പാലാ: നഗരത്തിൽ ആദ്യമായി നിർമിക്കുന്ന തൂക്കുപാലത്തിന്റെ പണികൾ മാണി സി കാപ്പൻ എം എൽ എ വിലയിരുത്തി. ഗ്രീൻ ടൂറിസം പദ്ധതിയിൽപ്പെടുത്തി നഗരം സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായാണ് പാലായിൽ തൂക്കുപാലം നിർമിക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ പദ്ധതി പ്രവർത്തനസജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മാണി സി കാപ്പൻ എംഎൽഎ പറഞ്ഞു.
നഗരഹൃദയത്തിൽ മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ്സ്റ്റാൻഡിനു സമീപമാണ് തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം തയ്യാറാക്കുന്നത്. പാലത്തിനുപുറമെ അമിനിറ്റി സെന്ററും പാർക്കും നടപ്പാതയും നിർമിക്കും. ഗ്രീൻ ടൂറിസം പ്രോജക്ടിന്റെ ഇൻഫർമേഷൻ സെന്ററും ഇവിടെയുണ്ടാകും. മൂന്നുമാസത്തിനകം പദ്ധതി പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്. ടൗൺ ബസ്സ്റ്റാൻഡിൽനിന്നാണ് പാലത്തിലേക്കുള്ള പ്രവേശനം. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെ മാതൃകയിലാണ് പാലത്തിന്റെ പ്രവേശകവാടം ഒരുക്കുന്നത്.
രണ്ടുമീറ്റർ വീതിയും 30 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. മീനച്ചിലാറിനോടും ളാലം തോടിനോടും ചേർന്നുള്ള മുനിസിപ്പാലിറ്റിവക സ്ഥലം കെട്ടിയെടുത്താണ് പാർക്കും ഉദ്യാനവും ഇൻഫർമേഷൻ സെന്ററും നിർമിക്കുന്നത്. 60 ശതമാനം നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും നടക്കാനായി വാക്ക്വേയും തയ്യാറാക്കും. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യൂ പോയിന്റുമുണ്ടാകും.
പാലത്തിന്റെയും പാർക്കിന്റെയും മനോഹാരിത വർധിപ്പിക്കാനായി രാത്രിയിൽ പ്രത്യേക ലൈറ്റ് സംവിധാനവും ഒരുക്കും. സായാഹ്നങ്ങൾ ചെലവഴിക്കാനും കുട്ടികൾക്ക് ഉല്ലാസസ്ഥലമൊരുക്കാനും ഉതകുംവിധമാണ് പദ്ധതി. വർഷങ്ങൾക്ക്മുമ്പ് നിർമ്മാണം ആരംഭിച്ചിരുന്നെവെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം പണികൾ മന്ദഗതിയിലായിരുന്നു. എന്നാൽ മാണി സി കാപ്പൻ എംഎൽഎ പ്രഥമ പരിഗണന നൽകി പദ്ധതി ഊർജ്ജിതമായി പൂർത്തീകരിക്കാനാണ് നടപടിയെടുത്തിരിക്കുന്നത്. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല്, മാർമല എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം, തങ്ങൾപാറ തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികൾക്ക് പുതിയ അമിനിറ്റി സെന്റർ ഉപകാരപ്രദമാകും.
ഗ്രീന്‍ ടൂറിസം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജു ജോസ്, പ്രൊജക്ട് എന്‍ജിനീയര്‍ ശ്രീജിത്ത് പി എസ്, നഗരസഭ കൗൺസിലർ ബിനു പുളിക്കക്കണ്ടം എന്നിവര്‍ മാണി സി കാപ്പൻ എംഎൽഎ യൊടൊപ്പം ഉണ്ടായിരുന്നു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.