Subscribe Us



പെട്രോൾ ആക്രമണം: പ്രതി ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയതായും ആക്ഷേപം

കടനാട്: പഞ്ചായത്ത് പ്രസിഡൻ്റിനെതിരെയടക്കം ആസിഡ്  ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ആക്ഷേപം. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസിൽ പെട്രോളൊഴിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഹെഡ് ക്ലർക്ക് സുനിൽകുമാർ ആസിഡൊഴിക്കുമെന്ന് സംഭവത്തിനിടെ ഭീഷണിപ്പെടുത്തിയതായി പ്രസിഡൻ്റ് ജയ്സൺ പുത്തൻകണ്ടം വെളിപ്പെടുത്തി.

പത്തോളം ജീവനക്കാരുടെ ജീവൻ അപഹരിക്കാൻ ലക്ഷ്യമിട്ട പെട്രോൾ ഒഴിക്കൽ സംഭവത്തിലെ പ്രതിയായ സുനിൽകുമാറിനെ വീട്ടുകാർക്കൊപ്പം പറഞ്ഞയച്ച പോലീസ് നടപടിയെത്തുടർന്നു തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ജീവനക്കാർ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ജീവനക്കാരുടെ നിവേദനത്തെ തുടർന്നു ജീവനക്കാർക്കു സംരക്ഷണം നൽകാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടം മേലുകാവ് പോലീസിൽ പരാതി നൽകി.

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ ഒഴിച്ചു പരാക്രമം നടത്തുന്നതിനിടെ സുനിൽകുമാർ വധഭീഷണി മുഴക്കിയതായും പരാതിയിൽ പറയുന്നു. വനിതാ ഹെഡ് ക്ലർക്കിൻ്റെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം വധഭീഷണി മുഴക്കിയതായും പരാതിയിൽ ഉണ്ട്.

കൃത്യമായി ജോലിക്കു ഹാജരാകാതിരുന്ന സുനിൽകുമാറിനെതിരെ പഞ്ചായത്ത് നടപടി സ്വീകരിക്കുമെന്നറിഞ്ഞതിനെ തുടർന്നാണ് പെട്രോൾ ആക്രമണം നടത്തിയതെന്ന് പ്രസിഡൻ്റ് പറഞ്ഞു.

Post a Comment

0 Comments