Subscribe Us



പ്രിൻസ് ലൂക്കോസ് വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത കൈവിടാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുസ്മരിച്ച് കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ കെ ജോസഫ്

പ്രിൻസ് ലൂക്കോസിൻ്റെ വേർപാട് നിശ്ചലമായ ശരീരം കണ്ടിട്ടും എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല.

വെളുപ്പിന് മൂന്നുമണിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രിൻസിൻ്റെ കൂടെ നിഴലായി കൂടെ നിൽക്കുന്ന ജോർജ് എന്നെ വിളിക്കുമ്പോൾ പറഞ്ഞത് കേട്ടപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ ഒരു നിമഷം ഞാൻ നിന്നു.

തെങ്കാശിയിലെ ഏതെങ്കിലും പ്രധാനപ്പെട്ട ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ള സാധ്യതക്കായി ഡൽഹിയിൽ ഉള്ള ഫ്രാൻസിസ് ജോർജ് എം.പി. യെ ഉടൻ വിളിച്ചു പറഞ്ഞു. എം.പി ഡോക്ടറുമായി സംസാരിച്ചു. ഡോക്ടറുടെ മറുപടി പ്രിൻസ് നമ്മെ വിട്ടു പിരിഞ്ഞു എന്നുള്ളതായിരുന്നു.

ഞങ്ങൾ തമ്മിൽ അനേക വർഷങ്ങളായി നല്ല ബന്ധം ആയിരുന്നു.
ഞാൻ പി.ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി, യുവജന സംഘടനകളിൽ പ്രവർത്തിച്ച അതേ കാലത്താണ് പ്രിൻസ് കെ.എം. മാണി നേതൃത്വം നൽകിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി യുവജന സംഘടനകളിൽ പ്രവർത്തിച്ചത്. 
ഞങ്ങൾ ഇരുവരും കേരളാ വിദ്യാർത്ഥി കോൺഗ്രസിൻ്റെയും കേരളാ യൂത്ത് ഫ്രണ്ടിൻ്റെയും സംസ്ഥാന പ്രസിഡൻ്റ് പദവിയിൽ പ്രവർത്തിച്ചു. 

ഇരുപാർട്ടികളിലാണെങ്കിലും ഞങ്ങൾ തമ്മിൽ വലിയ ആത്മബന്ധമാണുണ്ടായിരുന്നത്.
ഒരിക്കൽ പോലും ഞങ്ങളുടെ സ്നേഹബന്ധത്തിന് ഒരു കുറവും ഉണ്ടായിട്ടില്ല.

കേരളാ കോൺഗ്രസ് പാർട്ടിയിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ ഇടതുമുന്നണിയിലേക്ക് ഇല്ല എന്നുള്ള ഉറച്ച നിലപാട് സ്വീകരിച്ച പ്രിൻസ് പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ നിലകൊണ്ടു.
കേരളത്തിലെ യൂത്ത് കോൺഗ്രസിൻ്റെ പ്രഥമ പ്രസിഡൻ്റ് ആയിരുന്ന ഒ.വി. ലൂക്കോസ് കേരളാ കോൺഗ്രസ് രൂപീകൃതമായപ്പോൾ പ്രഥമ സംസ്ഥാന സെക്രട്ടറിയായി. ഇക്കാലങ്ങളിൽ ലഭിക്കാമായിരുന്ന സ്ഥാനങ്ങൾ ഒന്നും ലഭിക്കാത്തതിൽ അദ്ദേഹത്തിന് പരാതികൾ ഒന്നും ഉണ്ടായിരുന്നില്ല.
ഇത് മനസിലാക്കിയാകാം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ മൽസരിക്കാൻ പ്രിൻസിന് പി.ജെ. ജോസഫ് സീറ്റ് നൽകിയത്.

വലിയ പ്രതീക്ഷയോടെ മൽസര രംഗത്ത് നിലകൊണ്ട പ്രിൻസ് ലൂക്കോസിൻ്റെ പരാജയത്തിന് ലതികാ സുഭാഷിൻ്റെ സ്ഥാനാർത്ഥിത്വം ഘടകമായി. വിജയിക്കാനായില്ലെങ്കിലും മൂന്നാം സ്ഥാനത്ത് ആകണമെന്ന് ആഗ്രഹിച്ചവരെ തെരഞ്ഞെടുപ്പ് ഫലം അത്ഭുതപ്പെടുത്തി.

