല.
നല്ല അറിവുണ്ട്. എന്നാൽ നെറിവില്ല' ഇതുപോലെയാണ് ഫാ ഈനാസിൻ്റെ പ്രവർത്തനങ്ങളെന്നും വിലയിരുത്തപ്പെടുന്നു. 

ഫാ ഈനാസിൻ്റെ പ്രതികരണം പാലാ രൂപതയുടെ അറിവോടെയാണോ എന്നു വിശ്വാസികൾ ചോദിക്കുന്നു. ഫാ ഈനാസിനെപോലുള്ളവരെ നിലയ്ക്ക് നിർത്താൻ അധികൃതർ തയ്യാറാകണമെന്നും അല്ലെങ്കിൽ സഭയ്ക്കു തന്നെ ഇത് ദോഷകരമായി മാറുമെന്നും വിശ്വാസികൾ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments