Subscribe Us



ഒരു ചെകിട്ടത്ത്‌ അടിക്കുവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കണമെന്ന് പഠിപ്പിക്കുന്നവർ അന്യൻ്റെ ചെകിടടിച്ചു പറിക്കുമ്പോൾ

പാലാ കത്തീഡ്രൽ പള്ളിയുമായി തർക്കം നിലനിൽക്കുന്ന സി വൈ എം എൽ സംഘടനയുടെ ആസ്ഥാനമന്ദിരം രാത്രിയുടെ മറവിൽ തകർക്കപ്പെട്ട സംഭവം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ടവരാണ് ഇത് ചെയ്തതെന്ന് പാലായിൽ പരക്കെ സംസാരം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. യുവ വൈദികരുടെ നേതൃത്വത്തിൽ കുറെ ആളുകളുടെയും ഭരണ-പോലീസ് ഒത്താശയോടും കൂടെ തകർത്തിട്ട കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾ ഇന്നലെ പരസ്യമായി തന്നെ മാറ്റുന്ന കാഴ്ചയാണ് കണ്ടത്.

ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? 

പാലാ കത്തീഡ്രൽപള്ളിയും സി വൈ എം എൽ സംഘടനയും സ്ഥലം സംബന്ധിച്ചു തർക്കം നിലനിൽക്കുകയാണ്. തങ്ങളുടേതാണെന്ന് പള്ളിയും കിഴക്കേക്കരക്കാരുടെ കുടികിടപ്പ് ഭൂമിയാണെന്ന് സി വൈ എം എല്ലും വാദിച്ചിരുന്നു. തർക്കം പോലീസ് സ്റ്റേഷനിൽ എത്തുകയും ചെയ്തിട്ടുള്ളതാണ്.

പള്ളി അധികൃതർ എന്തുകൊണ്ടാണ് നിയമ മാർഗ്ഗം സ്വീകരിക്കാതെ രാത്രിയുടെ മറവിൽ ബുൾഡോസർ രാജ് നടപ്പാക്കിയത് എന്ന ചോദ്യം ഉയർത്തപ്പെടേണ്ടത് ജനാധിപത്യ രാജ്യത്ത് അനിവാര്യമാണ്. സി വൈ എം എൽ സംഘടന പള്ളിക്കവകാശപ്പെട്ട സ്ഥലം കയ്യേറിയതാണെങ്കിൽ നിയമമാർഗ്ഗത്തിലൂടെ ഇറക്കിവിടാവുന്നതേ  ഉള്ളൂ എന്നിരിക്കെയാണ് നിയമസംവീധാനങ്ങളെ അപ്പാടെ  വെല്ലുവിളിച്ചും നിയമ ഭരണ സംവീധാനങ്ങളുടെ പിന്തുണയിലും ഈ അന്യായ നടപടി നടത്തിയിരിക്കുന്നത്. 
ഒരു ചെകിട്ടത്ത്‌ അടിക്കുവന്‌ മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുവനെ കുപ്പായംകൂടി എടുക്കുന്നതില്‍ നിന്നു തടയരുത്‌ എന്നാണ് ലൂക്കായുടെ സുവിശേഷം  6:29 ലൂടെ പള്ളിയും സഭയും പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ തർക്കമുണ്ടെന്നു പറഞ്ഞവൻ്റെ ചെകിടടിച്ചു പറിയ്ക്കുന്ന ക്രിസ്തുവിൻ്റെ പ്രതിപുരുഷന്മാരെയും  ക്രിസ്തുശിഷ്യന്മാരെയുമാണ് കഴിഞ്ഞ രാത്രിയിലും പകലുമായി പാലായിൽ കാണാൻ കഴിഞ്ഞത്. അതിനാകട്ടെ നിയമസംരക്ഷകരുടെയും നിയമ നിർമ്മാതാക്കളുടെയും പിന്തുണയും.

വ്യക്തിയായാലും സഭയായാലും സംഘടനയായാലും രാജ്യത്തെ നിയമസംവീധാനങ്ങളെ വെല്ലുവിളിക്കുന്നത് ന്യായീകരിക്കപ്പെടാൻ പാടില്ല. അതുപോലെ തന്നെ നിയമസംവീധാനങ്ങളെ വെല്ലുവിളിക്കുന്നവരെ പിന്തുണക്കുന്നവരെയും. രാജ്യത്തിൻ്റെ ഭരണഘടനയോട് വിധേയത്വവും കൂറും പുലർത്തുമെന്ന് പ്രതിജ്ഞയെടുത്തവരും ദൗത്യപ്രഖ്യാപനം നടത്തിയവരുമാണ് നിയമത്തെ വെല്ലുവിളിക്കുന്നതിനെ സഹായിക്കുന്നതെന്നത് നിസാര കാര്യമല്ല. 
ഈ പ്രവർത്തി ചെയ്തവർ വലിയ ആവേശത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നുണ്ട്. ഇവർ ഒരോരുത്തരുടെയും സ്വത്തുവകകളോട് മറ്റുള്ളവരും കയ്യൂക്കിൻ്റെ ബലത്തിൽ ഭരണ- പോലീസ് സഹായത്തോടെ ഇതേപോലെ പ്രവർത്തിച്ചാൽ ഇതേ ആവേശത്തോടെ  പിടിച്ചടക്കാൻ വരുന്നവർക്കൊപ്പം ഇവർ നിന്ന് കാണിക്കുമോ?

