Subscribe Us



നിലവിൽ പാലായിൽ വെള്ളപ്പൊക്ക സാധ്യതയില്ല

പാലാ: നിലവിലെ സാഹചര്യത്തിൽ പാലാ നഗരത്തിൽ  വെള്ളപ്പൊക്കം ഉണ്ടാകണമെങ്കിൽ വലിയ മഴ തുടർച്ചയായി ഉണ്ടാകുകയും കിഴക്കൻ മേഖലകളിൽ ഉരുളുകൾ പൊട്ടുകയും ചെയ്താൽ മാത്രമേ സംഭവിക്കൂവെന്ന് വിലയിരുത്തപ്പെടുന്നു. മേലുകാവ് അടക്കം പല മേഖലകളിലും ഇപ്പോഴും കനത്ത മഴ തുടരുന്നുണ്ടെങ്കിലും പാലായിൽ മഴ തത്ക്കാലം ശമിച്ചിട്ടുണ്ട്. വരുന്ന മൂന്നു മണിക്കൂറിനുള്ളിൽ പാലായിൽ കനത്ത മഴ ഉണ്ടാവില്ലെന്നു കാലാവസ്ഥ പ്രവചനങ്ങളിൽ പറയുന്നതായി മീനച്ചിൽ താലൂക്കിലെ കാലാവസ്ഥ നിരീക്ഷകൻ മനോജ് മാത്യു പാലാക്കാരൻ പറയുന്നു.

മീനച്ചിലാറ്റിൽ നിലവിൽ 13.5 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. 14 അടിയ്ക്ക് മുകളിലേയ്ക്ക് ആണ് അപകടനിലയായി രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസങ്ങളായി രണ്ടടി ജലനിരപ്പ് മാത്രമായിരുന്നു മീനച്ചിലാറ്റിൽ ഉണ്ടായിരുന്നത്. പൊടുന്നനെ ഒറ്റ ദിവസം കൊണ്ട് അത് 13.5 അടിയിലേറെയായി ഉയരുകയായിരുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് പാലായിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞു നിന്നിരുന്നതിനാൽ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് വൻതോതിൽ ഉയരാൻ ഇടയില്ല. കിഴക്കൻ മേഖലകളിൽ നിന്നും വരുന്ന ജലം ഒഴുകി പടിഞ്ഞാറു ഭാഗത്തേയ്ക്ക് ഒഴുകി പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതോടൊപ്പം വളരെ സാവധാനമാണ് ജലനിരപ്പ് ഉയരുന്നതെന്നതും ആശ്വാസപ്രദമാണ്.

നേരത്തെ വള്ളിച്ചിറ മണലേൽ പാലം ഭാഗത്ത് റോഡിൽ വെള്ളം കയറിയെങ്കിലും ഗതാഗതത്തെ ബാധിച്ചിരുന്നില്ല. തോട്ടിലൂടെയുള്ള ജലപ്രവാഹത്തിനു തടസ്സം വരുന്നതിനാലാണ് ഈ ഭാഗത്ത് പെട്ടെന്ന് ജലനിരപ്പ് ഉയരാൻ കാരണം. 

തലനാട്ടിൽ പഞ്ചായത്ത് മേലടുക്കം വാർഡ്  മെമ്പർ ഷാജി കുന്നിലിക്കെ വീടിനു മുകളിൽ കരിങ്കൽകെട്ട് ഇടിഞ്ഞു വീണു നാശമുണ്ടായതിനെത്തുടർന്നു വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചതായി ബിനു പെരുമന റിപ്പോർട്ടു ചെയ്തു.

മൂന്നാനിയിൽ റോഡ് നിരപ്പിനു 4 അടിയും മുണ്ടുപാലത്ത് രണ്ടടിയും താഴെയാണ് ഇപ്പോൾ ജലനിരപ്പ്.

കൊട്ടാരമറ്റത്ത് ഇപ്പോൾ ( പുലർച്ചെ 1:50 ന് ) ജലനിരപ്പ് 7 അടി താഴ്ചയിലാണെന്ന് മനോജ് മാത്യു പാലാക്കാരൻ കൊട്ടാരമറ്റത്തെ വാട്ടർ സ്കെയിൽ നിരീക്ഷിച്ചശേഷം റിപ്പോർട്ടു ചെയ്യുന്നു. 

രാത്രിയിൽ കനത്തമഴ പെയ്ത സാഹചര്യത്തിൽ സ്കൂൾ അവധിയുണ്ടോയെന്ന ആശങ്ക എല്ലാഭാഗത്തു നിന്നും ഉയർന്നിരുന്നു. എന്നാൽ വെള്ളപ്പൊക്ക സാധ്യത വരും മണിക്കൂറുകളിൽ വിവിധ മേഖലകളിലെ മഴയുടെ ലഭ്യതയെയും ഉരുൾപൊട്ടലുകളെയും ആശ്രയിച്ചാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ചിത്രം: മനോജ് മാത്യു പാലാക്കാരൻ

Post a Comment

0 Comments