എതിരാളികളുടെ
പണവും സ്വാധീനവും വലിയ തോതിൽ ഉണ്ടായിട്ടും, കൂടെ നിന്ന് പരാജയപ്പെടുത്താൻ ഉള്ള ശ്രമങ്ങൾ നടത്തിയിട്ടും, റിബൽ സ്ഥാനാർത്ഥി മൽത്സരിച്ചിട്ടും പ്രിൻസിനെ തളർത്താൻ  സാധിച്ചില്ല. ഇവയെല്ലാം ചെയ്തവർ ഇപ്പം പറയാതെ പറയുന്ന കാര്യമാണ് നേരിട്ടുള്ള മൽസരമായിരുന്നെങ്കിൽ പ്രിൻസ് ജയിച്ചേനെ എന്ന്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഞങ്ങളുടെ സ്നേഹബന്ധം ഈടുറ്റതായി. നേരിട്ടോ ഫോണിലൂടെയോ സംസാരിക്കാത്ത ദിവസങ്ങളില്ല. വേളാങ്കണ്ണിക്ക് പോകാനുള്ള ടിക്കറ്റ് കൺഫേം ആക്കുന്ന കാര്യത്തിലും മുറി ലഭിക്കുന്ന കാര്യത്തിലും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു.
രാഷ്ട്രീയ പ്രവർത്തനരംഗത്ത് പ്രിൻസ് വാക്കിലും പ്രവൃത്തിയിലും ആത്മാർത്ഥത കൈവിടാതെ അന്ത്യംവരെ നിലകൊണ്ടു.
മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് അവഗണനയോ അപമാനമോ ഉണ്ടാകുമ്പോൾ വളരെ സമചിത്തതയോടെ ഒരിക്കൽ പോലും അവരെ കുറ്റപ്പെടുത്താതെയുള്ള പ്രിൻസിൻ്റെ സംസാരം എന്നെ ഏറെ അത്ഭുതപ്പെടുത്തിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ച് സംസാരിക്കുമ്പോൾ കാണുന്ന ചിരി ദുഃഖം കടിച്ചമർത്തിയുള്ളതാണന്ന് അടുത്തറിയാവുന്നവർക്ക് മനസിലാകും.
ദൈവത്തോട് ഉള്ള സജീവ ബന്ധത്തിലാണ് ഓരോ ദിവസവും അദ്ദേഹം മുന്നോട്ട് പോയത്. ആ ബന്ധത്തിൻ്റെ ഏറ്റവും ഉദാഹരണമാണ് പരിശുദ്ധ ദൈവമാതാവിൻ്റെ ജനന തിരുനാൾ ദിവസത്തിൽ തൻ്റെ ആത്മാവിനെ ദൈവത്തിൽ സമർപ്പിച്ചത്.

കേരളാ കോൺഗ്രസ് പാർട്ടിയുടെ ചെറുതും വലുതുമായ യോഗങ്ങളിൽ പ്രസംഗിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു.
മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും പ്രിൻസ് ശ്രദ്ധചെല്ലത്തിയിരുന്നു.
കോട്ടയത്തെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് ഏറെ പ്രിയപ്പെട്ടവനായിരുന്നു പ്രിൻസ്. മീറ്റർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യധാര ട്രേഡ് യൂണിയനുകൾ ഓട്ടോ തൊഴിലാളികൾക്ക് എതിരായി നിലകൊണ്ടപ്പോൾ ഓട്ടോ തൊഴിലാളികൾക്ക് അനുകൂലമായി ഹൈക്കോടതിയിൽ നിന്ന് അനുകല വിധി സമ്പാധിച്ചത് അദ്ദേഹത്തെ ഓട്ടോക്കാർക്ക് ഏറെ പ്രിയപ്പെട്ടവനാക്കി.

കേരളാ കോൺഗ്രസ് പാർട്ടിയുടെ നാളയുടെ പ്രതീക്ഷ ആയിരുന്ന പ്രിൻസ് ലൂക്കോസിൻ്റെ ആത്മാവിൻ്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. സർവ്വശക്തനായ ദൈവം അദ്ദേഹത്തിൻ്റെ കുടുംബാങ്ങളെ ആശ്വസിപ്പിക്കട്ടെ.

Post a Comment

0 Comments