എക്സ്ക്യൂസീവ്
പാലാ: ജനങ്ങളിലേയ്ക്ക് കൂടുതൽ അടുക്കാൻ പാലായിൽ സി പി ഐ എം തയ്യാറെടുക്കുന്നു. ഇതിൻ്റെ ഭാഗമായി പാലാ കൊട്ടാരമറ്റത്ത് ഇ എം എസ് മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഏരിയാ കമ്മിറ്റി ഓഫീസിൽ ജനങ്ങൾക്കു സൗജന്യ സേവനം നൽകുന്നതിനായി ജനസേവന കേന്ദ്രം തുറക്കും. ഇതോടൊപ്പം ലൈബ്രറിയും സജ്ജീകരിക്കും.
പഴയകാലത്തെ പോലെ ജനങ്ങളുമായി ബന്ധം പുലർത്താൻ സാധിക്കുന്നില്ലെന്ന തിരിച്ചറിവാണ് ജനസേവന കേന്ദ്രം തുറന്ന് സൗജന്യ സേവനം നൽകാനുള്ള തീരുമാനത്തിനു പിന്നിലെന്നു പറയപ്പെടുന്നു. ഒട്ടനവധി സർക്കാർ സേവനങ്ങൾ ജനസേവന കേന്ദ്രങ്ങൾവഴി നൽകുന്നതിനാൽ എല്ലാ വിഭാഗം ജനങ്ങളും നിരന്തരം പാർട്ടി ഓഫീസുമായി ബന്ധപ്പെടുമെന്ന തിരിച്ചറിവും പാർട്ടിക്കുണ്ട്. സേവനം സൗജന്യമാക്കുന്നതു വഴി സാധാരണക്കാർ ഇവിടേയ്ക്ക് എത്തും. ഇതുവഴി ആളുകളുമായുള്ള ബന്ധം നിലനിർത്താനും ദൃഢമാക്കാനും സാധിക്കും.
പഴയകാല അഭിപ്രായ രൂപീകരണത്തിൻ്റെ ഇടമായിരുന്ന ലൈബ്രറി തുറക്കന്നതും ആളുകളെ ആകർഷിക്കുന്നതിനുവേണ്ടിയാണ്. പാർട്ടി സജ്ജീകരിക്കുന്ന ജനസേവനകേന്ദ്രത്തിൽ എത്തുന്നവർ കാത്തിരിപ്പ് സമയത്ത് ലൈബ്രറി ഉപയോഗപ്പെടുത്തുമ്പോൾ തങ്ങളുടെ ആശയങ്ങൾ അതുവഴിയെത്തിക്കാമെന്ന് പാർട്ടി കരുതുന്നു.
ചെറുപ്പക്കാരനായ സജേഷ് ശശി ഏരിയാ സെക്രട്ടറി ആയതോടെ പരമ്പരാഗത രീതികളിൽ നിന്നും മാറി പാർട്ടി ജനങ്ങളിലേയ്ക്ക് എത്തുവാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമാണ് ഈ നടപടികൾ. ജനങ്ങൾക്കു രാഷ്ട്രീയ കക്ഷികളോടുള്ള ആഭിമുഖ്യം കുറയുന്ന കാലഘട്ടത്തിലാണ് സി പി ഐ എമ്മിൻ്റെ പുതിയ പരീക്ഷണം. പാർട്ടി ഓഫീസ് സജ്ജീകരിക്കുന്ന ജനസേവന കേന്ദ്രത്തിൻ്റെയും ലൈബ്രറിയുടെയും പണികൾ പുരോഗമിക്കുകയാണ്. വരും ആഴ്ചകളിൽ ഇത് പ്രവർത്തനസജ്ജമാകുമെന്നാണ് സൂചന.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.