മൂന്നിലവ്: പേമാരിയെത്തുടർന്നു വാർക്കത്തൂണുകൾ ഒലിച്ചുപോയ ഞെടിഞ്ഞാൽ പാലത്തിൻ്റെ പണികൾ മാണി സി കാപ്പൻ എം എൽ എ യുടെ പരിശ്രമത്തെത്തുടർന്നു പുനരാരംഭിച്ചു. പാലത്തിൻ്റെ കോൺക്രീറ്റിംഗ് പണികളുടെ ഉദ്ഘാടനം മാണി സി കാപ്പൻ നിർവ്വഹിച്ചു. സർക്കാരിൻ്റെ കരുതൽ പാലായ്ക്കു ഗുണകരമാണെന്ന് എം എൽ എ പറഞ്ഞു.
രണ്ടു കോടി നാൽപ്പതു ലക്ഷം ചെലവൊഴിച്ചാണ് പാലം നിർമ്മിക്കുന്നത്. ജനുവരിയിൽ എഗ്രിമെൻ്റ് വച്ചുവെങ്കിലും പാലത്തിൻ്റെ ഡിസൈൻ സംബന്ധിച്ചുള്ള അനുമതി ലഭിക്കാൻ വൈകി. അനുമതി ലഭിച്ച ശേഷം തട്ടടിച്ചു കമ്പിപ്പണിയും പൂർത്തീകരിച്ചു. വാൽക്കാൻ നിശ്ചയിച്ചിരുന്നതിൻ്റെ തലേന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇവ ഒലിച്ചുപോയതോടെ പണി അനിശ്ചിതത്വത്തിലായി. തുടർന്നു മാണി സി കാപ്പൻ എം എൽ എ മുൻകൈയെടുത്ത് മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും സന്ദർശിച്ചു നടപടി ക്രമങ്ങൾ വേഗത്തിലാക്കിയതോടെ വീണ്ടും തട്ടടിച്ചു വാർക്കയ്ക്കു സജ്ജമാക്കുകയായിരുന്നു. മൂന്നു റീച്ചായിട്ടാണ് പാലത്തിൻ്റെ പണികൾ പൂർത്തീകരിക്കുന്നത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കൊപ്പം സി പി എം ലോക്കൽ സെക്രട്ടറി എ വി സാമുവൽ, ഔസേപ്പച്ചൻ വലിയവീട്ടിൽ, കെ ഒ ജോർജ്, ഉണ്ണി മുട്ടത്ത് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.