പാലാ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ദുരുപയോഗിച്ചുവെന്നു കാട്ടി ലഭിച്ച പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി വിവരങ്ങൾ ആരായാൻ വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തകൻ പാലാ ടൈംസിനോട് സ്ഥിരീകരിച്ചു.
മുത്തോലി പഞ്ചായത്തിലെ ഒരു യുവാവിനെതിരെയാണ് ചൈൽഡ് ലൈനിൽ ഇന്നലെ പരാതി ലഭിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ഏതാനും ആഴ്ചകളായി സംഭവം സംബന്ധിച്ചു നാട്ടിൽ സംസാരം ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
കുട്ടിയുടെ വീടിനടുത്തുള്ള യുവാവ് അയൽപക്ക സൗഹൃദം മുതലെടുക്കുകയായിരുന്നുവെന്നാണ് നാട്ടിൽ പരക്കെയുള്ള സംസാരം. പിന്നീട് ഇത് ദുരുപയോഗത്തിലേയ്ക്കു വഴിമാറുകയായിരുന്നുവെന്നും പറയപ്പെടുന്നു.
അന്വേഷണത്തിനെത്തിയപ്പോൾ വിദ്യാർത്ഥിനി വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകൻ നൽകുന്ന വിവരം. കുട്ടിയുടെ പ്രായം സംബന്ധിച്ചു സംശയമുള്ളതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു വിവരം കൈമാറാനാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ തീരുമാനമെന്നും അറിയുന്നു. കമ്മിറ്റിയുടെ തീരുമാനപ്രകാരമാകും തുടർ നടപടികൾ എന്നും അറിയുന്നു.
സാമൂഹ്യ മേഖലയുമായി ബന്ധപ്പെട്ടു സജീവമായി പ്രവർത്തിക്കുന്ന കുടുംബമാണ് യുവാവിൻ്റേത്. അതുകൊണ്ടാണ് ഏതാനും മാസം മുമ്പ് നടന്ന സംഭവം പുറത്തുവരാത്തതെന്നും നാട്ടുകാർ ആരോപിക്കുന്നു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.