രമ്യമായി പരിഹരിക്കാൻ ശ്രമിക്കുകയും അത് പരിഹരിക്കപ്പെടാതെ വരികയും ചെയ്യപ്പെടുമ്പോൾ നിയമമാർഗ്ഗത്തിലൂടെ നടപടി സ്വീകരിക്കുകയുമാണ് ചെയ്യേണ്ടത്. രാത്രിയുടെ മറവിൽ ഇടിച്ചു നിരത്തുകയും രണ്ടു ദിവസത്തിനു ശേഷം അവ പരസ്യമായി തങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് വെളിവാക്കി അവയുടെ അവശിഷ്ടം വാരി മാറ്റാൻ സർവ്വ സന്നാഹങ്ങളോടെയും എത്തുകയും ചെയ്തിരിക്കുകയാണ്. നിയമ മാർഗ്ഗം സ്വീകരിക്കാതെയുള്ള ഈ നടപടിയിലൂടെയുള്ള പള്ളി അധികൃതരുടെ നടപടി തന്നെ അവരുടെ ഭാഗം സാധൂകരിക്കപ്പെടുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. സി വൈ എം എൽ സംഘടന കെട്ടിടം ഇടിച്ചു നിരത്തിയതിനെതിരെ പരാതി കൊടുക്കുകയും പ്രതിഷേധം നടത്തുകയും ചെയ്തിട്ടും തങ്ങളുടെ മാത്രം സ്വത്താണെന്നും മറ്റാർക്കും അവകാശമില്ലെന്നും പാലായിലെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്താൻ പള്ളി അധികൃതർക്ക് ഇതേവരെ സാധിച്ചിട്ടില്ല. അതിനാൽ തന്നെ ഇത് തർക്കഭൂമി ആണെന്നതിൽ തർക്കമില്ല. അവിടെയാണ് ക്രിസ്തുശിഷ്യർ വൈദികരുടെ നേതൃത്വത്തിൽ കയ്യേറ്റം നടത്തിയിരിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ച പള്ളി അധികൃതരുടെ നടപടിക്കെതിരെ ചെറുവിരൽ അനക്കാൻ പോലും പാലായിലെ ഒരു രാഷ്ട്രീയ പാർട്ടിയും രാഷ്ട്രീയ നേതാവും തയ്യാറായിട്ടില്ല. ആകെ പ്രതികരിച്ചത് ബി ജെ പി ന്യൂനപക്ഷമോർച്ച പ്രസിഡൻ്റ് സുമിത്ത് ജോർജും കോൺഗ്രസ് (ഐ) നേതാവ് സാബു എബ്രാഹവും മാത്രമാണ്. ബാക്കിയുള്ളവർ തെറ്റിനെ തള്ളിപ്പറയാതെ പിന്തുണയ്ക്കുകയാണ്. തങ്ങൾ ചെയ്തത് ശരിയോയെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥരും അവരവരുടെ മന:സാക്ഷിയോട് ചോദിക്കണം. തങ്ങളിലേൽപ്പിച്ച കടമ നിർവ്വഹിക്കാൻ സാധിച്ചില്ലെന്നു സ്വയം ബോധ്യപ്പെട്ടാൽ തെറ്റായിപ്പോയിയെന്ന് മനസിലെങ്കിലും പറയണം. 
പള്ളി അധികൃതരുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. നിയമത്തെ കൈയ്യിലെടുക്കാൻ ആരെയും അനുവദിക്കാൻ പാടില്ല. അവർ ആരായിരുന്നാലും. നിയമത്തിന് വിധേയനായി കുരിശിലേറിയതാണ് യേശുക്രിസ്തു. ആ ക്രിസ്തുവിൻ്റെ പ്രതിപുരുഷന്മാരും ക്രിസ്തുശിഷ്യരും ചെയ്ത നടപടി ക്രൈസ്തവ വിരുദ്ധമാണ്. പള്ളി അധികൃതരുടെ നടപടിയെ തിരുത്താൻ സഭാനേതൃത്വം തയ്യാറാകണം. പാലായുടെ പാരമ്പര്യവും ക്രൈസ്തവരുടെ പാരമ്പര്യവും രാജ്യത്തെ നിയമത്തെ വെല്ലുവിളിച്ചു കൊണ്ടല്ല രൂപപ്പെട്ടത്. യഥാർത്ഥ വസ്തുതകൾ കണ്ടെത്തി ഉചിതമായ പ്രശ്ന പരിഹാരം ആണ് വേണ്ടത്. അതിന് സഭാ നേതൃത്വം വഴിതെളിക്കുമെന്ന് പ്രത്യാശിക്കാം.

Post a Comment

0 Comments