പാലാ: പഴയതലമുറയുടെ ഇഷ്ട ഭക്ഷണമായ പനമ്പൊടി തയ്യാറാക്കുന്നത് കാണാനും പ്രോത്സാഹിപ്പിക്കാനും മുൻകൈയ്യെടുത്ത് മാണി സി കാപ്പൻ എം എൽ എ. തൻ്റെ ചെറുപ്പകാലത്ത് രുചിയോടെ കഴിച്ചിരുന്ന പനമ്പൊടി തയ്യാറാക്കുന്നുണ്ടെന്നറിഞ്ഞ എം എൽ എ അന്ത്യാളത്ത് എത്തുകയായിരുന്നു. പോഷകസമൃദ്ധമായ നാടൻ ഭക്ഷണമാണ് പനമ്പൊടിയെന്ന് എം എൽ എ പറഞ്ഞു.. പനംകഞ്ഞി, പനംകുറുക്ക്, പനയട തുടങ്ങിയവ പഴയ തലമുറയുടെ ഇഷ്ട വിഭവങ്ങളായിരുന്നുവെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
അന്ത്യാളം റബ്ബർ ഉദ്പാദക സംഘത്തിൻ്റെ കീഴിലുള്ള ഫാർമേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് ഇപ്പോൾ പനമ്പൊടി തയ്യാറാക്കുന്നത്. ഏറെ സമയമെടുത്താണ് പനമ്പൊടി തയ്യാറാക്കുന്നത്. ലോക്ഡൗൺ വന്നതോടെ ആളുകൾക്കു സമയം ലഭിച്ചതോടെയാണ് പഴമയിലേയ്ക്കും പ്രകൃതിയിലേയ്ക്കും തിരിച്ചു പോകാൻ തീരുമാനിച്ചതെന്ന് കർഷകർ എം എൽ എ യോട് പറഞ്ഞു.
കുടപ്പന വെട്ടിയാണ് പനംമ്പൊടി തയ്യാറാക്കുന്നത്. 750 കിലോ പന ഇടിച്ചുണക്കി പനമ്പൊടിയാക്കിയപ്പോൾ നൂറു കിലോ കിട്ടി. വില കൊടുത്താണ് പന വാങ്ങിക്കുന്നതെന്ന് പനമ്പൊടി തയ്യാറാക്കാൻ നേതൃത്വം കൊടുക്കുന്ന ഔസേപ്പച്ചൻ വെള്ളിമൂഴയിൽ പറഞ്ഞു. ആവശ്യക്കാർ ഏറെയാണ്. 500 രൂപയ്ക്കാണ് ഒരു കിലോ പനമ്പൊടി വിൽക്കുന്നത്. കൂടുതൽ പനമ്പൊടി തയ്യാറാക്കി വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ.
ഔസേപ്പച്ചൻ വെള്ളിമൂഴയിൽ, ബേബിച്ചൻ കവിയിൽ, അനിൽ അനിൽസദനം, തൊമ്മച്ചൻ കല്ലാച്ചേരി, ഉല്ലാസ്, സിബി ഓടയ്ക്കൽ, ജോസ്, കുട്ടിച്ചൻ കല്ലാച്ചേരി, മാത്തുക്കുട്ടി വെള്ളിമൂഴയിൽ, സിബി എന്നിവർ പ്രസംഗിച്ചു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.