Subscribe Us



പാലാ മുണ്ടാങ്കലിൽ രണ്ട് യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവം: വാഹമോടിച്ച 24 കാരൻ അറസ്റ്റിൽ

പാലാ: മുണ്ടാങ്കൽ ഭാഗത്ത് രണ്ടു യുവതികൾ മരിക്കാനിടയാക്കിയ വാഹനാപകടത്തിൽ വാഹനമോടിച്ച യുവാവ് അറസ്റ്റിലായി. ഇടുക്കി നെടുങ്കുന്നം ചെറുവിള വീട്ടിൽ ചന്ദ്രസ് (24) ആണ് അറസ്റ്റിലായത്. മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

മുണ്ടാങ്കൽ പള്ളിയ്ക്കു സമീപം ഇന്നു രാവിലെ  9.30നായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. 

പാലാ കൊട്ടാരമറ്റത്തു പ്രവർത്തിക്കുന്ന  മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ മേലുകാവ്മറ്റം നെല്ലൻകുഴിയിൽ ധന്യ സന്തോഷ് (38),  പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 ) എന്നിവരാണ് മരണമടഞ്ഞത് ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ അതീവഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

അമിതവേഗത്തിൽ എത്തിയ KL 67 A 3828 നമ്പർ എക്കോ സ്പോട്ട്  കാർ രണ്ടു  സ്‌കൂട്ടറുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.  ഒരു സ്കൂട്ടറിൽ ഒരു സ്ത്രീയും മറ്റൊരു സ്കൂട്ടറിൽ അമ്മയും കുഞ്ഞുമാണ് ഉണ്ടായിരുന്നത്. 

കാർ അമിത വേഗതയിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പ്രദേശത്ത് ബജി കട നടത്തുന്ന വിജയൻ എന്നയാളാണ് പോലീസിൽ വിവരമറിയിക്കുകയും ആളുകളെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുക്കുകയും ചെയ്തത്. അപകടത്തിൽ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിൽ.

യുവതികളുടെ മരണത്തിന് ഇടയാക്കിയ കാർ പാലാ സെൻറ് തോമസ് കോളേജിൽ ഡി എഡ് (അധ്യാപക പരിശീലനം) കോഴ്സ് പഠിക്കുന്ന വിദ്യാർത്ഥികളുമായി കടനാട് സ്കൂളിലേക്ക് അധ്യാപക പ്രായോഗിക പരിശീലനത്തിനായി പോവുകയായിരുന്നു. 10 മീറ്റർ വീതിയുള്ള റോഡ് ആയിരുന്നിട്ടും കനത്ത മഴയിൽ അശ്രദ്ധമായി അമിതവേഗതയിൽ കാർ ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്.

തൊടുപുഴ-പാലാ സംസ്ഥാന പാതയിലെ മുണ്ടാങ്കലിൽ രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടംഅതീവ ദു:ഖകരമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജെയിസൺ മാന്തോട്ടം പറഞ്ഞു. 
ചിലരുടെ അശ്രദ്ധ എത്ര ജീവനാണെടുത്തത്. ഡ്രൈവിങ്ങിലെ ജാഗ്രത കുറവും മഴയിൽ ശ്രദ്ധിക്കാത്ത വേഗപാച്ചിലും നികത്താനാവാത്ത നഷ്ടം വരുത്തി വച്ചിരിക്കുന്നു.10 മീറ്റർ ക്യാര്യേജ് വേ ഉള്ള റോഡിലാണ് ഈ അപകടം. റോഡിൻ്റെ കുഴപ്പമല്ല. ഡ്രൈവിംഗിൻ്റെ കുഴപ്പം തന്നെയാണ് അപകടകാരണം.
വാഹനം ഓടിക്കുന്നവരാണ് ആ റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a Comment

0 Comments