പാലാ : ജനറല്‍ ആശുപത്രിയിലേക്ക് ആദ്യമായി കോവിഡ്-19 രോഗബാധിതരെ എത്തിച്ചു തുടങ്ങി. 9 ഓളം കോവിഡ് രോഗികളെ ചികിത്സയ്ക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇന്ന് കൂടുതല്‍ പേരെ പ്രവേശിപ്പിക്കുമെന്നാണ് അറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെയും ജില്ലാ ആശുപത്രിയിലെയും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെയാണ് പാലാ ജനറല്‍ ആശുപത്രിയിലേക്ക് രോഗബാധിതരെ എത്തിച്ചത്.
അതീവ സുരക്ഷിതമായ ചികിത്സാ സൗകര്യങ്ങളാണ് ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളതെന്നും പൊതുജനത്തിന് ആശങ്ക വേണ്ടെന്നും ആശുപത്രി സൂപ്രണ്ട് ഡോ. അഞ്ജു സി. മാത്യു അറിയിച്ചു. രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട് എന്നതുകൊണ്ട് പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാലായിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ഒരു തരത്തിലുമുള്ള ആശങ്കയും വേണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സൂപ്രണ്ട് അറിയിച്ചു. കോവിഡ് പ്രാഥമിക തല ചികിത്സാ കേന്ദ്രം എന്ന നിലയില്‍ നൂറോളം കിടക്കകളാണ് പാലാ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്. 6 ഡോക്ടര്‍മാരും 12 നേഴ്‌സുമാരും അടങ്ങുന്ന പ്രത്യേകസംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. ആശുപത്രി പരിസരം ഇന്ന് മുതല്‍ അതീവസുരക്ഷാ മേഖലയാണ്. ആശുപത്രിയുടെ പുതിയ ബ്ലോക്കിലേക്കും പരിസരത്തേക്കും പൊതുജനത്തിന് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 5 സെക്യൂരിറ്റി ജീവനക്കാരുടെ നിയന്ത്രണത്തിലാകും ഈ പരിസരം.
ജനറല്‍ ആശുപത്രിയില്‍ കോവിഡ് 19 രോഗികള്‍ക്കു ചികിത്സ നല്‍കുന്നതിനുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായി മാണി സി. കാപ്പന്‍ എംഎല്‍എ അറിയിച്ചു. ആശുപത്രി അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരുമായി എംഎല്‍എ സ്ഥിതിഗതികള്‍ വിലയിരുത്തി. കോവിഡ് പ്രാഥമികതല ചികിത്സാ കേന്ദ്രമെന്ന നിലയില്‍ 50-ല്‍ പരം കിടക്കകളാണ് ആദ്യഘട്ടത്തില്‍ ജനറല്‍ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളത്.
ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, നേഴ്‌സിംഗ് അസിസ്റ്ററ്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് ചികിത്സയുടെ ഭാഗമായി പാലായില്‍ എത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. അതീവ സുരക്ഷ സംവീധാനങ്ങളോടെയാണ് രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇതിനാല്‍ പാലായിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എംഎല്‍എ പറഞ്ഞു. ആശുപത്രിയുടെ പുതിയ കെട്ടിടത്തിലാണ് കോവിഡ് ചികിത്സയ്ക്കുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.